രമേശ് ചെന്നിത്തല ബിന്ദുവിന്റെ വീട് സന്ദർശിച്ചു
1573571
Sunday, July 6, 2025 11:45 PM IST
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അനുവദിക്കണമെന്നും സിവിൽ എൻജിനിയറിംഗ് പാസായ മകൻ നവനീതിന് സ്ഥിരം നിയമനം നൽകണമെന്നും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം കുടുംബത്തിന് സഹായധനം ലഭ്യമാക്കണമെന്ന് പറഞ്ഞത്. ഇന്നലെ വൈകുന്നേരമാണ് ചെന്നിത്തല തലയോലപ്പറമ്പിലെ വീട്ടിൽ എത്തിയത്.
കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, പി.വി. പ്രസാദ്, എം.കെ.ഷിബു, എം.വി. മനോജ്, വിജയമ്മ ബാബു, വി.ടി. ജയിംസ്, ഇടവട്ടം ജയകുമാർ, അക്കരപ്പാടം ശശി, കെ.ഡി. ദേവരാജൻ, പി .എം മക്കാർ തുടങ്ങിയവർ ചെന്നിത്തലയ്ക്കൊപ്പമെത്തിയിരുന്നു.
നേരത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച അദ്ദേഹം ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞ സ്ഥലം സന്ദർശിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.