നേരേകടവ്-മാക്കേക്കടവ് പാലം : നേരേകടവിലെ പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിംഗ് നടത്തി
1572279
Wednesday, July 2, 2025 7:29 AM IST
വൈക്കം: ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് - മാക്കേക്കടവ് കായൽ പാലത്തിന്റെ നിർമാണത്തോടനുബന്ധിച്ചു നേരേകടവിലെ ലാൻഡിംഗ് സ്പാനിന്റെ പൈൽ ക്യാപ്പ് കോൺക്രീറ്റിംഗ് നടത്തി. 22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തായി47.16 മീറ്റർ നീളമുള്ള രണ്ടു നാവിഗേഷൻ സ്പാനും 35.76 മീറ്റർ നീളമുള്ള നാലു സ്പാനും 35.09 മീറ്റർ നീളമുള്ള 16 സ്പാനുകളുമാണുള്ളത്.
പാലത്തിന്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ സമീപ റോഡുകളുമുണ്ട്. കൂടാതെ രണ്ടുവശങ്ങളിലായി ഇരുകരകളിലും സർവീസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരേകടവ് - മാക്കേക്കടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട നൂറാമത്തെ കോൺക്രീറ്റിംഗ് ജോലികളാണ് ഇന്നലെ പൂർത്തീകരിച്ചത്.
പൈൽക്യാപ്പ് കോൺക്രീറ്റിംഗിന് ആദ്യചട്ടി കോൺക്രീറ്റിട്ട് സി.കെ. ആശ എംഎൽഎ നിർമാണ ജോലികൾക്ക് ആരംഭം കുറിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി. അനൂപ് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ പുഷ്കരൻ, സാബു പി. മണലൊടി എന്നിവരും എംഎൽഎ യ്ക്കൊപ്പമുണ്ടായിരുന്നു.