ഡിഎംഎ ഹരിനഗർ - മായാപുരി ഏരിയ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
പി.എൻ. ഷാജി
Wednesday, April 30, 2025 4:31 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഹരിനഗർ - മായാപുരി ഏരിയയുടെ വാർഷികാഘോഷങ്ങൾ ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള അയ്യപ്പ പൂജാ പാർക്കിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.എൻ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ആർ. നായർ സ്വാഗതം ആശംസിച്ചു.
ഹരിനഗർ എംഎൽഎ ശ്യാം ശർമ, കൗൺസിലർ രാജേഷ് ലഡി, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻചിറ,
ഹരിനഗർ ആനന്ദ് വിഹാർ സിഎംഐ ഭവൻ പ്രതിനിധി റവ. ഫാ. ജോയ് പുതുശേരി, ഏരിയ ട്രെഷറർ ബി. കെ. നായർ, വനിതാ വിഭാഗം കൺവീനർ സജിതാ അശോക്, ജോയിന്റ് സെക്രട്ടറി എം.ആർ. ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ഏരിയയിലെ 12-ാം ക്ലാസ് വിദ്യാർഥികളെയും കൂടാതെ ഏരിയയിലെ ആജീവനാന്ത അംഗങ്ങളിൽ 70 വയസ് പൂർത്തിയാക്കിയ വയോധികരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ എഴുപത്തഞ്ചിൽപ്പരം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതിലയ ഡൽഹിയുടെ സംഗീത നിശയും ആഘോഷ പരിപാടികൾക്ക് മിഴിവേകി. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.