കുറുപ്പന്തറ, കല്ലറ പ്രദേശങ്ങളിൽ മോഷണം വ്യാപകം
1572277
Wednesday, July 2, 2025 7:29 AM IST
കടുത്തുരുത്തി: കുറുപ്പന്തറ, കല്ലറ പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കുറുപ്പന്തറ ശനീശ്വര ക്ഷേത്രത്തിലും സമീപത്തെ വാണിയങ്കാവ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലും മോഷണം നടന്നു.
ശനീശ്വര ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന 46,133 രൂപ മോഷ്ടാവ് കവര്‍ന്നു. ശനീശ്വര ക്ഷേത്രത്തിന്റെയും ഗണപതി, ഭദ്രകാളി എന്നീ ഉപദേവതാ ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളുടെ താഴുകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങളോ വിലപിടപ്പുള്ള വിളക്കുകളോ ഓട്ടുപാത്രങ്ങളടക്കമുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.
വാതിലുകളുടെ പൂട്ടുകള്‍ സമീപത്തുനിന്നുതന്നെ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രകാര്യദര്‍ശി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍തന്നെ കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിന്റെ ശ്രീകോവില്‍, സ്റ്റോര്‍, തിടപ്പള്ളി എന്നിവയുടെ താഴ് തകര്‍ത്താണ് മോഷണം നടത്തിയത്. ഭണ്ഡാരങ്ങളില്‍നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാത്രങ്ങള്‍, വിളക്ക്, സ്വര്‍ണാഭരണം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചാലേ അറിയാന്‍ കഴിയൂവെന്ന് കുടുംബക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ഓമല്ലൂര്‍ നരിതൂക്കിയില്‍ പൂവക്കുളത്ത് കുടുംബത്തിന്റേതാണ് ഈ ക്ഷേത്രം. പോലീസിനൊപ്പം കോട്ടയത്തുനിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്, ഏഴ് തീയതികളിലായി ശനീശ്വര ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവത്തിനായി ശേഖരിച്ചുവച്ചിരുന്ന തുകയാണ് മോഷണം പോയത്.
കല്ലറ പഞ്ചായത്തിലെ കുരിശുപള്ളി ജംഗ്ഷന് ഭാഗത്ത് കല്ലറ-കോട്ടയം റോഡിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും മോഷണവും മോഷണശ്രമങ്ങളും വ്യാപകമാകുന്നതായി പരാതി. ജംഗ്ഷനോടു ചേര്‍ന്നുള്ള മറ്റക്കാട്ടുപറമ്പില്‍ പ്രണിന്‍ രാജിന്റെ വീട്ടില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്ക് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. ഹെല്‍മെറ്റ് ധരിച്ചെത്തിയ മൂന്നുപേര്‍ ചേര്‍ന്നാണ് വാഹനം കടത്തിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ലാബില്‍ താഴ് കുത്തിത്തുറക്കാനുള്ള ശ്രമം നടന്നിരുന്നു. താഴ് തുറക്കാനുപയോഗിച്ച താക്കോല്‍ താഴിനുള്ളില്‍ വച്ച് ഒടിഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ചു. രണ്ടാഴ്ച മുമ്പ് ജംഗ്ഷനിലുള്ള കല്ലറ പാണ്ഡവര്‍കുളങ്ങര ഭഗവതീ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയുടെ താഴ് തകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നിരുന്നു. കുരിശുപള്ളി ജംഗ്ഷനിലുള്ള ഒരു ബേക്കറിയില്‍ മോഷണം നടന്നതും രണ്ടാഴ്ച മുമ്പാണ്.
കടുത്തുരുത്തി പോലീസിന്റെ നൈറ്റ് പട്രോളിംഗില്‍ കല്ലറ പഞ്ചായത്തിനെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും കല്ലറ പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു. 30 ലക്ഷത്തിലധികം രൂപ മുടക്കി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 14 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ കണ്ടെത്തുന്നതിന് സഹായകരമാകാത്ത അവസ്ഥയിലാണെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.