കടുത്തുരുത്തിയിൽ നാളെ ചരിത്രസെമിനാർ
1572901
Friday, July 4, 2025 7:13 AM IST
കടുത്തുരുത്തി: കടുത്തുരുത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കുംകൂര്‍ ഹിസ്റ്ററി പ്രമോഷന് സൊസൈറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ കടുത്തുരുത്തിയില്‍ വടക്കുംകൂര്‍ രാജ്യവും കടുത്തുരുത്തിയും എന്ന വിഷയത്തില്‍ സംസ്ഥാനതല ചരിത്രസെമിനാറും വടക്കുംകൂറിന്റെ ചരിത്രവും കടുത്തുരുത്തിയുമായുള്ള പൗരാണിക ബന്ധങ്ങളും വ്യക്തമാക്കാന്‍ കഴിയുന്ന വിധത്തില്‍ തയാറാക്കിയ ചരിത്രഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപനവും നടക്കും.
എഡി 1100 മുതല്‍ 1800 വരെ 700 വര്‍ഷക്കാലം വടക്കുംകൂര്‍ രാജ്യഭരണം നടത്തിയിരുന്നതായി പറയുന്നു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി പാരിഷ് ഹാളില്‍ രാവിലെ 11.30നു നടക്കുന്ന സെമിനാർ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ജസ്റ്റിസ് സിറിയക് ജോസഫ്, മുന്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ പി.ജേക്കബ്, സ്വാഗതസംഘം ചെയര്മാന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, വടക്കുംകൂര്‍ രാജവംശ കുടുംബാംഗം കെ.എസ്. സോമവര്മരാജ, സൂര്യകാലടിമനയിലെ സൂര്യന് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് എന്നിവര്‍ പ്രസംഗിക്കും.
സെമിനാറിനു മുന്നോടിയായി 10.30ന് ശില്പശാലയോടെ പരിപാടി ആരംഭിക്കും. മുന്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ പി. ജേക്കബ് വടക്കുംകൂര്‍ വിഷയാവതരണം നടത്തും. കേരള പ്രാദേശിക ചരിത്രപഠനസമിതി സംസ്ഥാന സെക്രട്ടറി രാജീവ് പള്ളിക്കോണം പ്രതികരണ പ്രഭാഷണം നടത്തും.
വലിയപള്ളി വികാരി ഫാ.ജോണ്സണ് നീലനിരപ്പേല്‍, കെ.ജി. രാജു ഐഎഎസ്, സണ്ണി എം. കപിക്കാട്, ശ്രീകുമാര്‍ തെക്കേടത്ത്, പ്രസാദ് ആരിശേരില്‍, ഡോ. വേണുഗോപാല്‍, എം.കെ. സാംബുജി, രാധാകൃഷ്ണപ്പണിക്കര്‍ ചന്ദ്രത്തില് എന്നിവര്‍ പ്രസംഗിക്കും.