എരുമേലി ബസ് സ്റ്റാൻഡിലെ കെട്ടിടം സുരക്ഷിതമല്ല: ആർഡിഒ സന്ദർശിച്ചു
1573840
Monday, July 7, 2025 11:19 PM IST
എരുമേലി: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം സുരക്ഷിതമല്ലെന്നു കോട്ടയം ആർഡിഒ രഞ്ജിത്ത് വിലയിരുത്തി. ഇന്നലെ പഞ്ചായത്തംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ആർഡിഒ കെട്ടിടം പരിശോധിച്ചത്.
കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ്, പൊതുമരാമത്ത് സെക്ഷൻ ഓഫീസ്, ലൈബ്രറി ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നു പരിശോധനയിൽ വിലയിരുത്തി. പത്തോളം കടമുറികൾ, ശുചിമുറികൾ, യാത്രക്കാരുടെ വിശ്രമ ഇരിപ്പിടങ്ങൾ ഉൾപ്പെടെയാണ് താഴെ നിലയിലുള്ളത്. ഇത് അപകട സാധ്യതയിലാണെന്നു പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി നൽകാൻ ആർഡിഒ പഞ്ചായത്ത് പ്രസിഡന്റിനു നിർദേശം നൽകി.
കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് ദുർബലമാണ്. കോൺക്രീറ്റ് കഷണങ്ങൾ തുടർച്ചയായി അടർന്നുവീഴുകയാണ്. തറയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. യാത്രക്കാരുടെ ഇരിപ്പിടങ്ങളുടെ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ ടൈലുകളിൽ ചവിട്ടി ആളുകൾ വീഴാതിരിക്കാൻ മുന്നറിയിപ്പായി കയർ കെട്ടിയിട്ടുണ്ട്.
അര നൂറ്റാണ്ടിലധികം പഴക്കമുണ്ട് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്. കെട്ടിടം സുരക്ഷിതമല്ലെന്നു കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കെട്ടിടം അൺഫിറ്റ് ആണെന്നു പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ വർഷങ്ങൾക്ക് മുമ്പ് സർട്ടിഫിക്കറ്റ് നൽകിയതാണ്. പല തവണ പഞ്ചായത്ത് ബജറ്റുകളിൽ പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചതാണ്.
മോളി മാത്യു പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുൻ യുഡിഎഫ് ഭരണത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ നഗര ധനകാര്യ വികസന കോർപറേഷൻ വായ്പ അനുവദിച്ചതുമാണ്. സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലം ഈട് നൽകിയാലാണ് വായ്പ നൽകുമെന്ന് ഉറപ്പ് ലഭിച്ചത്. എന്നാൽ, സ്ഥലത്തിന്റെ രേഖകൾ പൂർണമായും ലഭിക്കാത്തതിനാൽ വായ്പ വാങ്ങാൻ കഴിഞ്ഞില്ല. ഇതോടെ പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കം പിന്നീട് ബജറ്റിലെ പ്രഖ്യാപനങ്ങളിൽ മാത്രമായി മാറുകയായിരുന്നു.
ഇന്നലെ ആർഡിഒ നടത്തിയ പരിശോധനയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അജി, അസിസ്റ്റന്റ് എൻജിനിയർ എസ്. കൃഷ്ണനുണ്ണി, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, ഓവർസിയർ രഞ്ജിത്ത്, അഞ്ജന എന്നിവർ പങ്കെടുത്തു.