അധികാരികള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു
1572645
Friday, July 4, 2025 4:30 AM IST
കോട്ടയം: മെഡിക്കല്‍ കോളജില്‍ ഇടിഞ്ഞുവീണ കെട്ടിടത്തില്‍ രോഗികള്‍ ആരുമില്ലെന്നും ചെറിയ അപകടമാണെന്നും ഉപയോഗശൂന്യമായ സാമഗ്രികള്‍ തള്ളുന്ന ഭാഗമാണെന്നുമുള്ള മന്ത്രിമാരുടെയും ആശുപത്രി സൂപ്രണ്ടിന്റെയും വാദം തള്ളി രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും. കഴിഞ്ഞ ദിവസവും രാത്രി ഇവിടെ ഭക്ഷണം വിതരണം നടന്നതായും രോഗികളും കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നതായും ആശുപത്രി വികസന സമിതിയംഗവും നഗരസഭാ കൗണ്‍സിലറുമായ സാബു മാത്യു പറഞ്ഞു.
സ്ട്രെച്ചറും ട്രോളിയും ഉള്‍പ്പെടെ ഇവിടെയാണ് സൂക്ഷിക്കുന്നത്. ശുചിമുറിയിലെ ലൈറ്റുകള്‍ തെളിഞ്ഞാണ് കിടന്നിരുന്നതെന്നും സാബു മാത്യു പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ വിശ്രമിക്കാന്‍ ഇവിടെയാണ് എത്തുന്നതെന്നും രോഗികളും കൂട്ടിരുപ്പുകാരും വാര്ഡുകളിലുണ്ടായിരുന്നതായും വാര്‍ഡിനോടു ചേര്‍ന്നു കാപ്പിക്കട നടത്തുന്ന അനില പറഞ്ഞു.
വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ഈ സമയം വാര്‍ഡുകളില്‍നിന്ന് രോഗികളെ നീക്കം ചെയ്യുന്നതു കണ്ടെന്നും താനും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയെന്നും കുഴിമറ്റം സ്വദേശി ജോയി വാഴച്ചാല്‍ പറഞ്ഞു. ബന്ധുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍നിന്നു കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ജോയി. പല കാര്യങ്ങളിവും അധികൃതര്‍ കള്ളം പറയുകയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.