പുതിയ ബസ് വന്നാലും പഴയ ഓര്‍ഡിനറിക്ക് മാറ്റമില്ല
1572319
Thursday, July 3, 2025 12:05 AM IST
കോട്ടയം: കെഎസ്ആര്‍ടിസി നിലവില്‍ ഓടിക്കുന്ന 1200 ബസുകള്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ രജിസ്ട്രേഷനില്ല. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ ഇപ്പോഴും നിരത്തിലുണ്ട്. ഇക്കൊല്ലം പുതുതായി നാനൂറിലേറെ പുതിയ ബസുകള്‍ എത്തിയശേഷം കാലപ്പഴക്കം ചെന്നത് ഓട്ടം നിറുത്തുമോ എന്നതില്‍ വ്യക്തതയില്ല. പഴയ ബസുകള്‍ പിന്‍വലിച്ചാല്‍ നിലവില്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചറുകള്‍ ഓര്ഡിനറികളായി മാറ്റേണ്ടിവരും. 12 വര്‍ഷത്തിലേറെ പഴക്കമുള്ളവ ലിമിറ്റഡ് സ്റ്റോപ്പ് ഓര്ഡിനറികളായി കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളില്‍ ഓടിക്കുന്നുണ്ട്.
ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 80 പുതിയ മോഡല്‍ ബസുകള്‍ നിരത്തിലെത്തും. ഇവയില്‍ 60 എണ്ണം സൂപ്പര്‍ ഫാസ്റ്റ്, 20 എണ്ണം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളായിരിക്കും. സ്വിഫ്റ്റ് കമ്പനിയായിരിക്കും ഇവയുടെ നടത്തിപ്പ്. ടാറ്റയുടെ ഷാസിയില്‍ എസിജിഎല്‍ കമ്പനിയാണ് പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ബോഡി നിര്‍മിക്കുന്നത്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഇതേ മാതൃകയിലുള്ള കൂടുതല്‍ ബസുകള്‍ കേരളത്തിലേക്ക് എത്തും.