സഭാദിനത്തിൽ പാരമ്പര്യങ്ങളിൽ വിളങ്ങി കുറവിലങ്ങാട്ട് മെഗാ മാർഗംകളി
1572639
Friday, July 4, 2025 4:30 AM IST
കുറവിലങ്ങാട്: സഭാദിനത്തിൽ പാരമ്പര്യങ്ങളുണർത്തി കലാവിരുന്ന്. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ യുവജനങ്ങളാണ് പാരമ്പര്യത്തനിമ സമ്മാനിച്ച് സംഘശക്തിയിൽ തിളങ്ങിയത്.
മെഗാ മാർഗംകളി സമ്മാനിച്ചായിരുന്നു യുവതയുടെ വേറിട്ട ശ്രദ്ധ നേടൽ. എസ്എംവൈഎം യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷ സമാപനങ്ങളുടെ ആരംഭമായാണ് കലാവിരുന്നൊരുക്കിയത്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള നൂറോളം പേർ മാർഗംകളിയുടെ ഭാഗമായി. ദ്രുതപദചലനങ്ങളും സംഗീത മികവും പാരമ്പര്യത്തനിമയും സമ്മേളിച്ച കലാവിരുന്ന് ആസ്വദിക്കാൻ ആയിരത്തോളം പേരാണ് എത്തിയത്.
ദൈവമാതാവ് ഉയർത്തിനാട്ടിയ കൽക്കുരിശിനു സമീപമായിരുന്നു മെഗാ മാർഗംകളി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി മാർഗംകളിയുടെ ദീപം തെളിച്ച് സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ പൊയ്യാനി, അമല ആൻ ബെന്നി എന്നിവർ പ്രസംഗിച്ചു.