ജുഡീഷല്‍ അന്വേഷണം വേണം: യുഡിഎഫ്
1572647
Friday, July 4, 2025 4:30 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകർന്നുവീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. രണ്ടു മന്ത്രിമാര്‍ സ്ഥലത്തെത്തി സംഭവത്തെ നിസാരവത്കരിച്ചതാണു കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
നിലവില്‍ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാം ഡിസ്ചാര്‍ജ് ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അത് ഒരു കാരണവശാലും നമ്മതിക്കില്ല. രോഗികളെ ഡിസ്ചാര്‍ജ് ചെയ്താല്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധകൃഷ്ണന്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് യുഡിഎഫ് സംഘത്തിലുണ്ടായിരുന്നത്.
കോൺഗ്രസ് മാർച്ച് ഇന്ന്
കോട്ടയം: മെഡിക്കൽ കോളജിൽ നടന്ന ദാരുണമായ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബഹുജന മാർച്ച് ഇന്ന് രാവിലെ 10ന് മെഡിക്കൽ കോളജ് കവാടത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.
ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: ഫ്രാന്‍സിസ് ജോര്‍ജ് എംപി
കോട്ടയം: മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരണപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആരോപിച്ചു. അപകടമുണ്ടായ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ വീട്ടമ്മയുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും എംപി പറഞ്ഞു.
കെടുകാര്യസ്ഥതയുടെ ഉദാഹരണം: ബിജെപി
കോട്ടയം: ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഏറ്റവും പുതിയ ഉദാഹരണമാണു കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടത്തിന്റെ തകര്‍ച്ചയിലൂടെയും രോഗിയുടെ മരണത്തിലൂടെയും പുറത്തു വന്നിരിക്കുന്നതെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍. ദുരന്ത സ്ഥലത്തെത്തിയ മന്ത്രിമാര്‍ സംഭവത്തെ അങ്ങേയറ്റം നിസാരവത്കരിക്കുകയാണു തുടക്കം മുതല്‍ ചെയ്തത്. അതാണ് ഒരുജീവനെടുത്തത്. ജി. ലിജിന്‍ലാല്‍ പറഞ്ഞു.
ആരോഗ്യവകുപ്പിന് വിദഗ്ധചികിത്സ അനിവാര്യം: എൻ. ഹരി
കോട്ടയം: സംസ്ഥാന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അതിവിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുള്ള ദുരന്തമെന്ന് ബിജെപി നേതാവ് എന്‍. ഹരി. മന്ത്രിമാരുടെ നിസംഗ നിലപാടാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതെന്നും എന്‍. ഹരി കുറ്റപ്പെടുത്തി.
സമഗ്ര അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് ബിന്ദു എന്ന സ്ത്രീ മരണമടഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.