മുണ്ടക്കയത്ത് കഞ്ചാവുമായി ഒരാൾ പിടിയിൽ
1573842
Monday, July 7, 2025 11:19 PM IST
മുണ്ടക്കയം: മുണ്ടക്കയത്ത് കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തിവന്ന അഘോരി എന്നറിയപ്പെടുന്ന കോരുത്തോട് കൊമ്പുകുത്തി സ്വദേശി ഹരികൃഷ്ണനെയാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്. ഇയാളിൽനിന്ന് 1.40 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഒഡീഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വില്പന നടത്തി വന്നിരുന്ന അഘോരി മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്. കുറച്ചു നാളുകളായി ഇയാളുടെ നീക്കങ്ങൾ കാഞ്ഞിരപ്പള്ളി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇയാൾ ഒഡീഷയിൽനിന്ന് കഞ്ചാവുമായി ട്രെയിൻമാർഗം സംസ്ഥാന അതിർത്തി കടക്കുകയും പിന്നീട് പല ബസുകളിലായി സഞ്ചരിച്ച് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ എത്തുകയുമായിരുന്നു. ഈ സമയം കാത്തുനിന്ന എക്സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ ഇ.സി. അരുൺകുമാർ, കെഎൻ. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, പി.എം. അമൽ, ആനന്ദ് ബാബു, ടി.എസ്. രതീഷ്, സി.ജെ. നിയാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മീര എം. നായർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.