ജോൺ അലൻ റൂബിയോ
ടെക്സസ്: 2003-ൽ സ്വന്തം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി തലയറുത്ത കേസിൽ ശിക്ഷിക്കപ്പെട്ട ജോൺ അലൻ റൂബിയോയുടെ (46) വധശിക്ഷ നടപ്പാക്കി. ടെക്സസിലെ ഹണ്ട്സ്വിൽ ജയിലിൽ മാരകമായ വിഷമരുന്ന് കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്.
2003 മാർച്ച് 11നായിരുന്നു സംഭവം. മൂന്ന് വയസുകാരിയായ ജുലിസ, 14 മാസം പ്രായമുള്ള ജോൺ എസ്തേബൻ, രണ്ട് മാസം പ്രായമുള്ള മേരി ജെയ്ൻ എന്നിവരെയാണ് റൂബിയോ കൊലപ്പെടുത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം തലയറുക്കുകയും ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടികൾക്ക് മേൽ ഭൂതബാധയുണ്ടെന്ന വിശ്വാസവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികൾ പറഞ്ഞിരുന്നു.
വധശിക്ഷയ്ക്ക് മുമ്പുള്ള അവസാന സന്ദേശത്തിൽ, താൻ ഇപ്പോൾ പഴയ വ്യക്തിയല്ലെന്നും സ്വർഗത്തിൽ തന്റെ കുഞ്ഞുങ്ങളെ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റൂബിയോ പറഞ്ഞു. കുടുംബാംഗങ്ങൾ തന്നോട് ക്ഷമിക്കുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
കേസിൽ കൂട്ടുപ്രതിയായിരുന്ന റൂബിയോയുടെ പങ്കാളി ആഞ്ചല കമാച്ചോയ്ക്ക് നേരത്തേ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു. കുട്ടികളുടെ ഓർമയ്ക്കായി സംഭവം നടന്ന സ്ഥലം പിന്നീട് "ട്രെസ് ആഞ്ചലെസ് പാർക്ക്' എന്ന പേരിൽ കമ്യൂണിറ്റി ഗാർഡനാക്കി മാറ്റിയിരുന്നു.
റൂബിയോയുടെ വധശിക്ഷ നടപ്പാക്കിയ രാത്രിയിൽ കുട്ടികളുടെ സ്മരണയ്ക്കായി ഇവിടെ മെഴുകുതിരികൾ തെളിയിച്ച് പ്രാർഥനയും സംഘടിപ്പിച്ചു.
Tags : DeathPenalty Texas JohnAllenRubio ChildMurder Execution CrimeNews USNews