തുരുത്തി-മുളയ്ക്കാംതുരുത്തി-കാവാലം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സർവീസ് പുനരാരംഭിച്ചു
1573214
Saturday, July 5, 2025 7:11 AM IST
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇന്നലെ നാല് ബസ് 16 ട്രിപ്പ് വീതം സര്‍വീസ് നടത്തി. റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസങ്ങളായി ബസ് സര്‍വീസ് നിലച്ചിരുന്നു.
ഇതിനെതിരേ പ്രതിഷേധ പരിപാടികളുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെ ജനപ്രതിനിധികളുടെ ഇടപെടലിലാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. റോഡ് നിര്‍മാണം വൈകുന്നതിനെതിരേ നാട്ടുകാര്‍ യൂദാപുരത്തു റോഡിലെ വെള്ളക്കെട്ടില്‍ വള്ളവും വലയുമിറക്കി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അപകടാവസ്ഥ ഉണ്ടെങ്കിലും ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത് വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്കു വലിയ ആശ്വാസമായി. ബസ് സർവീസ് നിലച്ചതിനെത്തുടർന്ന് ഈ പ്രദേശത്തെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഴ കുറഞ്ഞാല്‍ ചൊവ്വാഴ്ച മുതല്‍ റോഡിന്റെ ലെവല്‍സ് എടുത്ത് നിരപ്പാക്കി അടിയന്തരമായി ഗതാഗതയോഗ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദേശം നല്കി.
റോഡ് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ
തുരുത്തി: തുരുത്തി-വാലടി-വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടമായി ലെവല്‍സ് എടുത്തു നിരപ്പാക്കി അടിയന്തരമായി ഗതാഗതയോഗ്യമാക്കാന്‍ ജോബ് മൈക്കിള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. അടുത്തഘട്ടത്തില്‍ രണ്ടാംലെയര്‍ ടാറിംഗും മൂന്നാംഘട്ടത്തില്‍ ടാറിംഗ് ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തീകരിക്കും.
ആവശ്യമായ സ്ഥലങ്ങളില്‍ ഓടകള്‍ പുനക്രമീകരണം നടത്തും. 109 കോടി രൂപയ്ക്കാണ് എസ്പിഎല്‍ ഇന്‍ഫ്രാ എന്ന കരാര്‍ കമ്പനി റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
തുരുത്തി -വാലടി-വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ അഭിപ്രായം അറിയുന്നതിനായി തുരുത്തി ഡെവലപ്പ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.