വലിയ ശബ്ദം; പിന്നാലെ നിലവിളി, കൂട്ടക്കരച്ചിൽ
1572652
Friday, July 4, 2025 4:30 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി പതിനാലാം വാര്‍ഡ് ഇടിഞ്ഞുവീണെന്ന വാര്‍ത്ത ഞെട്ടലോടെയാണു കേട്ടറിഞ്ഞത്. വാര്‍ഡ് അപ്പാടെ ഇടിഞ്ഞുവീണെന്ന് വാര്‍ത്തകള്‍ പരന്നു.
കൂട്ടനിലവിളി കേട്ട് സമീപ വാര്‍ഡുകളിലെ രോഗികളും കൂട്ടിരുപ്പുകാരും മെഡിക്കല്‍ കോളജ് ജീവനക്കാരുമാണ് പതിനാലാം വാര്‍ഡിലേക്ക് ഓടിയെത്തിയത്. അവരെത്തുമ്പോള്‍ ശുചിമുറി നടുമുറ്റത്തേക്ക് ഇടിഞ്ഞുവീണിരിക്കുന്നു.
ജീവനക്കാര്‍ ആദ്യം രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് സുരക്ഷിതമായി മാറ്റി. പോലീസും ഫയര്‍ഫോഴ്സും പാഞ്ഞെത്തി. തെള്ളകത്തെ മുഖ്യമന്ത്രിയുടെ അവലോകന യോഗ സ്ഥലത്തുനിന്ന് മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും സ്ഥലത്തെത്തി. നാലുഭാഗവും കെട്ടിടങ്ങളാല്‍ മറഞ്ഞ നടുമുറ്റത്തേക്കാണ് ശുചിമുറി ഭാഗം ഇടിഞ്ഞുവീണത്.
നടുമുറ്റം നിറയെ ചെടികളാണ്. ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും ഉപയോഗശൂന്യമായ കെട്ടിടത്തില്‍ ആരുമില്ലെന്നുമായിരുന്നു മന്ത്രിമാരുടെ വിശദീകരണം. എന്നാല്‍, ഇതേസമയം മണ്ണിനടിയില്‍ ആളുണ്ടെന്ന് പലരും പറഞ്ഞിരുന്നു. ഒടുവില്‍ രണ്ടര മണിക്കൂറിനുശേഷം മെഡിക്കല്‍ കോളജ് രണ്ടാം കവാടത്തിലൂടെ ചെറുമതിലുകളും നടകളും ഇടിച്ചുനിരത്തി അകത്തെത്തിച്ച മൂന്നു ഹിറ്റാച്ചികള്‍ അവശിഷ്ടങ്ങള്‍ മാറ്റിയാണ് ബിന്ദുവിന്റെ മൃതദേഹം പുറത്തെടുത്തത്.
രക്ഷാപ്രവര്‍ത്തനം വൈകിയതിനെ ചൊല്ലി നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഫയര്‍ഫോഴ്സ് അധികൃതരുമായി ബഹളമുണ്ടായി. പ്രതിഷേധം ശമിച്ചതിനുശേഷമാണ് അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങിയത്. ജനങ്ങളെ അകത്തേക്ക് കടത്താതെ പോലീസ് കയറുകെട്ടി വേര്‍തിരിച്ചിരുന്നു. ഈ സമയം മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലിരുന്നു കാര്യങ്ങള്‍ വിലിയിരുത്തി. സ്ഥലത്തെത്തിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും അനാസ്ഥയെ കുറ്റപ്പെടുത്തി. എംഎല്‍എമാരായ ചാണ്ടി ഉമ്മനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ക്ഷോഭത്തോടെയാണ് കുറ്റപ്പെടുത്തിയത്. ആളുകള്‍ ഉപയോഗിച്ചിരുന്ന കെട്ടിടം എങ്ങനെ ഉപയോഗശൂന്യമായ കെട്ടിടമാണെന്ന് പറയാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞെന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും ഇരുവരും പറഞ്ഞു.
കെട്ടിടത്തിന്റെ കാലപ്പഴക്കവും പൊട്ടിപ്പൊളിഞ്ഞതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ ഭൂരിഭാഗം നീക്കം ചെയ്തശേഷം മന്ത്രിമാര്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. പല നായീകരണങ്ങളും മന്ത്രിമാര്‍ നിരത്തിയെങ്കിലും ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ മന്ത്രിമാര്‍ക്ക് ഉത്തരം മുട്ടി. ഇതിനിടയില്‍ മെഡിക്കല്‍ കോളജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരപരിപാടികളും നടന്നു.
വൈകുന്നേരത്തോടെ മുഖ്യമന്ത്രിയും സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ ഓഫീസില്‍ അവലോകന യോഗം നടത്തി മുഖ്യമന്ത്രി പിരിയുമ്പോഴും പുറത്ത് പ്രതിഷേധം തുടര്‍ന്നു. റോഡില്‍ മുഖ്യമന്ത്രിയെ വിവിധ സംഘടനകള്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ആശുപത്രിയില്‍നിന്നു മടങ്ങിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മുഖ്യമന്ത്രി യെയും പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കെട്ടിടത്തിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു: മെഡി. കോളജ് പ്രിൻസിപ്പൽ
കോട്ടയം: കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് പൂര്‍ണമായും മാറുന്ന പ്രക്രിയ നടക്കുന്നതിനിടയിലാണ് 11, 14, 10 വാര്‍ഡുകളോടു ചേര്‍ന്നുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്. ഈ കോംപ്ലക്സിലേക്ക് 11, 14 വാര്‍ഡുകളില്‍നിന്നുള്ള പ്രവേശനം നിരോധിച്ചതും ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ വാര്‍ഡുകളിലെ കിടപ്പുരോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റുകയും ഐസിയു, ഓപ്പറേഷന് തിയറ്റര്‍ തുടങ്ങിയവ പുതുതായി പണികഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നെന്നും ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു.
ആറു വാര്‍ഡുകളിലെ രോഗികളെ പുതുതായി നിര്‍മിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റുമെന്നും അപകടം പറ്റിയ വാര്‍ഡ് പൂര്‍ണമായി അടയ്ക്കുമെന്നും മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും പറഞ്ഞു.