വാഴൂർ എൻഎസ്എസ് കോളജിൽ റൂസ പ്രോജക്ട് മന്ദിരോദ്ഘാടനം ഇന്ന്
1572308
Thursday, July 3, 2025 12:05 AM IST
വാഴൂർ: എസ്വിആർ എൻഎസ്എസ് കോളജിൽ റൂസ പ്രോജക്ട് മന്ദിരോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ. സുധീർ, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, പഞ്ചായത്തംഗം സൗദ ഇസ്മയിൽ, പ്രിൻസിപ്പൽ ഡോ. ബി. ഗോപകുമാർ, എസ്. ശ്രീകല, ബി. ബബിൻ, ഡോ. കെ.എൻ. പ്രീതി, ടി.പി. ശ്രീനിവാസ്, വി. സിന്ധു തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടു കോടി രൂപയുടെ പദ്ധതിയാണ് റൂസയിൽ വാഴൂർ കോളജിൽ നടപ്പാക്കുന്നത്. നിലവിൽ പൂർത്തീകരിച്ച കെട്ടിടത്തിൽ കംപ്യൂട്ടർ ലാബും ക്ലാസ് മുറികളും സജ്ജീകരിച്ചു. കോളജിൽ മറ്റ് അടിസ്ഥാനസൗകര്യ വികസനവും റൂസ പദ്ധതിയുടെ ഭാഗമായുണ്ട്. രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ 60 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരിന്റെ 40 ശതമാനം ഫണ്ടുമാണ് വിനിയോഗിക്കുന്നത്.