സെന്റ് ഡൊമിനിക്സ് കോളജിൽ സസ്യശാസ്ത്ര ഗവേഷണകേന്ദ്രം ഉദ്ഘാടനവും ദേശീയ സെമിനാറും
1572932
Friday, July 4, 2025 10:12 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെടുന്നതിന്റെ ഉദ്ഘാടനം കേരള സയൻസ് അക്കാദമി പ്രസിഡന്റും പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടറുമായ ഡോ. ജി.എം. നായർ നിർവഹിച്ചു.
ഈ ഭൂമിയിലെ ഓരോ ജീവവർഗത്തിനും ആരോഗ്യകരമായ ഒരു പരിസ്ഥിതി സൃഷ്ടിക്കപ്പെടുന്ന ഒറ്റ ആരോഗ്യം എന്ന നൂതനമായൊരു ജൈവവൈവിധ്യ സങ്കല്പമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
"ജനറ്റിക് ഡൈവേഴ്സിറ്റി: മൈക്രോബ് ടു മെഗാ ഫ്ലോറ' എന്ന വിഷയത്തിൽ കോളജിലെ സസ്യശാസ്ത്ര വിഭാഗം സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഡയറക്ടർ ഡോ. എൻ. അനിൽകുമാർ നിർവഹിച്ചു. മനുഷ്യൻ ഉൾപ്പെടുന്ന മനോഹരമായ ഒരു ജൈവവൈവിധ്യ സങ്കല്പമാണ് മാറുന്ന കാലഘട്ടത്തിന് അനിവാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൈവവൈവിധ്യംകൊണ്ട് അനുഗൃഹീതമായ കാഞ്ഞിരപ്പള്ളിയിലെ ഭൂപ്രകൃതിയുടെ പ്രാധാന്യം ഉൾക്കൊണ്ട്, സാമൂഹികപ്രസക്തിയുള്ള ഗവേഷണങ്ങൾക്ക് ഊന്നൽ നൽകാൻ ബോട്ടണി ഡിപ്പാർട്ട്മെന്റ് ശ്രമിക്കണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാനേജർ റവ.ഡോ. കുര്യൻ താമരശേരി അഭിപ്രായപ്പെട്ടു.
കോളജിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ നടക്കുന്ന പ്രസ്തുത സെമിനാറിൽ സസ്യശാസ്ത്ര വിഭാഗത്തിൽ ദീർഘകാല സേവനത്തിനുശേഷം വിരമിച്ച അധ്യാപകരെ ആദരിച്ചു. സസ്യശാസ്ത്ര വിഭാഗത്തിലെ വിദ്യാർഥികൾ ഗവേഷണത്തിലൂടെ നിർമിച്ച ഔഷധമൂല്യവും രുചിയുമേറിയ ഭക്ഷ്യോത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സെമിനാറിനൊപ്പം ക്രമീകരിച്ചിട്ടുണ്ട്. വിവിധ നെല്ലിനങ്ങളുടെ പ്രദർശനവും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ കൺവീനർ ഡോ. ആർ.ബി. സ്മിത അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും.
യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ബർസാർ റവ.ഡോ. മനോജ് ജോസഫ്, സസ്യശാസ്ത്രവിഭാഗം മുൻ മേധാവിയും മുൻ പ്രിൻസിപ്പലുമായ പ്രഫ. വി.എ. ഇമ്മാനുവൽ, കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. അനൂപ് ടോം തോമസ്, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സാലിക്കുട്ടി തോമസ്, കോ-ഓർഡിനേറ്റർ ഡോ. ജ്യോതി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.