വീഴാറായ കെട്ടിടവും ചെരിഞ്ഞ വിളക്കുകാലും അപകടം വിളിച്ചോതുന്നു
1572978
Friday, July 4, 2025 11:41 PM IST
പാലാ: സംസ്ഥാന പാതയിലെ കൊട്ടാരമറ്റം ജംഗ്ഷനില്‍ പതിറ്റാണ്ടുകള്‍ മുന്‍പ് സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ തൂണും ലൈറ്റുകളും കാലപ്പഴക്കത്തില്‍ ചുവടറ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന വിധം ചെരിഞ്ഞുനില്ക്കുന്നു.
തിരക്കേറിയ ജംഗ്ഷനിൽ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്ക്കുന്ന വളരെ ഉയരമുള്ള ഈ ഇരുമ്പ് വിളക്കുതൂണ് എത്രയുംവേഗം പിഴുതു മാറ്റണമെന്ന ആവശ്യമുയര്‍ന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് ഇതുനിൽക്കുന്നത്. കുട്ടികളും വഴിയാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നു. അപകടം സംഭവിച്ചതിനുശേഷം പൊതുജനശ്രദ്ധ ആകർഷിക്കാനുള്ള പ്രഖ്യാപനത്തിനു പകരം പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കെഎസ്ആർടിസിയുടെ അവസ്ഥ
കെഎസ്ആര്‍ടിസിയുടെ പാലാ ഡിപ്പോ മന്ദിരത്തിന്റെ മുന്‍ഭാഗത്ത് മഴവെള്ളം ഒലിച്ചിറങ്ങി കോണ്‍ക്രീറ്റ് തകര്‍ന്ന് അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ബസ് കാത്തിരിപ്പുകാര്‍ക്കും പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ക്കും മീതേ അടര്‍ന്നുവീഴാവുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ആവശ്യമായ അറ്റകുറ്റപ്പണികളില്ലാതെ മഴവെള്ളം കെട്ടിനിന്ന് ഒലിച്ചിറങ്ങി കമ്പികള്‍ തുരുമ്പിച്ച് വികസിച്ച് കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടകരമാകുംവിധം അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. കോര്‍പറേഷന്റെ സിവില്‍ വിഭാഗം തിരിഞ്ഞുനോക്കുന്നില്ലെന്നും ചുമതലപ്പെട്ട അധികൃതര്‍ കണ്ട ഭാവം പോലും നടിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. പലതവണ ജില്ലാ വികസനസമിതിയിൽ ഉന്നയിച്ച വിഷയമാണിതെന്ന് പാസഞ്ചേഴ്സ് അസോസിയേന്‍ പ്രസിഡന്റ് ജെയ്സണ്‍ മാന്തോട്ടം പറഞ്ഞു.