District News
തൃശൂർ: ബജറ്റ് പ്രഖ്യാപനമായതോടെ, നഗരമധ്യത്തിലെ പച്ചത്തുരുത്തായ, ചെമ്പൂക്കാവിലെ ചരിത്രപ്രസിദ്ധമായ തൃശൂർ മ്യൂസിയം- മൃഗശാല കോമ്പൗണ്ട് സസ്യോദ്യാനവും വിശ്രമകേന്ദ്രവുമായി വിനോദസഞ്ചാരകേന്ദ്രമാകാൻ ഒരുങ്ങുന്നു.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2022-23ൽ തൃശൂരിൽ പുതിയൊരു സംസ്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലം സംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. യുഡിഎഫിന്റെ ആദ്യ ബജറ്റിലാണ് 20 കോടി വകയിരുത്തി മൃഗശാലയുടെ പേരെടുത്തുപറഞ്ഞുള്ള നിർണായകപ്രഖ്യാപനമുണ്ടായത്.
മൃഗശാല പുത്തൂരിലെ പുതിയ വൈൽഡ്ലൈഫ് സഫാരി പാർക്കിലേക്കു പൂർണമായി മാറിയ സാ
ഹചര്യത്തിലാണ് ചെമ്പൂക്കാവിലെ വിസ്തൃതമായ ഭൂമി പ്രകൃതിഭംഗി ഒട്ടുംചോരാതെ സംരക്ഷിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.
നിലവിലുള്ള മരങ്ങൾ മുറിച്ചുമാറ്റാതെയും പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെയും കോന്പൗണ്ടിനകം ഹരിതാഭമായ സസ്യോദ്യാനമായും വിശ്രമകേന്ദ്രമായും നിലനിർത്തുകയാണു ലക്ഷ്യം. ഇതോടെ മൃഗശാലാ കോമ്പൗണ്ടിന്റെ വികസനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ചിരുന്ന വിപുലമായ മ്യൂസിയം പദ്ധതിയും യാഥാർഥ്യമാകും. ഇതിനായുള്ള പ്രാരംഭനടപടികൾ നേരത്തേത്തന്നെ ആരംഭിച്ചിരുന്നു.
വൃക്ഷനിബിഡവും ജൈവസന്പുഷ്ടവുമായ 80 സെന്റ് സ്ഥലത്താണ് മൃഗശാല പ്രവർത്തിച്ചിരുന്നത്. മൃഗശാല, കാഴ്ചബംഗ്ലാവ് പ്രദേശത്തെ മൊത്തം ഭൂവിസ്തൃതി 14.07 ഏക്കറാണ്. ഇതിന്റെ 2.31 ശതമാനം പ്രദേശത്തു കെട്ടിടങ്ങളാണ്. ബാക്കിയുള്ള 10.43 ഏക്കർ ഭൂമി പച്ചത്തുരുത്താണ്.
തൃശൂർ നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഈ പച്ചത്തുരുത്ത് അത്യന്താപേക്ഷിതമാണെന്നും മൃഗശാല പുത്തൂരിലേക്കു മാറ്റുന്പോൾ പച്ചപ്പുകൾ നിലനിർത്തി സംരക്ഷിക്കണമെന്നും പ്രകൃതിസ്നേഹികളും തൃശൂർനിവാസികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
District News
കാഞ്ഞിരപ്പുഴ: സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളേയും സംഘത്തിലെ മുതിർന്ന സഹകാരികളേയും ആദരിച്ചു.
സംഘം പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെതന്നെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കാഞ്ഞിരപ്പുഴ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റിയെന്നും ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികൾ അണിചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘം വൈസ് പ്രസിഡന്റ് സി. അച്യുതൻ ആമുഖപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബിജി ടോമി, മുഹമ്മദ് നവാസ്, പഞ്ചായത്ത് മെംബർ പി.എസ്. ഹുസൈൻ, അബൂബക്കർ ബാവിക്ക, സി.ടി. അലി, പി.കെ. അബ്ദുൾ ലത്തീഫ്, അഷറഫ് അലി എന്ന മണി, ഫിറോസ് ബാബു, മുഹമ്മദ് ഗിസാൻ, ബാലചന്ദ്രൻ, പി. സുദേവൻ,അബ്ദുറഹ്്മാൻ, സി.ടി. മൊയ്തു, ശശികുമാർ, ജിൻസി ജേക്കബ്, സൈനബ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി എബിൻ വർഗീസ് നന്ദി പറഞ്ഞു.
District News
പാലക്കാട്: ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവർക്ക് ഇഷ്ടപ്പെട്ട വ്യത്യസ്തങ്ങളായ ജേഴ്സികൾ അണിഞ്ഞുകൊണ്ട് സ്കൂളിൽ അണിനിരന്നു.
