ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം കൊടുക്കണം: തിരുവഞ്ചൂർ
1573570
Sunday, July 6, 2025 11:45 PM IST
കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി നൽകണമെന്നും മകളുടെ ചികിത്സ സൗജന്യമാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിലെ എച്ച്എംസി ചേർന്നിട്ട് രണ്ട് വർഷമായി. എന്നാൽ ഫണ്ട് ചെലവഴിക്കുന്നുണ്ട്. എച്ച്എംസി ചേരാതെ ഫണ്ട് ചെലവാക്കിയതെങ്ങനെയെന്ന് ജനങ്ങളോട് വിശദീകരിക്കണം. എച്ച്എംസി ചേരാൻ നടപടിയെടുക്കണം. ഒൻപതു വർഷത്തെ എച്ച്പിസി ഫണ്ട് എന്തുചെയ്തുവെന്നും വിശദീകരിക്കണം.
അടിയന്തരമായി 12 ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കാൻ നടപടിയെടുക്കണം. ഇപ്പോൾ നാലെണ്ണമാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നു.
എന്നാൽ നാലെണ്ണത്തിൽ രണ്ട് തിയറ്റർ പ്രവർത്തിക്കുന്നില്ല. കാരണം രണ്ട് തിയറ്റർ അണുവിമുക്തമല്ല. ഇക്കാര്യത്തിൽ ബാക്ടീരിയോളജി, മൈക്രോബയോളജി വിഭാഗങ്ങളുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ടോയെന്ന് അധികൃതർ വ്യക്തമാക്കണം. ട്രോമാ കെയർ പ്രവർത്തിക്കുന്ന വാർഡ് 26 ഉൾപ്പെട്ട കെട്ടിടം ചോർന്നൊലിക്കുകയാണ്.
2023 ൽ പുതിയ കെട്ടിടത്തിന് തീ പിടിച്ചു. ബിൽഡിംഗ് ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം പണിതതെന്ന് അന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.