ഭീതി വിട്ടുമാറാതെ രോഗികള്‍
1572941
Friday, July 4, 2025 11:40 PM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിന്റെ ഭീതി വിട്ടുമാറാതെ രോഗികള്‍. വ്യാഴാഴ്ച രാവിലെ 10.45നാണ് പതിനാലാം വാര്‍ഡിനു സമീപം ശുചിമുറി നിലംപൊത്തി തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്.
ആ വാര്‍ഡില്‍നിന്ന് മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയ രോഗികളുടെ ആശങ്ക ഇപ്പോഴും വിട്ടുമാറിയിട്ടില്ല. സംഭവത്തിന്റെ ഞെട്ടലിലാണ് അവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം എളക്കര സ്വദേശി സജുകുമാറും ഭാര്യ ഷൈലജയും.
സജുവിന് പ്രമേഹം കൂടി കാൽപ്പാദം പഴുത്തതിനെത്തുടര്ന്നാണ് ഇവിടെയെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് ഇവരെ അഡ്മിറ്റ് ചെയ്തത്. സജുവിന് ശുചിമുറിക്ക് സമീപമാണ് കട്ടില് കിട്ടിയത്. ഇവര്‍ കിടക്കയിലിരിക്കുമ്പോഴാണു കെട്ടിടം ഇടിഞ്ഞുവീണത്. കല്ലുകള്‍ ഇളകി താഴേക്ക് വീഴുന്നത് കണ്ടപ്പോള്‍ ഭയന്നുപോയി. വാര്‍ഡിലുള്ള എല്ലാവരും നിലവിളിച്ചോടാന്‍ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ കുഴയുമ്പോഴാണ് തൊട്ടടുത്ത് തന്നെ മറ്റൊരാള്‍ ഇട്ടിട്ടു പോയ സ്ട്രെച്ചര്‍ കണ്ടത്. ഒരു ബന്ധുവിന്റെ സഹായത്തോടെ സജുവിനെ സ്ട്രെച്ചറില്‍ കിടത്തി തള്ളിക്കൊണ്ട് ഓടുകയായിരുന്നെന്ന് ഷൈലജ പറഞ്ഞു.
ഇതിനിടെ സജുവിന്റെ കാലിലെ മുറവിന് പരിക്ക് പറ്റി ചോര പൊട്ടിയൊലിക്കാന്‍ തുടങ്ങി. പിന്നീട് ഡ്രസ് ചെയ്താണു പരിഹരിച്ചത്. ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് സജുവിനെ ബാത്ത്റൂമില്‍ കൊണ്ടുപോകാന്‍ ഷൈലജ ഈ മുറിയില്‍ കയറി വീല്‍ചെയര്‍ എടുത്താണ്.
വീല്‍ ചെയര്‍ തിരിച്ചു കൊണ്ടിട്ട് അധികം താമസിക്കാതെ ആ മുറി വീഴുന്നതാണു കണ്ടത്.