സ്കൂൾ മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ വേൾഡ് കപ്പിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ് എന്നിവർ കുട്ടികൾക്കു നിർദേശങ്ങൾ നൽകി. സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളിൽ കായികബോധവും കൂട്ടായ്മയും വളർത്തുന്നതിനും ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം പങ്കുവയ്ക്കുന്നതിനും സഹായകമായി.
അസിസ്റ്റന്റ് മാനേജർ ഫാ. ആശിഷ് പെരുംപുഴയുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
District News
പാലക്കാട്: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
എട്ടു മാസമായി കുടിശികയായ മിനിമം വേതനം, നാലു വർഷമായി കുടിശിക നിൽക്കുന്ന ഉത്പാദന പ്രോത്സാഹന വേതനം എന്നിവ ഉടൻ അനുവദിക്കുക, ജോലി ചെയ്യാനാവശ്യമായ അസംസ്കൃത സാധനങ്ങൾ മുടങ്ങാതെ വിതരണം ചെയ്യുക, ചെയ്ത ജോലിക്കുള്ള വേതനം കൃത്യമായി വിതരണം ചെയ്യുക, തൊഴിലാളികളുടെ മക്കൾക്ക് നല്കി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉടൻ നല്‍കുക, ഖാദി സ്ഥാപനങ്ങളുടെ റിബേറ്റ് കുടിശിക കൊടുത്തു തീർക്കുക തുടങ്ങിയവയാണ് ഇതര ആവശ്യങ്ങൾ.
സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ. ചന്ദ്രൻ, ടി.വി. പ്രമീള, പി. വിദ്യ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
District News
കോയമ്പത്തൂർ: സായിബാബ കോളനി ലിസ്യു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി കാബിനറ്റ് ഉദ്ഘാടനം വർണാഭമായി. സ്കൂൾ കറസ്പോണ്ടന്റ് ഫാ. തോമസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ആൻസൺ പാണേങ്ങാടൻ നേതൃത്വം നൽകി. കോയമ്പത്തൂരിലെ സിആർപിഎഫ് സെൻട്രൽ ട്രെയിനിംഗ് കോളജിലെ ഡെപ്യൂട്ടി കമാൻഡന്റ് വിനോജ് ജോസഫ് മുഖ്യാതിഥിയായിരുന്നു.
10, 12 പൊതു പരീക്ഷകളിൽ വിജയിച്ചവരെ മാതാപിതാക്കളോടൊപ്പം ആദരിച്ചു. 10, 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെയും അഭിനന്ദിച്ചു. 10, 12 ക്ലാസുകളിലെ ഉന്നത വിജയികൾക്ക് ലിസ്യു അലുമ്നി അസോസിയേഷൻ പ്രത്യേക അവാർഡുകളും നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. സിഫിൻ ലേസർ, പിടിഎ പ്രസിഡന്റ് ഡോ. ധീരജ് പ്രേംകുമാർ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് രാകേഷ് മേനോൻ പങ്കെടുത്തു.
District News
കോയമ്പത്തൂർ: കോയമ്പത്തൂരിൽ സോളാർപ്ലാന്റ് പരിസരത്ത് നെറ്റ്മീറ്റർ സ്ഥാപിക്കാൻ അനുമതി നൽകുന്നതിന് 90, 000 രൂപ കൈക്കൂലി വാങ്ങിയതിനു വൈദ്യുതി ബോർഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തെളിവുസഹിതം അറസ്റ്റിൽ. കോയന്പത്തൂർ സ്വദേശിയായ ദീപൻ എന്നയാൾ നൽകിയ പരാതിയെ തുടർന്ന് ജില്ലാ അഴിമതി വിരുദ്ധ പോലീസ് നടത്തിയ റെയ്ഡിലാണ് എൻജിനീയർ എം. കതിർവേൽ കുടുങ്ങിയത്.
District News
കൊല്ലങ്കോട് : കാളികുളമ്പ് , ചീരണി ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ച് പത്തുദിവസമായിട്ടും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.
ആർആർടി സംഘം പകലും രാത്രിസമയങ്ങളിലും സ്ഥലത്ത് നിരീക്ഷണം നടത്തിവരികയാണ്.
