വാകത്താനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ രോഗശയ്യയില്‍
1573959
Tuesday, July 8, 2025 2:53 AM IST
വാകത്താനം: ഒരുകാലത്ത് രോഗികളെ കിടത്തിചികിത്സിച്ചിരുന്ന വാകത്താനം ഗവ. ആശുപത്രി രോഗശയ്യയില്‍.ആശുപത്രി പ്രവര്‍ത്തിക്കുന്നത് വി.ജെ. സഖറിയ മെമ്മോറിയല്‍ കെട്ടിടത്തിലാണ്. ജീവനക്കാര്‍ക്കും രോഗികള്‍ക്കും നിന്നുതിരിയാന്‍ ഇടമില്ല. പഴയ കെട്ടിടം പൊളിച്ചുകളഞ്ഞു.
നാട്ടുകാര്‍ പിരിവെടുത്തുവാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടം പണിയാന്‍ ആരംഭിച്ചെങ്കിലും ഏതാനും തുരുമ്പിച്ച ഇരുമ്പുകമ്പികള്‍ മാത്രം അവശേഷിച്ച നിലയിലാണ്. തുടര്‍ന്ന് പണിയാന്‍ ഫണ്ടില്ല എന്നാണ് അധികൃതരുടെ മറുപടി. ചെയ്ത പണിയുടെ തുക ലഭിക്കാഞ്ഞതിനാല്‍ കരാറുകാരും ഉപേക്ഷിച്ചു പോയി.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയിലെത്തുന്നവര്‍ മഴയത്തും വെയിലത്തും മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടുന്ന ഗതികേടിലാണ്. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് വാകത്താനം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. വിനോ വാഴയ്ക്കല്‍, സിബി പാറപ്പ, ബാബു കുര്യന്, മാത്യു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.