സാംക്രമിക രോഗപ്രതിരോധത്തിനായി വെച്ചൂരിൽ അപരാജിത ധൂപചൂർണം പുകയ്ക്കുന്നു
1572281
Wednesday, July 2, 2025 7:29 AM IST
വെച്ചൂർ: സാംക്രമികരോഗങ്ങൾക്കെതിരേ പ്രതിരോധം തീർക്കാൻ വെച്ചൂർ പഞ്ചായത്തിലെ 5,200 കുടുംബങ്ങളിൽ ഒരാഴ്ചക്കാലം അപരാജിത ധൂപചൂർണം പുകയ്ക്കും.
അന്തരീക്ഷത്തിലെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്ദ്രത കുറയ്ക്കാൻ അപരാജിത ധൂപചൂർണം പുകയ്ക്കുന്നതിലൂടെ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അപരാജിത ധൂപ ചൂർണം കുടുംബങ്ങൾക്ക് നൽകിവരുന്നു. ഡെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്ന മഴക്കാലത്ത് കൊതുകുകളെ തുരത്തുന്നതിനും അപരാജിത ധൂപചൂർണ്ണം പുകയ്ക്കാം.
മൺപാത്രത്തിലോ ചിരട്ടയിലോ കനലിട്ട് വെളുത്തുള്ളി, മഞ്ഞൾ, കടുക്, കുന്തിരിക്കം, വേപ്പ് ഇവ ലഭ്യതയനുസരിച്ച് ചൂർണത്തിന്റെകൂടെ പുകയ്ക്കാവുന്നതാണ്. അപരാജിത ധൂപചൂർണം പുകയ്ക്കുന്ന ധൂപസന്ധ്യ പദ്ധതിയുടെ വെച്ചൂർ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ നിർവഹിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ, ഡോ. നീലിമ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, സ്വപ്ന മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.