ഗ്രാമീണറോഡുകളുടെ നവീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും
1573569
Sunday, July 6, 2025 11:45 PM IST
കോട്ടയം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഗ്രാമീണറോഡുകളുടെ നവീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. ജില്ലയില്‍ 234 റോഡുകളാണ് സിഎംഎല്ആര്ആര്പിക്കു കീഴില്‍ വരുന്നത്.
ഇതില്‍ 192 എണ്ണത്തിന്റെ നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്ന് കോട്ടയത്തു നടന്ന മുഖ്യ മന്ത്രിയുടെ മേഖലാ അവലോ കന യോഗത്തിൽ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. 156 റോഡുകള്‍ക്ക് കരാര്‍ നല്കാനായിട്ടുണ്ട്. ഇതില്‍ 96 റോഡുകളുടെ (41 ശതമാനം) നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ 13 ഗ്രാമീണറോഡുകള്ക്കാണ് നവീകരണവുമായി ബന്ധപ്പെട്ട് എന്‍ഒസി. അടക്കമുള്ള പ്രശ്നങ്ങള്‍ നേരിടുന്നത്. ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത റോഡുകള്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍, ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് പേരിലും തുകയിലും വരുത്തേണ്ട ഭേദഗതികള്‍, 2021ല്‍ പുതുക്കിയ ഡിഎസ്ഒആര്‍ നിരക്ക് വന്നിട്ടുള്ളതിനാല്‍ ഇനി ടെന്‍ഡര്‍ ചെയ്യാനുള്ള പ്രവൃത്തികള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ഉപയോഗിക്കാനുള്ള ഉത്തരവ് ലഭ്യമാകല്‍ തുടങ്ങിയവയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ നേരിട്ടിരുന്ന തടസങ്ങള്‍.
നിരക്കുകള്‍ പുതുക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ പുറപ്പെടുവിച്ച് താഴേത്തട്ടിലേക്കു നല്‍കണമെന്നും യോഗത്തില്‍ മുഖമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ മൂന്നുറോഡുകളാണ് ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാനുണ്ടായിരുന്നത്. 15 റോഡുകളുടെ പേരുമാറ്റവും 24 റോഡുകള്‍ക്ക് പുതിയ ഡിഎസ്ഒആര്‍ നിരക്കും ലഭ്യമാക്കണമായിരുന്നു.
ഓഗസ്റ്റോടെ ഇവ പൂര്‍ത്തീകരിച്ച് സെപ്റ്റംബറോടെ ജില്ലയിലെ 234 ഗ്രാമീണറോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.