പുലിയെ കാണപ്പെട്ട സ്ഥലത്തിനു സമീപം വനമേഖലയാണ്. ഈ സ്ഥലത്ത് വനപാലകസംഘം പടക്കംപൊട്ടിച്ചു വരുന്നതിനാൽ പകൽസമയത്ത് വനത്തിൽകയറി രാത്രിസമയത്ത് ചീരണി ഭാഗത്ത് വന്നുപോവുന്നതായി നാട്ടുകാർ റേഞ്ച് ഓഫീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാമറ നിലനിർത്തി തെരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്. പ്രദേശത്തെ വളർത്തുനായ്ക്കളേയോ തെരുവുനായ്ക്കളേയോ കാണാതായ സംഭവങ്ങളും ഇതുവരെ നാട്ടുകാർ അറിയിച്ചിട്ടില്ല.
എന്നാൽ പത്തുദിവസംമുൻപ് സ്ഥലത്ത് പുലിയുടെ കാൽപാദ അടയാളം വനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് നാട്ടുകാർ രാത്രിസമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിവരികയാണ്.
District News
ഷൊർണൂർ: കുളപ്പുള്ളി- വല്ലപ്പുഴ റോഡിൽ ചരക്കുലോറി വഴിയിൽ കുടുങ്ങി, ഗതാഗതം സ്തംഭിച്ചു. മണ്ണാറമ്പാറ കയറ്റത്തിലാണ് ചരക്കുലോറിയുടെ ടയറുകൾ മണ്ണിൽ താഴ്ന്നത്. മഴ പെയ്ത് പാതയുടെ വശങ്ങളിൽ ബലക്ഷയം നേരിട്ടതാണ് പ്രശ്നകാരണം.
മേഖലയിൽ ഭാരവാഹനങ്ങൾ കുരുങ്ങുന്നതു പതിവായിരിക്കുകയാണ്. ഇതുമൂലം ഇന്നലെ പുലർച്ചെ നാലുമുതൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പട്ടാമ്പി ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കയിലിയാട് വഴിയാണ് പോയത്. ഗതാഗതതിരക്കുകാരണം വല്ലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു.
District News
പാലക്കാട്: കുട്ടികള്‍ക്ക് അഞ്ചുവയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതിനാല്‍ അഞ്ചുമുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണെന്നു സംസ്ഥാന ഐടി മിഷന് ഡയറക്ടര്‍ അറിയിച്ചു.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കല്‍, സ്കൂള്‍- കോളജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി പുതുക്കുന്നത് മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
District News
കല്ലടിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ ഗാന്ധി ദർശൻവേദിയോടൊപ്പം എല്ലാവരും അണിചേരണമെന്നു കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഡോ.പി.പി. വിജയകുമാർ ആവശ്യപ്പെട്ടു. കോങ്ങാട് നിയോജക മണ്ഡലം ഗാന്ധി ദർശൻവേദി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കണമെന്നു കൺവൻഷൻ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.സി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ജനറൽ സെകട്ടറി കെ.എം. പോൾ, ജില്ലാ കമ്മിറ്റി അംഗം ഡോ. മാത്യു കല്ലടിക്കോട്, വൈസ് ചെയർമാൻ പി. ഗോപി, ട്രഷറർ ഡോ.എം. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ പി. വിത്സൻ, കെ.എസ്. സുരേഷ്, നൗഫൽ അലി, പി. രാജൻ, പെരുമാൾ മാത്യു എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം വളർത്തുന്നതിനായി കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ ഓഫീസർ സുധീർ ക്ലാസ് നയിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ, നിയമപരമായ വശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും ഏറ്റെടുത്തു.
District News
പട്ടാമ്പി: ചേംബർ ഓഫ് കോമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും സംയുക്തമായി എല്ലാ മാസവും നടത്തുന്ന സൗജന്യ നേത്രരോഗ തിമിര ശസ്ത്രക്രിയ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്നു നടക്കും. ഉദ്ഘാടനം പട്ടാമ്പി നഗരസഭ കൗൺസിലർ സി.എസ്. സുരേഷ് നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് കോപ്പിയുമായി പട്ടാമ്പി ചേംബർ ഹൗസിലെത്തണം.
District News
ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രതീകമാണ് യോഗ. ശരീരത്തിനും മനസിനും ഉണര്‍വ് പകരാന്‍ ചിട്ടയായ യോഗ പരിശീലനം ഉപകരിക്കും. തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ സമ്മര്‍ദം കുറയ്ക്കാനും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ വലിയ പങ്കുവഹിക്കുന്നു.
യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുവരുന്നു. ആരോഗ്യമുള്ള സമൂഹത്തിനും സന്തുലിതമായ ജീവിതത്തിനും യോഗ ഒരു മികച്ച മാര്‍ഗമാണെന്ന് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
നമ്മുടെ ശരീരത്തെ നിവര്‍ന്നു നില്ക്കാന് സഹായിക്കുകയും അനവധി ശരീരഭാഗങ്ങളുടെ സംയോജിത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് നട്ടെല്ല്. അമിത ശാരീരിക അധ്വാനം ഉള്ളവരിലും തീര്‍ത്തും അലസജീവിതം നയിക്കുന്നവരിലും ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് നടുവേദനയും കഴുത്തുവേദനയും.
