പാലാ സാന്തോം ഫുഡ് ഫാക്ടറി 14ന് ഉദ്ഘാടനം ചെയ്യും
1573574
Sunday, July 6, 2025 11:45 PM IST
കോട്ടയം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ഫുഡ് ഫാക്ടറി യാഥാര്‍ഥ്യമാകുന്നു. രൂപത ആവിഷ്കരിച്ച കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്റെ 10-ാം വാര്‍ഷിക മേളയില്‍ കാര്‍ഷിക മൂല്യവര്‍ധിത സംരംഭം എന്ന വിധത്തിലാണ് പാലാ സാന്തോം എന്ന പേരില്‍ ഫുഡ് ഫാക്ടറി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. രൂപതയുടെ ഉടമസ്ഥതയിലൂള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലെ ആറേക്കറോളം സ്ഥാലത്തുള്ള അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് ഫുഡ് ഫാക്ടറി.
കൃഷി വകുപ്പില്‍നിന്നു രൂപതയ്ക്ക് അനുവദിച്ച് പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാന്തോം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാന്തോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം 14ന് നടക്കും.
മീനച്ചില്‍ താലൂക്കിലും പരിസരത്തും സുലഭമായുള്ള ചക്കയും കപ്പയും കൈതച്ചക്കയും ഏത്തയ്ക്കയും ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍നിന്നു ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കുക എന്നതാണ് ഫുഡ് ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ച് ഗുണമേന്മമുള്ള ഭക്ഷ്യ വസ്തുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനും ലക്ഷ്യമിടുന്നു. കൃഷി വകുപ്പിന്റെ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യമെന്ന എസ്എഫ്എസിയില്‍ നിന്നും ജില്ലയില്‍ അനുവദിച്ച നാല് എഫ്പിഒകളില്‍ ഒന്നാണ് സാന്തോം എഫ്പിഒ.
രൂപതയിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദക സംഘടനകള്‍, കമ്പനികള്‍, കര്‍ഷക ദള ഫെഡറേഷനുകള്‍, ഫാര്‍മേഴ്സ് ക്ലബുകള്‍, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയവര്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തനതു ബ്രാന്‍ഡില്‍ ആഭ്യന്തര, വിദേശ വിപണനത്തിനു സാധ്യമാക്കും.
ആധുനിക സാങ്കേതികവിദ്യയോടുകൂടിയ 18 യന്ത്രസാമഗ്രികളാണ് ഫാക്ടറിയിലുള്ളത്. അത്യാധുനികവും വിശാലവുമായ കോള്‍ഡ് സ്റ്റോജ്, ഡീ ഹൈഡ്രേറ്റ് യൂണിറ്റ്, പള്‍പ്പിംഗ്, വറ, പൊരി, പൗഡറിംഗ് യൂണിറ്റുകളും ഫാക്ടറിയിലുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ വിളകളും ഉത്പന്നങ്ങളും ഉണങ്ങുവാനുള്ള യൂണിറ്റിനപ്പുറം ന്യായവില ഉറപ്പാക്കി മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതയാണ് ഫാക്ടറി ഉറപ്പുതരുന്നത്.
പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിലവില്‍ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാന്‍ വേ പ്രൊഡക്ഷന്‍സ് യൂണിറ്റ്, മൂഴൂര്‍ കര്‍ഷക ദള ഫെഡറേഷന്റെ കാര്‍ഷിക മൂല്യവര്‍ധിത സംഭരണ കേന്ദ്രവും മൂഴൂര്‍ മിത്രം പ്രൊഡക്ഷന്‍ യൂണിറ്റും, മാന്‍വെട്ടം, വയലാ, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ സംസ്കരണ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിനു കിലോ കാര്‍ഷിക വിളകളുടെ സംസ്കരണം എന്നിവയും നടന്നുവരുന്നുണ്ട്.
14ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ് ഫാക്ടറി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 75 മാതൃകാ കര്‍ഷകരെ ആദരിക്കും.
കൃഷിയിടങ്ങള്‍ പാഴായി കിടക്കാതെ സംഘകൃഷി സാധ്യതകള്‍ വളര്‍ത്തി വിഷരഹിത കൃഷിയിലൂടെ മായം കലരാത്ത ഉത്പന്നങ്ങൾ നാട്ടുകാര്‍ക്കും പ്രവാസി സമൂഹത്തിനും എത്തിക്കാനാണ് ഫുഡ് ഫാക്ടറി ലക്ഷ്യമിടുന്നതെന്ന് പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ പറഞ്ഞു.