പി.ജെ. ജോസഫ് നന്മയുടെ പ്രകാശഗോപുരം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
1573261
Sunday, July 6, 2025 3:05 AM IST
കോട്ടയം: കേരള രാഷ്ട്രീയത്തിലെ നന്മയുടെ പ്രകാശഗോപുരമാണ് പി.ജെ. ജോസഫ് എന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ശതാഭിഷിക്തനായ മുന്‍ മന്ത്രി പി.ജെ. ജോസഫിന് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നാഗമ്പടം ഹോട്ടല്‍ സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നല്കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവായ പി.ജെ. ജോസഫ് അധികാരസ്ഥാനത്തിരുന്നപ്പോള്‍ അനീതിക്കെതിരേ ശക്തമായ നിലപാടെടുത്തു. ഉന്നത സ്ഥാനത്തെത്തിയപ്പോഴും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അദ്ദേഹം കൈവിട്ടില്ല. എളിമയായതും തെളിമയായതുമായ വ്യക്തിത്വം എപ്പോഴും പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, വൈക്കം വിശ്വന്, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോന്‍സ് ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ചലച്ചിത്രതാരം പ്രേം പ്രകാശ്, ദര്‍ശന സാംസ്കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
പൗരാവലിയുടെ ഉപഹാരം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പി.ജെ. ജോസഫിനു സമ്മാനിച്ചു. പി.ജെ. ജോസഫ് മറുപടി പ്രസംഗം നടത്തി.