വ്യായാമക്കുറവ്, ശാരീരിക പരിചരണക്കുറവ്, സ്വന്തം വ്യായാമ പരിധിയെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ലളിതമായ ചില യോഗാസനങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചവിട്ടുപടിയായി ചെയ്യാന്‍ സാധിക്കും.
നട്ടെല്ലിനായുള്ള പ്രധാന
യോഗാസനങ്ങള്‍:
ഭുജംഗാസനം- ശരിയായ രീതിയില്‍ ചെയ്യുമ്പോള്‍, നട്ടെല്ലിന്റെ ഓരോ കശേരുക്കളുടെയും വഴക്കം വര്‍ധിക്കുകയും കഠിനത കുറയുകയും ശരീരത്തിന്റെ പൊസിഷന്‍ മെച്ചപ്പെടുകയും ചെയ്യും.
ബാലാസനം- ഇടുപ്പും നട്ടെല്ലും മെല്ലെ ശക്തിപ്പെടുത്തുന്നു. പുറംവേദന ബുദ്ധിമുട്ട്, പൊസിഷന്‍ മാറ്റത്തിലെ ബുദ്ധിമുട്ട് എന്നിവ കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
സുപ്ത മത്സ്യേന്ദ്രാസനം- നട്ടെല്ല് നല്ലതുപോലെ നിവര്‍ത്തി സ്വാഭാവിക ചലനപരിധി വര്‍ധിപ്പിക്കുന്നു. വശത്തേക്ക് വളയല്‍, തിരിവ്, കഴുത്തിന്റെയും പുറത്തിന്റെയും ചലനം എന്നിവ മെച്ചപ്പെടുത്തുന്നു.
സേതുബന്ധാസനം- കഴുത്തും പുറവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി നട്ടെല്ല് ശരിയായ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ വയര്‍, നടുവ്, കാലുകള്‍ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തി പൊസിഷന്‍ നല്ല രീതിയില്‍തന്നെ മെച്ചപ്പെടുത്തുന്നു.
യോഗയുടെ യഥാര്‍ഥ ഗുണഫലം ലഭിക്കുന്നത് ശരീരചലനങ്ങളെ ശ്വാസത്തോടും അനുഭൂതിയോടും തിരിച്ചറിവോടും കൂടി ചേര്‍ത്തുനിര്‍ത്തി ഏകോപിപ്പിക്കുമ്പോഴാണ്. ഈ സമഗ്ര സമീപനം വ്യക്തിക്ക് ശാരീരിക, മാനസിക, വികാരപരമായ ഗുണം ചെയ്യുന്നു.
District News
നൊമിനിറ്റ ജോസ്
കോട്ടയം: ഒരു സാധാരണ വീട്ടമ്മ, മാനസികവും ശാരീരികവുമായി തളര്‍ന്നു പോകുമായിരുന്ന തന്റെ സാഹചര്യങ്ങളില്‍നിന്നു യോഗയിലൂടെ സ്വയം ഉയിര്‍ത്തെണീറ്റ് യോഗ ഇന്‍സ്ട്രക്ടറായി തീര്‍ന്ന അനുഭവമാണ് കോട്ടയം രാമപുരം സ്വദേശിനി ശ്രീജ ദീപക്കിന്റേത്.
യൗവ്വനാരംഭം മുതല്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ദേഹാസ്വാസ്ഥ്യങ്ങളെ കൃത്യമായി കണ്ടെത്താനാകാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, ഇവള്‍ക്ക് എല്ലാം തോന്നലാണ്, ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കൂ എന്ന്. അങ്ങനെ 21 ദിവസം മാനസികരോഗാശുപത്രിയില്‍ കിടന്ന ചരിത്രത്തില്‍ തുടങ്ങുന്നു ശ്രീജയുടെ കഥ.
ഒരു സുപ്രഭാതത്തില്‍ മാനസികന്യൂനതയുടെ ഉറക്കംതൂങ്ങി മരുന്നുകള്‍ ഉപേക്ഷിച്ചശേഷം, ശാരീരികബുദ്ധിമുട്ടുകള്‍ ആരോടും പറയാതെ കൊണ്ടു നടക്കുന്ന ശീലം ആരംഭിച്ചു. പാതിരാവുകളിലെത്തുന്ന മൈഗ്രേന്, ഹീമോഗ്ലോബിന്‍ ലെവല്‍ ക്രമാതീതമായി താഴ്ന്നു പോകുന്ന പ്രശ്നം, ഇതിനിടയില്‍ വിവാഹം, കുട്ടികള്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഇതൊക്കെയും സംഭവിച്ചു.
തന്റെ ബുദ്ധിമുട്ടുകള്‍ ഡോ. തോമസ് ആലിയാട്ടുകുടിയെ ബോധ്യപ്പെടുത്തിയപ്പോൾ, രോഗിയായ തന്നെ വിശ്വസിക്കുകയും രോഗത്തിന്റെ കാരണം തേടുകയും ചെയ്ത അദ്ദേഹമാണ് പതിറ്റാണ്ടുകളായുള്ള പ്രശ്നം കണ്ടുപിടിച്ചത്. അത്യപൂര്‍വമായ ലെഡ് പോയ്സണിംഗ്.
തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒരുറപ്പും ഉണ്ടായിരുന്നില്ല. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ലെഡ് വീണ്ടും ആക്രമിക്കുമോ? ഒരു പ്രതിരോധ പരിഹാരം എന്ന നിലയില്‍, ഡോ. തോമസിന്റെ തന്നെ ഉപദേശപ്രകാരമാണ് യോഗ ചെയ്തുനോക്കാന്‍ തീരുമാനിച്ചത്.
നല്ലൊരു ഗുരുവിനെ തേടിയുള്ള യാത്ര പതഞ്ജലി കോളജ് ഓഫ് യോഗ സ്ഥാപക ഡയറക്ടര്‍ യോഗാചാര്യന് ടി. മനോജില്‍ എത്തിച്ചു. അദ്ദേഹമാണ് യോഗമാര്‍ഗം ജീവിതമാര്‍ഗമാക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് ബംഗളൂരു എസ് വ്യാസ യൂണിവേഴ്സിറ്റി, തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം. ആയുഷ് മന്ത്രാലയത്തിന്റെ വെല്‍നസ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി.
തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്നിന്നു് എംഎസ്സി യോഗ പൂര്‍ത്തിയാക്കി. എട്ടു വര്‍ഷക്കാലമായി യോഗ അധ്യാപനത്തില്‍ സജീവമാണ്. എറണാകുളം ആസ്ഥാനമാക്കി 2018 ല്‍ യോഗ യോഗ പഠനകേന്ദ്രം തുടങ്ങി. തൊടുപുഴയിലും ക്ലാസുകള്‍ ആരംഭിച്ചു. കോവിഡ് വ്യാപന കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞു.
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സെന്റ് മേരീസ് ഹൈസ്കൂള്‍ കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ യോഗ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്ക് പുറമേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലായി നിരവധി പേര് യോഗശ്രീയില് ഓൺലൈനായി യോഗ പഠിക്കുന്നു. ഇപ്പോള്‍ രാമപുരമാണ് യോഗശ്രീ യോഗ പഠനകേന്ദ്രത്തിന്റെ ആസ്ഥാനം. 95 ശതമാനവും രോഗമുക്തയാണ് ശ്രീജ.
ശ്രീജയ്ക്കൊപ്പം ഏത് അവസ്ഥയിലും കൂട്ടിരുന്നത് അച്ഛന് പരമേശ്വരന് നമ്പൂതിരിയും അമ്മ ആര്യാദേവിയും ഭര്‍ത്താവ് ദീപക്കും മക്കളായ ബാലഗോപാലനും നിരവദ്യയുമാണ്.
District News
കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതിമൂലം സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഭൂരിഭാഗത്തിനും സര്‍വീസ് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന് സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്ത് 3000 ത്തിനടുത്ത് കെഎസ്ആര്‍ടിസി ബസുകളും 10,000ല്‍ അധികം സ്വകാര്യ ബസുകളുമാണ് ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്.
വിവിധ ജില്ലകളിലും ഒരേ ജില്ലയിലെതന്നെ വിവിധ റൂട്ടുകളിലും സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളെ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഒരേപോലെയല്ല ബാധിക്കുന്നത്. 50 ശതമാനം വരുമാനം നഷ്ടപ്പെടുന്ന സ്വകാര്യബസുകള്‍ മുതല്‍ വരുമാനം ഒട്ടും നഷ്ടപ്പെടാത്തവരുമുണ്ട്. ഇക്കാരണത്താല്‍ റോഡ് നികുതിയിലോ ഇന്ധനവിലയിലോ പൊതുവായി ഇളവുകള്‍ അനുവദിച്ചാല്‍ കൂടുതല്‍ വരുമാനം നഷ്ടപ്പെടുന്നവര്‍ക്കു സര്‍വീസ് നടത്താനാവില്ലെന്നുമാത്രമല്ല സാമാന്യനീതിക്കു നിരക്കുന്നതുമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
നിലവില്‍ 20 ശതമാനം മാത്രമുള്ള കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലൂടെ പരമാവധി 30 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ക്കു മാത്രമേ സൗജന്യ യാത്രയുടെ പ്രയോജനം കിട്ടുകയുള്ളൂ. കെഎസ്ആര്‍ടിസി ബസില്ലാത്ത റൂട്ടുകളിലെ 70 ശതമാനത്തില്‍ അധികം വരുന്ന, നിലവില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല.
