ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിനെതിരേ എംജിയില്‍ പ്രതിഷേധജ്വാല
1572275
Wednesday, July 2, 2025 7:29 AM IST
കോട്ടയം: പന്ത്രണ്ടാം ശമ്പളപരിഷ്കരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരേ എംജി യൂണിവേഴ്സിറ്റിയില്‍ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനവും പ്രതിഷേധജ്വാല തെളിക്കലും നടത്തി.
ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്ഗനൈസേഷന് എല്ലാ യൂണിവേഴ്സിറ്റികളിലും നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു സമരം. വര്‍ധിച്ചുവരുന്ന ഉപഭോക്തൃ വിലസൂചികയ്ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്ത നിലവില്‍ ആറു ഗഡുക്കളായി 18 ശതമാനം കുടിശികയാണ്.
2021 നുശേഷം അനുവദിച്ച മൂന്നു ഗഡു ക്ഷാമബത്തയില്‍ 117 മാസത്തെ കുടിശിക നിഷേധിച്ചിരിക്കുന്നു. 2019-ലെ ശമ്പളപരിഷ്കരണ കുടിശികയുടെ 50 ശതമാനം ഇനിയും അനുവദിക്കാനുണ്ട്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ സമസ്തമേഖലകളിലും ജനങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു നയസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും എംപ്ലോയീസ് യൂണിയന് കുറ്റപ്പെടുത്തി.
ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എന്‍. മഹേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് എന്‍.എസ്. മേബിള്‍ അധ്യക്ഷത വഹിച്ചു. എന്‍. നവീന്‍, എസ്. പ്രമോദ്, കെ.വി. അരവിന്ദ്, കെ.ബി. പ്രദീപ്, വി.ആര്. ഗായത്രി, ജെ. ഐസക്, ഫാത്തിമ എ. വഹാബ് എന്നിവര്‍ പ്രസംഗിച്ചു.