എഒഎംഎസ്ഐ പ്രതിഷേധിച്ചു
1572033
Wednesday, July 2, 2025 12:04 AM IST
കോട്ടയം: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറിക്കും മുഖസൗന്ദര്യ ശസ്ത്രക്രിയയ്ക്കും എംഡിഎസ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്ജന്മാര്ക്ക് അധികാരമുണ്ടെന്ന് അസോസിയേഷന് ഓഫ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ കേരള ശാഖ.
എംഡിഎസ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്ജന്മാര്ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കും മുഖസൗന്ദര്യ ശസ്ത്രക്രിയകള്‍ക്കും യോഗ്യതയില്ലെന്ന തെലുങ്കാന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിൽ എഒഎംഎസ്ഐ കേരള ശക്തമായി പ്രതിഷേധിച്ചു. തെലുങ്കാന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റായസന്ദേശം പരത്താന്‍ ഇടയാക്കി.
എംഡിഎസ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്ജന്മാര്ക്ക് ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറിയും ഹെയര്‍ ട്രാന്‍സ്പ്ലാന്റും ചെയ്യാനുള്ള നിയമപരമായും ശാസ്ത്രീയമായും പഠനമികവുള്ളവരാണെന്ന് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡിസിഐ) വ്യക്തമാക്കിയിട്ടുണ്ട്. കേരള ഡെര്മറ്റൊളജി അസോസിയേഷന് (ഐഎഡിവിഎല്‍) സംസ്ഥാന ശാഖയും ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയതാണ്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍എംസി) മാര്‍ഗരേഖകള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധികാരപരിധിയില്‍പ്പെടുന്ന എംഡിഎസ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്ജന്സിന് ബാധകമല്ലെന്ന് എഒഎംഎസ്ഐ കേരള വ്യക്തമാക്കി.
ലക്ഷക്കണക്കിന് ഹെയര്‍ട്രാന്‍സ്പ്ലാന്റ് നടത്തിയിട്ടുള്ള എംഡിഎസ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്ജന്മാരെ അപൂര്വസംഭവങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുന്ന് ശരിയല്ലെന്നും എഒഎംഎസ്ഐ കേരള ആരോപിച്ചു. പത്രസമ്മേളനത്തില്‍ എഒഎംഎസ്ഐ കേരള പ്രസിഡന്റ് ഡോ. എൽദോ മര്‍ക്കോസ്, സെക്രട്ടറി ഡോ. എം. മുരളികൃഷ്ണന്, ഡോ. ഈപ്പന് തോമസ് എന്നിവര്‍ പങ്കെടുത്തു.
ആശങ്കപ്പെടേണ്ടതില്ല
തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടാതെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറിക്കും മുഖസൗന്ദര്യ ശസ്ത്രക്രിയയ്ക്കും എംഡിഎസ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്ജന്മാരെ സമീപിക്കാമെന്നും അംഗീകാരമില്ലാതെയും നിയമവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എഒഎംഎസ്ഐ കേരള പറഞ്ഞു.