മെഡിക്കൽ കോളജിലേക്ക് ബിജെപി മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1573881
Monday, July 7, 2025 11:19 PM IST
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബിജെപി ഈസ്റ്റ്-വെസ്റ്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് പരിസരത്തുനിന്ന് ആശുപത്രി കവാടത്തില്‍ എത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ്വച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിനിന്നു പ്രതിഷേധിച്ചു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു.
ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരിക്കാനിടയായത് കുറ്റകരമായ അനാസ്ഥ കൊണ്ടാണെന്ന് അദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിയത് രണ്ട് മന്ത്രിമാരുടെ നിരുത്തരവാദിത്വം കൊണ്ടാണ്. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും രാജിവയ്ക്കണം. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണം. മകന് ജോലി കൊടുക്കണമെന്നും അദേഹം പറഞ്ഞു.
കെട്ടിടം ഇടിഞ്ഞതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ബിജെപി നേതാവ് പി.സി. ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റുമാരായ ജി. ലിജിന്‍ ലാല്‍, റോയി ചാക്കോ, നേതാക്കളായ നാരായണന് നമ്പൂതിരി, ജയസൂര്യന്‍, ജി. രാമന് നായര്‍, ഷോണ്‍ ജോര്‍ജ്, ബി. രാധാകൃഷ്ണമേനോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.