വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അപലപനീയം: കത്തോലിക്ക കോൺഗ്രസ്
1573841
Monday, July 7, 2025 11:19 PM IST
കാഞ്ഞിരപ്പള്ളി: മതന്യൂനപക്ഷ വിദ്യാലയങ്ങളിലെ മതപ്രാർഥനകൾ നിർത്തലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന നയം സ്വീകരിച്ച് കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർക്ക് ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം എത്തിച്ച ചാവറയച്ചന്റെ പാരമ്പര്യം പിന്തുടരുന്നവരാണ് കേരള കത്തോലിക്കാ സമൂഹം. കത്തോലിക്കാ സ്ഥാപനങ്ങളിൽ അന്യമതസ്ഥരുടെ മേൽ ക്രിസ്ത്യൻ പ്രാർഥനകൾ അടിച്ചേൽപ്പിക്കാറില്ലെന്നും കേട്ടുകേൾവിയുടെ പുറത്ത് പതിറ്റാണ്ടുകളായി നടന്നുവരുന്ന പാരമ്പര്യം ഒറ്റയടിക്ക് നിർത്താനുള്ള നീക്കം ശരിയായില്ലെന്നും രൂപതാസമിതി വിലയിരുത്തി.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതിയംഗം ടെസി ബിജു പാഴിയാങ്കൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, സിനി ജിബു നീറനാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.