ശ്യാമും ജോയലും കണ്ടു; നടുക്കുന്ന ആ കാഴ്ച
1572650
Friday, July 4, 2025 4:30 AM IST
ഗാന്ധിനഗര്‍: അടുത്തടുത്ത കട്ടിലുകളില്‍ കിടന്ന് സംസാരിച്ചുകൊണ്ടിരിക്കെ ശ്യാം സുബിനും ജോയലും ആ കാഴ്ച കണ്മുന്പില് കണ്ടു. കൂറ്റന്‍ അലമാര നിലംപൊത്തുന്നപോലെ പതിനാലാം വാര്‍ഡിനോടു ചേര്‍ന്ന ടോയ്ലറ്റ് ചെരിഞ്ഞുമറിയുന്നു. പിന്നാലെ വലിയൊരു ശബ്ദവും. സംഭവിച്ചതോ തോന്നിയതോ എന്നറിയാന്‍ കട്ടിലില്‍നിന്ന് ഇറങ്ങി നോക്കുമ്പോള്‍ ശൗചാലം ഇരുന്ന കെട്ടിടം അവിടെയില്ല. ഉദരസംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ ഇരുവരും ഭയന്ന് പുറത്തേക്ക് ഓടി.
ശ്യാമിന്റെ അമ്മ അഗിയും ജോയലിന്റെ അമ്മ ആനന്ദയും കൂടെ ഓടി. തിരികെയെത്തുമ്പോള്‍ ശസ്ത്രിക്രിയ കഴിഞ്ഞുകിടക്കുന്ന രോഗികളുടെ നിലവിളി കേള്‍ക്കാം.
അവരെ അതിവേഗം പുറത്തെത്തിക്കാന്‍ ജീവനക്കാരുടെയും കൂട്ടിരിപ്പുകാരുടെയും തീവ്രശ്രമം നടക്കുന്നു. വയറുവേദന മറന്ന് ശ്യാമും ജോയലും വയോധികാരായ രോഗികളെ ട്രോളിയിലും സ്ട്രെച്ചറിലും പുറത്തെത്തിക്കാനുള്ള ശ്രമത്തില്‍ പങ്കുചേര്‍ന്നു. ഒളശ കോയിമാടത്ത് സുബിന്റെ മകനായ ശ്യാം ഒളശ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ജോയല്‍ എറണാകുളം കുമ്പളങ്ങി സ്വദേശിയും. മരിച്ച ബിന്ദു അപകടത്തിന് തൊട്ടുമുന്‍പ് കുളിമുറിയിലേക്ക് പോകുന്നത് ജോയലിന്റെ അമ്മ ആനന്ദ കണ്ടിരുന്നു.
ബിന്ദു അവിടേക്കു പോയിട്ടുണ്ടെന്നും തിരികെ വന്നിട്ടില്ലെന്നും ഉറ്റവരോടൊക്കെ ഇവര്‍ തീര്‍ച്ച പറഞ്ഞതോടെയാണ് തെരച്ചില്‍ ഊര്ജിതമാക്കാനിടയായത്. ബംഗളൂരുവില്‍ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയാണ് ജോയല്‍.
പതിനാലാം വാര്‍ഡില്‍ ഇവര്‍ കിടന്ന കട്ടിലിന് വിളിപ്പാടകലെയായിരുന്നു ശൗചാലയം. ഇവ രോഗികളും കൂട്ടിരിപ്പുകാരും രാപകല്‍ ഉപയോഗിച്ചിരുന്നതായും ആ ഭാഗത്ത് കൂട്ടിരിപ്പുകാര്‍ രാത്രി കിടക്കാറുണ്ടെന്നും തുണി ഉണങ്ങാനിടുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.