സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ കാടുകയറി നശിക്കുന്നു
1572985
Friday, July 4, 2025 11:41 PM IST
പാലാ : അഞ്ചു ലക്ഷം രൂപ ചെലവാക്കി പാലാ നഗരസഭ നിര്‍മിച്ച സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ കാടുകയറി നശിക്കുന്നു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം 2019ല്‍ ശുചിത്വ മിഷന് ഫണ്ടില്‍നിന്ന് അനുവദിച്ച് നിര്‍മിച്ചതാണ് അഞ്ച് മുറികളുള്ള കംഫര്‍ട്ട് സ്റ്റേഷന്. സിവില്‍ സ്റ്റേഷനിലെ റവന്യുവകുപ്പ് അധികാരികളുടെ പിടിവാശിയും ഉത്തരവാദിത്വക്കുറവുമാണ് നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുമായിരുന്ന ശുചിമുറിയെ ഇല്ലാതാക്കിയതെന്നാണ് ആരോപണം. റവന്യു വകുപ്പാണെങ്കില്‍ നഗരസഭയ്ക്കു നേരേയാണ് ആക്ഷേപം ഉന്നയിക്കുന്നത്.
നഗരസഭ നിര്‍മിച്ച് നല്കിയ ശൗചാലയങ്ങളിലേക്ക് ആവശ്യമായ വെള്ളം നല്‍കാനോ, വൈദ്യുതി നല്‍കാനോ വൃത്തിയായി സൂക്ഷിക്കുന്നതിന് ആളെ വയ്ക്കാനോ റവന്യുവകുപ്പ് തയാറായില്ലെന്ന് നഗരസഭ പറയുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം നഗരസഭ ചെയ്തു നല്‍കണമെന്ന പിടിവാശിയിലായിരുന്നു റവന്യു വകുപ്പ്. സിവില്‍ സ്റ്റേഷന്റെ കോമ്പൗണ്ടിലുള്ള ശൗചാലയത്തിലേക്ക് മുനിസിപ്പാലിറ്റിയുടെ പേരില്‍ വെള്ളം നല്കാന് ജലവകുപ്പും തയാറായില്ല.
സിവില്‍ സ്റ്റേഷനിലേക്കുള്ള കണക്ഷനില്‍നിന്നു വെള്ളം നല്കാന് നഗരസഭ ആവശ്യപ്പെട്ടു. ഇതിന് ഫീസ് ഈടാക്കാനും അനുവാദം നല്കി. എന്നാല്‍, റവന്യു ഉദ്യോഗസ്ഥര്‍ നിരസിക്കുകയായിരുന്നു. കൂടാതെ ഇവയെല്ലാം നഗരസഭ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാര്‍ നഗരസഭയ്ക്ക് കത്തു നല്കുകയാണുണ്ടായത്. ഇതോടെ പദ്ധതി കെട്ടിടം മാത്രമെന്ന അവസ്ഥയിലായി.
സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരും നാട്ടുകാരും നിരന്തരം നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല. പാലാ പൗരസമിതി പ്രവര്‍ത്തകനായ പി. പോത്തന് നല്കിയ വിവരാവകാശ പരാതിയില്‍ നഗരസഭ നല്കിയ മറുപടിയിലാണ് റവന്യു ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് തകര്‍ന്ന അവസ്ഥയിലാണ്. സിവില്‍ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ശുചിമുറി സ്ഥാപിച്ചിരുന്നത്. പരിസരമാകെ കാടുപിടിച്ച് ആകെ നശിച്ച അവസ്ഥയിലാണ്.