സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കുന്നു.
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേൽ സിഎംഐക്കു (93) യാത്രാമൊഴി. ഇന്നലെ രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ (പ്രേം മന്ദിര്‍) നടന്ന സംസ്കാരശുശ്രൂഷകളിൽ നിരവധിപേർ പങ്കെടുത്തു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. രാജ്കോട്ട് രൂപതയുടെയും സീറോമലബാർ സഭയുടെയും വളർച്ചയിൽ ബിഷപ് ഗ്രിഗറി നൽകിയ മാതൃകാപരമായ സേവനങ്ങൾ അവിസ്മരണീയമാണെന്ന് മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു.
രാജ്കോട്ട് ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഡോ. തോമസ് മക്ഇവാൻ, ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ മാത്യു നെല്ലിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ടോണി നീലങ്കാവിൽ, മാർ എഫ്രേം നരികുളം, ഡോ. അത്തനാസിയോസ് രത്നസ്വാമി, മാർ ജെയിംസ് അത്തിക്കളം, ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോൺ വടക്കേൽ, സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി, വിവിധ സന്യാസസഭകളുടെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ മാർ ഗ്രിഗറിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി 27 വര്‍ഷം സേവനം ചെയ്ത മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേൽ കഴിഞ്ഞ ഞായറാഴ്ച രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു അന്തരിച്ചത്.
Tags : Farewell Bishop MarGregoryCarotemprel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash