ഇന്ത്യ സഖ്യം നേതാക്കൾ വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ഭരണപക്ഷം നീക്കം ശക്തമാക്കുമ്പോൾ, ബില്ലിനെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളെയും സ്വന്തം സഖ്യത്തിലെ ഭിന്നാഭിപ്രായമുള്ളവരെയും ഒപ്പം നിർത്താൻ അവസാനവട്ട ശ്രമങ്ങളുമായി പ്രതിപക്ഷ ഇന്ത്യ സഖ്യം. ബില്ലിനെതിരേ പ്രതിപക്ഷത്തെ ഒറ്റക്കെട്ടാക്കി പാർലമെന്റിൽ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭാവിതന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ ചേർന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിൽ ബില്ലിനെതിരായ നിലപാട് ആവർത്തിച്ചു.
ജമ്മുകാഷ്മീരിലും ആസാമിലും നടന്ന മണ്ഡല പുനർനിർണയത്തിലെ ഏകപക്ഷീയത, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി സീറ്റ് വർധന ലഭിക്കാത്തത്, പുതിയ നീക്കത്തിലൂടെ വരും തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ലഭിക്കാനിടയുള്ള രാഷ്ട്രീയ മേൽക്കൈ എന്നിവ ഉയർത്തിക്കാട്ടി കൂടുതൽ കക്ഷികളെ ഒപ്പം നിർത്താനാണു സഖ്യത്തിന്റെ ശ്രമം.
ഇന്ത്യ സഖ്യത്തിലെ എൻസിപി (ശരദ് പവാർ വിഭാഗം) ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലപാട് തിരുത്തിക്കാൻ ഇന്നും നാളെയുമായി ചർച്ചകൾ നടത്തുമെന്ന് യോഗത്തിനുശേഷം നേതാക്കൾ അറിയിച്ചു. മണ്ഡല പുനർനിർണയത്തെ തുടക്കംമുതൽ എതിർത്തിരുന്ന ഡിഎംകെ നിലപാടിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ, ബില്ലിലെ ഭരണപക്ഷ താത്പര്യങ്ങൾ ചൂണ്ടിക്കാട്ടി അവരെ വീണ്ടും എതിർപക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമവും സഖ്യം നടത്തുന്നുണ്ട്.
ഇതിനുപുറമം, ഇന്ത്യ സഖ്യത്തിനും എൻഡിഎയ്ക്കും പുറത്തുള്ള വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ (ബിജെഡി) എന്നീ കക്ഷികളെയും എൻഡിഎയിലെ ടിഡിപിയെയും സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിന്റെ പ്രത്യാഘാതങ്ങൾ ഈ കക്ഷികളെ ബോധ്യപ്പെടുത്താൻ കുറഞ്ഞ സമയത്തിനുള്ളിൽ ചർച്ചകൾ നടത്തും. പാർലമെന്റിൽ ബില്ലിനെ പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ചു.
അതേസമയം, ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ എൻസിപി (എസ്പി) പങ്കെടുത്തില്ല. ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജെഡി തുടങ്ങിയ സഖ്യത്തിനു പുറത്തുള്ള കക്ഷികൾക്കും ക്ഷണം നൽകിയിരുന്നെങ്കിലും അവരും വിട്ടുനിന്നു.
ബില്ലിനെ അനുകൂലിക്കുമെന്ന സൂചന നേരത്തേ നൽകിയിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ചർച്ച നടത്തിയശേഷം പാർട്ടിയുടെ അന്തിമ നിലപാട് അറിയിക്കുമെന്നാണ് ജെഎംഎം വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ പോരാട്ടത്തെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള "അവസാന ബസ്’ എന്നാണ് ഇന്നലെ ചേർന്ന പ്രതിപക്ഷ ഇന്ത്യ സഖ്യം യോഗം വിശേഷിപ്പിച്ചത്.
അതിനാൽത്തന്നെ ഭരണഘടനാ ഭേദഗതി ബിൽ പാസായാൽ ഭാവിയിൽ ബിജെപിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കാനും ഭരണഘടനയിൽ മാറ്റം വരുത്താനുമുള്ള സാഹചര്യമൊരുങ്ങുമെന്ന കാര്യം സഖ്യത്തിനു പുറത്തുനിൽക്കുന്ന കക്ഷികളെ ബോധ്യപ്പെടുത്തും.
ഭരണഘടനാ ഭേദഗതി ബിൽ നാളെ ലോക്സഭ പരിഗണിക്കാനിരിക്കെ ദളിത്, ആദിവാസി വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ എങ്ങനെ ബാധിക്കുമെന്നതും മണ്ഡല പുനർനിർണയ കമ്മിഷനിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സാന്നിധ്യവും ഉയർത്തിക്കാട്ടി പ്രതിരോധം ശക്തമാക്കാനാണു പ്രതിപക്ഷ തീരുമാനം.
എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് രൂപീകരിച്ച മണ്ഡല പുനർനിർണയ കമ്മിഷൻ നിലവിലുള്ള 543 ലോക്സഭാ സീറ്റുകൾ പുനർനിർണയിക്കാൻ ഏകദേശം ആറു വർഷമെടുത്ത കാര്യം രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, പുതിയ കമ്മിഷൻ 816 സീറ്റുകളുടെ പുനർനിർണയം രണ്ടു വർഷത്തിനുള്ളിൽ എങ്ങനെ പൂർത്തിയാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ബിജെപി ഇതിനായി വ്യക്തമായ ബ്ലൂപ്രിന്റ് നേരത്തേ തയാറാക്കിയിട്ടുണ്ടെന്ന സംശയവും പ്രതിപക്ഷനേതാക്കൾ പങ്കുവച്ചു.
യോഗത്തിൽ വിഷയം അവതരിപ്പിച്ച രാജ്യസഭാ ചീഫ് വിപ്പ് ജയ്റാം രമേശ്, സീറ്റുകളുടെ വർധനയെന്നത് വെറും പ്രഹസനമാണെന്ന് വിമർശിച്ചു. 2011ലെ സെൻസസ് അടിസ്ഥാനമാക്കുന്നതിലൂടെ കഴിഞ്ഞ 15 വർഷത്തെ ജനസംഖ്യാ മാറ്റങ്ങൾ പരിഗണിക്കപ്പെടുന്നില്ല. ഇതു പട്ടികജാതി-പട്ടികവർഗ സംവരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫെഡറൽ സംവിധാനത്തിന്റെ സന്തുലിതാവസ്ഥ തകർക്കുമെന്നും അദ്ദേഹം
മുന്നറിയിപ്പ് നൽകി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലൂടെയും മണ്ഡല പുനർനിർണയത്തിലൂടെയും തെരഞ്ഞെടുപ്പു കമ്മിഷനെ ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരേ പാർലമെന്റിനകത്തും തെരുവിലും പോരാട്ടം ശക്തമാക്കുമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
Tags : INDIA Alliance Delimitation Bill Opposition Unity National Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash