മലയോര മേഖലയിൽ പരിഹാരമില്ലാതെ വന്യമൃഗശല്യം; പൊറുതിമുട്ടി നാട്ടുകാര്
1573253
Sunday, July 6, 2025 3:04 AM IST
മുണ്ടക്കയം: കോട്ടയം, ഇടുക്കി ജില്ലാ അതിർത്തികൾ പങ്കിടുന്ന മലയോര മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു. ആന, കാട്ടുപോത്ത്, പുലി, കാട്ടുപന്നി, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വിഹരിക്കുകയാണ്. നടപടി സ്വീകരിക്കേണ്ട വനംവകുപ്പ് അധികൃതരാകട്ടെ നിയമത്തിലെ പഴുതുകളിൽ പഴിചാരി രക്ഷപ്പെടുന്നെന്നും ആക്ഷേപം.
മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. പെരുവന്താനം പഞ്ചായത്തിലെ ശബരിമല വനാതിർത്തി പങ്കിടുന്ന ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ മതമ്പ, ചെന്നാപ്പാറ, കൊമ്പുകുത്തി അടക്കമുള്ള മേഖലയിൽ കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടുകാരുടെ സ്വൈരജീവിതം കെടുത്തുകയാണ്.
ജനവാസ മേഖലയായ കൊടുകുത്തി, അമലഗിരി, അഴങ്ങാട് മേഖലയിൽ കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യമുണ്ടായത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. വനാതിർത്തി മേഖലയിൽ പലയിടങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുമെങ്കിലും അവയെല്ലാം തകർത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.
കഴിഞ്ഞ ദിവസം പെരുവന്താനം പഞ്ചായത്തിലെ മുസ്ലിം പള്ളി ഭാഗത്ത് തുവരംമുടി മുത്തേട്ട് സൈനുദീന്റെ പുരയിടത്തിൽ കാട്ടുപന്നി വ്യാപകമായാണ് കൃഷി നശിപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. പെരുവന്താനം പഞ്ചായത്തിലെ പുറക്കയം, കൊയിനാട്, ചെറുവള്ളിക്കുളം, കണയങ്കവയൽ, മുറിഞ്ഞുപുഴ മേഖലയിൽ കാട്ടുപോത്തും കാട്ടാനയും കുരങ്ങും കാട്ടുപന്നിയും വലിയ കൃഷിനാശമാണ് വിതയ്ക്കുന്നത്.
മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമാണ് കൃഷി. ഏറ്റവുമധികം ദുരിതം പേറുന്നതും കർഷകരാണ്. രാവിലെ ടാപ്പിംഗിന് പോകുന്ന കർഷകർ ജീവൻ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. നട്ടു നനച്ചു വളർത്തിയ വിളകൾ വിളവെടുപ്പിന് പാകമാകുമ്പോൾ കുരങ്ങും കാട്ടുപന്നിയും നശിപ്പിക്കും.