പാലാ ജനറല്‍ ആശുപത്രിയിലെ റേഡിയോ ഡയഗ്നോസ്റ്റിക്സിൽ 12 കോടിയുടെ പദ്ധതി
1572296
Wednesday, July 2, 2025 10:41 PM IST
പാലാ: പാലാ കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയിൽ റേഡിയോ ഡയഗ്നോസ്റ്റിക്സില്‍ അതിനൂതന സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയതായി ജോസ് കെ. മാണി എംപി. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ആര്‍ജിസിബി ഡയറക്ടറുമായും നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ജോസ് കെ. മാണി പറഞ്ഞു.
റേഡിയോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളായ സിടി സ്കാനര്‍ കം സ്റ്റിമുലേറ്റര്‍, അള്‍ട്രാസൗണ്ട് സ്കാനര്‍ ഉള്‍പ്പടെ 12 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പാലാ ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥാപിച്ചിരിക്കുന്ന സ്പെഷാലിറ്റി ലാബോറട്ടറിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് നൂതന സാങ്കേതിക ഡയഗ്നോസ്റ്റിക്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. പാലായില്‍ ഡയഗ്നോസ്റ്റിക്സ് സൗകര്യം ലഭ്യമാകുന്നതോടെ ജില്ല ഉള്‍പ്പെടെയുള്ള മലയോരപ്രദേശങ്ങളിലെ കാന്‍സര്‍ രോഗികള്‍ക്കും മറ്റു രോഗികള്‍ക്കും വളരെ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാകും.
പാലാ ജനറല്‍ ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍നിന്നു 2.45 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.
360 ഡിഗ്രി മെറ്റബോളിക് സെന്റര്‍
ഉദ്ഘാടനം ഇന്ന്
പാലാ: വിവിധ രോഗങ്ങളുടെ പരിശോധനകള്‍ ഒറ്റ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിന് പാലാ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഒരുങ്ങുന്നു. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് ഐഎച്ച്എം പദ്ധതിയില്‍ നടപ്പാക്കുന്ന 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ ഇന്നു രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും. പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ടെസ്റ്റുകളും പരിശോധനകള്‍ക്കുമായി വിവിധ കേന്ദ്രങ്ങളിലെത്തി കാത്തുനില്ക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം.