മാലിന്യനിക്ഷേപകേന്ദ്രം ഇനി മുതല്‍ മിനിപാര്‍ക്ക്
1572636
Friday, July 4, 2025 4:30 AM IST
കിടങ്ങൂര്‍: പഞ്ചായത്തിലെ കട്ടച്ചിറ ചെക്ക്ഡാം പരിസരം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും സാമൂഹ്യവിരുദ്ധ ശല്യങ്ങളിലൂടെയും നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസമായിരുന്ന പ്രദേശം ഇപ്പോള്‍ മീനച്ചിലാറിന്റെ മനോഹര തീരമായി മാറി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപയില്‍നിന്ന് അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചുള്ള ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ചെക്ക്ഡാമിന്റെ കിടങ്ങൂര്‍ പതിമൂന്നാം വാര്‍ഡിന്റെ ഭാഗം മനോഹരമാക്കിയത്.
ചെക്ക്ഡാമിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സംരക്ഷണഭിത്തികളും സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ചുള്ള വേലികളും ഗെയ്റ്റും സ്ഥാപിക്കുകയും ചെക്ക്ഡാമിലേക്കുള്ള നടപ്പാത കോണ്‍ക്രീറ്റിംഗ് നടത്തുകയും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ചെക്ക്ഡാമിലെ വെള്ളച്ചാട്ടം ദര്‍ശിക്കുന്നതിനായി സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുകയും ടൈല്‍ വിരിച്ച് പരിസരം മനോഹരമാക്കുകയും ചെയ്തു.
രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധശല്യങ്ങള് പൂര്‍ണമായും ഒഴിവാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍ ചെക്ക്ഡാമിന് മുമ്പില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രഫ. ഡോ. മേഴ്സി ജോണ്‍ മുഖേന അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സിസിടിവിയും സ്ഥാപിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതോടെ മാലിന്യം വലിച്ചെറിയുന്ന കേന്ദ്രമായിരുന്ന ചെക്ക്ഡാം പരിസരം മനോഹരമായ മിനിപാര്ക്കായി മാറി. വൈകുന്നേരങ്ങളില്‍ പരിസരവാസികള്‍ക്കും മറ്റും മീനച്ചിലാറിന്റെ കിടങ്ങൂര്‍ ചെക്ക്ഡാം ഭാഗത്തെ മനോഹാരിത ദര്‍ശിക്കാനുള്ള സുരക്ഷിതസ്ഥാനമായി ഈ ഭാഗം മാറി. രണ്ടാം ഘട്ടമായി ചെക്ക്ഡാമിന്റെ മറുകരയില്‍ പന്ത്രണ്ടാം വാര്‍ഡിന്റെ ഭാഗത്തും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മനോഹരമാക്കുന്നതാണ്.
കിടങ്ങൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന പുഴയോരം റെസിഡന്റ്സ് അസോസിയേഷനാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചത്.
ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ച മിനി പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിക്കും. പഞ്ചാത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അധ്യക്ഷനാകും.
പുഴയോരം റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റും ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ ബി. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഫ. ഡോ. മേഴ്സി ജോണ്‍, പഞ്ചായത്ത് മെമ്പര്‍ രശ്മി രാജേഷ് എന്നിവര്‍ പ്രസംഗിക്കും.