നിയന്ത്രണംവിട്ട പാഴ്സൽ ലോറിയിടിച്ച് കാറുകൾ തകർന്നു
1572282
Wednesday, July 2, 2025 7:29 AM IST
തലയോലപ്പറമ്പ്: വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം നിയന്ത്രണംവിട്ട പാഴ്സൽ ലോറി എതിരേ വന്ന രണ്ടു കാറുകളിലിടിച്ചുണ്ടായ അപകടത്തിൽ ഇരു കാറുകളും ഭാഗികമായി തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം.
എറണാകുളത്തുനിന്നു മരുന്നുകളുമായി മൂന്നാറിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരം കുറക്കട സ്വദേശി പ്രവീൺ ഓടിച്ചിരുന്ന പാഴ്സൽ ലോറിയാണ് കാറുകളുമായി കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് ഏറ്റുമാനൂർ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ഏറ്റുമാനൂർ സ്വദേശി ബിജോയ് ഓടിച്ച കാറിനും ആപ്പാഞ്ചിറയിൽനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ആപ്പാഞ്ചിറ സ്വദേശി വിഷ്ണു ഓടിച്ചിരുന്ന കാറിനും സാരമായ കേടുപാടു സംഭവിച്ചു.
പാഴ്സൽ ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പറയപ്പെടുന്നു. അപകടത്തെത്തുടർന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പോലീസെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.