സ്വകാര്യബസുകളെകൂടി ഉള്‍പ്പെടുത്തി മുഴുവന്‍ താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും യാത്രാസൗജന്യം അനുവദിക്കണമെന്നാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യവും മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങളും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരിനും ഗതാഗത വകുപ്പിനും സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജാക്സണ് സി. ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്, ട്രഷറര്‍ വിനോജ് കെ. ജോര്‍ജ്, വൈസ്പ്രസിഡന്റ് പി.വി. ചാക്കോ പുല്ലത്തില്‍, കെ.എസ്. ജയകൃഷ്ണന് നായര്‍, പ്രസാദ് ജി. നായര്‍, ഡാന്റിസ് അലക്സ് എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്
സ്വകാര്യബസുകള്‍ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നല്കി ജീവനക്കാരുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് വരുമാനം മുഴുവനായി സര്‍ക്കാര്‍ എടുക്കുക, ഇന്ധനവും ജീവനക്കാരുടെ വേതനവും ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും ഉടമ വഹിക്കുക,
സ്വകാര്യ ബസിന്റെ പെര്‍മിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയില്‍ നിലനിര്‍ത്തുക, താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കു മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തി എല്ലാ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലും നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.
District News
കോട്ടയം: പകര്‍ച്ചവ്യാധികളുടെ പിടിയില്‍ ജില്ല അകപ്പെട്ടതോടെ കരുതലൊരുക്കി ആരോഗ്യവകുപ്പ്. എച്ച്വണ് എന്‍വണ്‍, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, ഷിഗെല്ല രോഗങ്ങള്‍ പിടിപെട്ട് ജില്ലയില്‍ നിരവധിയാളുകള്‍ ചികിത്സയില്‍ കഴിയുന്നതോടെ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കാഞ്ഞിരപ്പള്ളി കാളകെട്ടിയില്‍ എച്ച്വണ് എന്‍വണ്‍ ബാധിച്ചു കഴിഞ്ഞമാസം ഒരാള്‍ മരണപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 3000ല്‍ അധികം പേരാണു വിവിധ തരത്തിലുള്ള പനികള്‍ക്ക് ചികിത്സ തേടിയത്. വാകത്താനത്ത് ഒരാള്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
എരുമേലിയില്‍ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരാള്‍ മരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു. ആശുപത്രിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും രേഖപ്പെടുത്തി. ഡെങ്കിപ്പനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. പനിയും വയറിളക്കവും ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
ഷിഗെല്ല ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ ഇടുക്കി സ്വദേശി ചികിത്സയിലുണ്ട്. അതേസമയം, എബോള സംശയിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുന്ന രോഗിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി.
വെള്ളൂര്‍, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വെച്ചൂര്‍ പഞ്ചായത്തുകളിലും വൈക്കം നഗരസഭാ പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ചങ്ങനാശേരി നഗരസഭാ പരിധിയിലും കഴിഞ്ഞദിവസം രണ്ടു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. മൂന്നുപേര്‍ നിരീക്ഷണത്തിലാണ്.
പായിപ്പാട്, വാഴപ്പള്ളി, ഉഴവൂര്‍, വെളിയന്നൂര്‍, കുറവിലങ്ങാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഒരുമാസത്തിനിടെ 25ല്‍ അധികം പേര്‍ക്കാണു മഞ്ഞപ്പിത്തം ബാധിച്ചത്. 20ല്‍ അധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തില്‍ എലിപ്പനിയും പിടിപെട്ടു.
മഴയും വെയിലും ഇടവെട്ട് വരുന്ന കാലാവസ്ഥയില്‍ കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൈതയും റബറും വെള്ളം കെട്ടിക്കിടക്കുന്ന ചെറുതോടുകളുമുള്ള പ്രദേശങ്ങളില്‍ കൊതുകുകളുടെ സാന്ദ്രത കൂടുതലാണ്. ഇത് ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
District News
പള്ളിക്കത്തോട്: ആനിക്കാട് മന്ദിരം വിലങ്ങുപാറയിൽ തോമസ് (ബാബു)-വത്സമ്മ ദമ്പതികളുടെ മകൾ ജൂലി തോമസ് (35) പനിബാധിച്ച് മരിച്ചു. ശനിയാഴ്ച പുലർച്ചെ മെഡിക്കൽ കോളജിലാണ് മരണം സംഭവിച്ചത്. സംസ്കാരം അരുവിക്കുഴി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരൻ: ജിബിൻ തോമസ്.
