ഈരാറ്റുപേട്ട ടൗൺ ഗതാഗതക്കുരുക്കിൽ വലയുന്നു
1573248
Sunday, July 6, 2025 3:04 AM IST
ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് യൂണിറ്റെന്ന ആവശ്യം സ്വപ്നമായി അവശേഷിക്കുന്നു. വർഷങ്ങളായുള്ള ഈ ആവശ്യത്തിന് ഏതാനും നാൾ മുൻപ് അനുമതിയായതാണ്. എന്നാൽ തുടർനടപടി ഒന്നുമായില്ല.
ഗതാഗതക്കുരുക്കുകൊണ്ടും ഗതാഗത നിയമലംഘനം കൊണ്ടും ശ്രദ്ധേയമാണ് ഈരാറ്റുപേട്ട. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രാഫിക് പോലീസെന്ന ആവശ്യം ഉയർന്നത്. എന്നാൽ അത് ഇന്നും ഫയലിൽ ഉറങ്ങുകയാണ്. നഗരസഭാ അധികൃതർ ആഭ്യന്തര വകുപ്പിനു ട്രാഫിക് യൂണിറ്റിനായി നേരിട്ട് നിവേദനം നൽകിയെങ്കിലും ഒന്നും നടന്നില്ല. ബസ് സ്റ്റാൻഡ് പൊളിച്ചു പണിയുന്നതിനാൽ കുരുക്ക് കൂടുതലുമാണ്.
ജനസാന്ദ്രതയേറിയ ഇവിടത്തെ ഗതാഗതം നിയന്ത്രിക്കുന്നത് ഒരു ഹോം ഗാർഡാണ്. സെൻട്രൽ ജംഗ്ഷനിൽ ഇടയ്ക്കൊക്കെ രണ്ടു പോലീസുകാരുണ്ട്. കുരിക്കൾ നഗറിലും കോളജ് റോഡിലുമാണ് ഏറ്റവുമധികം ഗതാഗതക്കുരുക്ക്. ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരേ നടപടിയെടുക്കുന്നതിന് ഇവിടെ സ്ഥാപിച്ച കാമറകൾ ഉപയോഗിക്കുമെന്നായിരുന്നു നഗരസഭയുടെ വാദം. എന്നാൽ ഒന്നുമുണ്ടായില്ല. ഈ കാമറയുടെ സെർവർ നഗരസഭാ ഓഫീസിലായിരുന്നു.
ഇവിടെയെത്തി പോലീസിന് ഇവ ശേഖരിക്കുന്നതിനുണ്ടായ ബുദ്ധിമുട്ടാണു നടപടിയെടുക്കാൻ സാധിക്കാതിരുന്നത്. കാമറയുടെ ഒരു സെർവർ പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിനായി കേബിൾ വലിക്കുന്ന പണികൾ പൂർത്തിയായി.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൊളിച്ചതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമായത്. പണികൾ പൂർത്തിയാക്കി സ്റ്റാൻഡ് തുറക്കണമെങ്കിൽ വർഷങ്ങളെടുക്കാം. പകരം സംവിധാനം ഏർപ്പെടുത്തുകയും ട്രാഫിക് യൂണിറ്റ് ആരംഭിക്കുന്നതിനു നടപടികൾ എടുക്കുകയും ചെയ്തില്ലെങ്കിൽ നഗരത്തിലെത്തുന്ന യാത്രക്കാർ വലയും.