പദ്മശ്രീ പുരസ്കാരം ലഭിച്ച പ്രഫ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം
Wednesday, April 30, 2025 9:51 PM IST
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി. ഡൽഹിയിലെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ് റിസർച്ച് സെന്ററായ തൃകാല ഗുരുകുലം ഒരുക്കിയ ചടങ്ങിൽ ഡൽഹി മലയാളി സംഘടനകൾ ചേർന്നാണു ഓമനക്കുട്ടിയമ്മയെ ആദരിച്ചത്. കേരള ഹൗസ് കോണ്ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ത്രികാല ഗുരുകുലം ഡയറക്ടർ ഡോ. ദീപ്തി ഓംചേരി അധ്യക്ഷത വഹിച്ചു.
ദൂർദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. സുബു റഹ്മാൻ, ബാബു പണിക്കർ, എ.ജെ. ഫിലിപ്പ്, ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ നല്ല സംഗീതജ്ഞാനമുള്ള പ്രവാസിമലയാളികളെ കാണുവാൻ സാധിച്ചതിൽ ഡോ. ഓമനക്കുട്ടിയമ്മ തന്റെ സന്തോഷം പങ്കുവച്ചു. അഡ്വ. ദീപ ജോസഫ്, സുരഭി നന്പിസൻ എന്നിവർ നേതൃത്വം നൽകി. ത്രികാല ഗുരുകുലത്തിനുവേണ്ടി അജികുമാർ മേടയിൽ നന്ദി പ്രകാശിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കേരള ക്ലബ്, അന്തർ രാജ്യ കഥകളി കേന്ദ്രം, ഡിഎംസി, ഡൽഹി വൈക്കം സംഗമം, ലയം കൾച്ചറൽ ഗ്രൂപ്പ്, അമൃത് കൾച്ചറൽ ഗ്രൂപ്പ്, നൃതലായ, പാലക്കാടൻ കൂട്ടായ്മ, തില്ലാന സ്കൂൾ ഓഫ് ഡാൻസ്, ദി വൃക്ഷ് തിയേറ്റർ, പാഞ്ചജന്യം ഭാരതം, ഉദയ ജ്യോതി ഫൗണ്ടേഷൻ, മാഗ്ന ഗ്രേറ്റർ നോയിഡ, ഐമ രാജസ്ഥാൻ, ദീപ്തി നായർ, ദേശീയ വൈസ് ചെയർപേഴ്സണ്, ഐമ വിമൻസ് വിംഗ്, ഡബ്ലിയുഎംസി എന്നീ സ്ഥാപനങ്ങൾ ഓമനക്കുട്ടിയമ്മയെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു.
നാലു പതിറ്റാണ്ടിലേറെയായി പദ്മശ്രീ ഡോ. ലീല ഓംചേരി സ്ഥാപിച്ച ത്രികാല ഗുരുകുലമാണു ഡൽഹി മലയാളികൾക്കുവേണ്ടി ഈ അപൂർവ സംഗമം ഒരുക്കിയത്.