ബഷീർ മാനവികതയുടെ കഥാകാരൻ: വി.ഡി. സതീശൻ
1573494
Sunday, July 6, 2025 7:17 AM IST
തലയോലപ്പറമ്പ്: ഉയർന്ന മാനവിക മൂല്യങ്ങളും ആത്മിയ അന്വേഷണവും കുസൃതിയും വിമർശനവും ഉൾക്കാമ്പിൽ നിറഞ്ഞ നർമ്മവുമാണ് ബഷീറിനെ മലയാളത്തിലെ വ്യത്യസ്തനായ കഥാകാരനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ബഷീറിന്റെ 31-ാം ചരമദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബഷീർദിന പരിപാടിയും ബഷീർ പുരസ്കാര സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അധ്യക്ഷത വഹിച്ചു. ബഷീർ ബാല്യകാലസഖി പുരസ്കാരം കെ.വി. മോഹൻകുമാറിനും ബഷീർ അമ്മ മലയാളം പുരസ്കാരം ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിക്കും പ്രതിപക്ഷ നേതാവ് നൽകി.
പുരസ്കാര ജേതാക്കൾക്കുള്ള പ്രശസ്തിപത്രം കാൻസർരോഗ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗധരനും നൽകി. മോഹൻ ഡി. ബാബു, പി.ജി.ഷാജിമോൻ, ടോമി കല്ലാനി, ഡോ.യു. ഷംല, ഡോ.എസ്. ലാലിമോൾ, ഡോ.അംബിക എ. നായർ, എം.ഡി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദിജ എന്നിവർ പങ്കെടുത്തു.