ജില്ലാ അതിർത്തിയിൽ പോലീസ് പരിശോധന
1573573
Sunday, July 6, 2025 11:45 PM IST
മുണ്ടക്കയം: കോട്ടയം - ഇടുക്കി ജില്ലകൾ അതിർത്തി പങ്കിടുന്ന മുണ്ടക്കയത്ത് ശനിയാഴ്ച രാത്രിയിൽ പോലീസിന്റെ വ്യാപക പരിശോധന. ലഹരി സംഘങ്ങളെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്.
രാത്രി ഒന്പതോടെ ലോക്കൽ പോലീസിനെ കൂടാതെ സ്പെഷൽ സ്ക്വാഡും ഡോഗ് സ്ക്വാഡും അടങ്ങുന്ന വൻ പോലീസ് സന്നാഹത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, ചരക്കു ലോറികൾ തുടങ്ങിയ വാഹനങ്ങളിൽ കയറി ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ടൂ വീലർ, സ്വകാര്യ, ടാക്സി വാഹനങ്ങളും തടഞ്ഞുനിർത്തി പോലീസ് പരിശോധിച്ചു. വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചെത്തിയവരും പോലീസ് വലയിലായി.
അയൽ സംസ്ഥാനങ്ങളിൽനിന്നു വ്യാപകമായാണ് കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഒഴുകുന്നത്.
ഇരുചക്രവാഹനത്തിലും ചരക്കുവാഹനങ്ങളിലുമാണ് കൂടുതലായും മയക്കുമരുന്ന് കടത്തുന്നത്. ഇത്തരം സംഘങ്ങളെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും പോലീസ് അധികാരികൾ അറിയിച്ചു.