കൈക്കുഞ്ഞുമായി ഇതര സംസ്ഥാന യുവതി; സംശയം തോന്നിയ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു
1571995
Tuesday, July 1, 2025 10:45 PM IST
മുണ്ടക്കയം: കൈക്കുഞ്ഞുമായി അന്യസംസ്ഥാന യുവതിയെ കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൈക്കുഞ്ഞുമായി മുണ്ടക്കയം ടൗണിലൂടെ കറങ്ങിനടന്ന യുവതിയെ സംശയം തോന്നിയതിനെത്തുടർന്നാണ് നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചത്.
ടൗണിലൂടെ നടന്ന യുവതിയുടെ കൈയിലിരുന്ന് കുഞ്ഞ് ഏറെ നേരമായി കരയുന്നത് ചിലർ ശ്രദ്ധിച്ചു. വിവരങ്ങൾ ചോദിക്കാൻ ശ്രമിച്ചതോടെ ഭാഷ വശമില്ലാത്ത ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് നാട്ടുകാർ മുണ്ടക്കയം പോലീസിനെ വിവരമറിയിക്കുന്നത്.
പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി വിവരങ്ങൾ ആരാഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി കഴിഞ്ഞ ഒരു വർഷമായി കാഞ്ഞിരപ്പള്ളിയിലാണ് ജോലി നോക്കിയിരുന്നത്. ഭർത്താവ് മരിച്ച യുവതി കാഞ്ഞിരപ്പള്ളിയിലെ ജോലി നഷ്ടമായതോടെ മുണ്ടക്കയത്ത് ജോലി അന്വേഷിച്ചുവന്നതാണെന്നും സഹോദരനോടൊപ്പമാണ് കഴിയുന്നതെന്നും പോലീസിനോട് പറഞ്ഞു.
പോലീസ് സഹോദരനെ വിളിച്ചുവരുത്തി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിയെയും കുഞ്ഞിനെയും സഹോദരനൊപ്പം വിട്ടയച്ചു.