District News
കോട്ടയം: പരിമിതികളില്ലാതെ സ്വകാര്യ നിക്ഷേപത്തിനു കേരളത്തെ തുറന്നിട്ടു കൊടുക്കുന്ന ദിശാബോധം ഇല്ലാത്ത ബജറ്റാണു മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കടലും കരയും കരിമണലും സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജന്മദിനമായ ഒക്ടോബര്‍ 9നു കോട്ടയത്ത് സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. റോഷി അഗസ്റ്റിന്, ഡോ. എന്‍. ജയരാജ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: കേരളത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രഥമ ബജറ്റെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ തോമസ് ഉണ്ണിയാടന്, ഷിബു തെക്കുംപുറം, വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്, വിനു ജോബ് എന്നിവര്‍ക്ക് സ്വീകരണം നല്കി.
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്‍മാര്‍ മന്ത്രി മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന് എംഎല്‍എ, സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫ്, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, റെജി ചെറിയാന് എംഎല്‍എ, വിനു ജോബ് എംഎല്‍എ, എം.പി. പോളി, ഇ.ജെ ആഗസ്തി, ഡി.കെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: വിദ്യാർഥികളിൽ പുതുവെളിച്ചവും പ്രതീക്ഷയും സന്തോഷവും പകർന്ന് ദീപിക - സീക് കണ്‍സൾട്ടൻസി അക്കാദമിക് എക്സലൻസ് അവാർഡ് ദാനം. ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധിച്ച് സീക് കണ്‍സൾട്ടൻസിയും ദീപികയും സംയുക്തമായി "വിജയോത്സവം 2026' എന്ന പേരിലാണ് അക്കാഡമിക് എക്സലൻസ് അവാർഡ് ദാനം സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഓരോ വിജയവും പുതുചരിത്രം സൃഷ്ടിക്കാനുള്ള ചുവടുവയ്പായിരിക്കണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രഫ. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തി.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദീപിക ജനറൽ മാനേജർ സർക്കുലേഷൻ ഫാ. ജോർജ് മാന്തുരുത്തിൽ, ആർച്ച്പ്രീസ്റ്റും സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയുമായ ഫാ. ഡോ. കുര്യൻ താമരശേരി, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ ആൻഡ് പിആർഒ മാത്യു കൊല്ലമലക്കരോട്ട്, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഡിഎഫ്സി സംസ്ഥാന ജനറൽ സെക്രട്ടറി ജോയി മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
വിജയോത്സവത്തിന്റെ ഭാഗമായി പ്രമുഖ കരിയർ വിദഗ്ധരും സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്റുമായ ജിബിൻ ബിനു ജോസഫ് നയിച്ച കരിയർ ഗൈഡൻസ് സെമിനാറും ശില്പശാലയും ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്, ഒന്‍പത് എ പ്ലസ്, എട്ട് എ പ്ലസ് നേടിയവർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ്, 80 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർ എന്നിവരെയാണ് വിജയോത്സവത്തിൽ ആദരിച്ചത്. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് അക്കാഡമിക് എക്സലൻസ് അവാർഡും നൽകി ബിഷപ് മാർ ജോസ് പുളിക്കൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയായിൽനിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളും മാതാപിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
District News
ചിറക്കടവ്: താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിലെ എസ്എംവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷം "സുവർണ ശോഭയിൽ യുവദീപ്തി' എന്ന പേരിൽ നടത്തി. രൂപത ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജയിംസ് ചവറപ്പുഴ അധ്യക്ഷത വഹിച്ചു. എസ്എംവൈഎം ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി ആമുഖ സന്ദേശം നൽകി. എസ്എംവൈഎം ചിറക്കടവ് യൂണിറ്റ് ജനറൽ സെക്രട്ടറി അലൻ, കൗൺസിലർ അൽഫോൻസ ബിജോയ് എന്നിവർ പ്രസംഗിച്ചു.
രൂപത പ്രസിഡന്റ് ജോമോൻ ഫിലിപ്പ് സുവർണ ജൂബിലി കർമപദ്ധതികളുടെ മാർഗരേഖ പ്രകാശനം ചെയ്തു.
സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം വീഡിയോയായി അവതരിപ്പിച്ചു. എഴുപതോളം യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
District News
എരുമേലി: തമിഴ്നാട് പുത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എരുമേലി സ്വദേശിയായ വ്യാപാരിയുടെ മരണം രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എരുമേലി മറ്റന്നൂർക്കര കുന്നത്ത് വീട്ടിൽ സുമേഷ് ലാൽ (57) ആണ് മരിച്ചത്.
മൃതദേഹം ഇന്നലെ വൈകുന്നേരം ടൗണിൽ ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചശേഷം മറ്റന്നൂർക്കര എൻഎസ്എസ് ശ്മശാനത്തിൽ സംസ്കരിച്ചു.
ടൗണിൽ റബർ വ്യാപാരവും തൊട്ടടുത്ത പെയിന്റ് കടയിൽ ജോലിയുമുണ്ടായിരുന്ന സുമേഷ് ലാൽ ഇക്കഴിഞ്ഞ 15ന് ചികിത്സയ്ക്കായി കോട്ടയത്തു പോയശേഷം തിരികെ വരാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്.
District News
കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി യാത്രക്കാരനു ഗുരുതര പരിക്ക്. തുലാപ്പള്ളി പുളിയന്‍കുന്ന് വാലുമണ്ണില്‍ ജോണി (80)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.45ഓടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജോണിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
കറിക്കത്തി, വാക്കത്തി തുടങ്ങിയവ കൊണ്ടുനടന്നു വില്‍ക്കുന്ന ആളാണ് ജോൺ. ബസ് മുന്നോട്ടെടുക്കവേ ബസിന്റെ മുന്‍വശത്തു കൂടി മറുവശത്തേക്കു കടക്കുന്നതിനിടെ ബസ് തട്ടി അടിയിലേക്ക് വീണ ജോണിന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
District News
ഇടമറ്റം: പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലം കിട്ടാതെ വലയുമ്പോള്‍ സര്‍ക്കാര്‍സ്ഥലം കാടുകയറി നശിക്കുന്നു. ഇടമറ്റത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ചിരുന്ന ഗവ. എല്‍പി സ്കൂളിന്റെ ഒരേക്കറോളം സ്ഥലമാണ് ഒന്നര പതിറ്റാണ്ടായി കാടുകയറി കിടക്കുന്നത്. ഈ സ്ഥലം ഇന്ന് സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറി. ഇവിടെയുണ്ടായിരുന്ന സ്കൂള്‍ കെട്ടിടം പൂര്‍ണമായും ജീര്‍ണിച്ച് നശിച്ചുപോയി.
18 വര്‍ഷം മുമ്പ് ഈ സ്ഥലത്ത് അസാപ്പിന്റെ കമ്യൂണിറ്റി പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. പ്രവര്‍ത്തനം തുടങ്ങാനെന്ന പേരില്‍ ഇവിടെയുണ്ടായിരുന്ന മരങ്ങള്‍ വെട്ടിമാറ്റിയതല്ലാതെ മറ്റു നടപടികളുണ്ടായില്ല. അന്ന് പദ്ധതി തയാറാക്കിയ മറ്റു സ്ഥലങ്ങളില്‍ നിര്‍മാണം നടത്തി പാര്‍ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
ഈ സ്ഥലം വിനിയോഗിച്ച് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്തിനോടും വിവിധ ജനപ്രതിനിധികളോടും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പഞ്ചായത്തിന്റെ വികസന സെമിനാറുകളിലും ഗ്രാമസഭകളിലും നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
വിദ്യാഭ്യാസ, ആരോഗ്യ, കായിക, വ്യവസായ, ഭക്ഷ്യ, വൈദ്യുതി, വിനോദ, സാംസ്കാരിക വകുപ്പുകളില്‍ സാധ്യതയുള്ളവയ്ക്കുവേണ്ടി സ്ഥലം വിട്ടുനല്‍കണമെന്നാണ് പൊതുവായ ആവശ്യം. വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്ന ആയുര്‍വേദ ആശുപത്രി തുടങ്ങുന്നതിന് സൗകര്യപ്രദമായ സ്ഥലമാണ്.
District News
കുറവിലങ്ങാട്: മേഖലയിൽ പകർച്ചപ്പനി വ്യാപകമാകുന്നു. ഇൻഫ്ലുവൻസയും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ഓരോ ദിവസവും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
പനിയും ചുമയുമായാണ് പലരും ചികിത്സ തേടുന്നത്. ശരീരവേദനയും വയറിളക്കവും അനുഭവപ്പെടുന്നവരുമുണ്ട്. ചിലർക്ക് ഛർദ്ദിയും ഉണ്ടാകുന്നുണ്ട്.
മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
ചിട്ടയായ വിശ്രമമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പഴകിയതും തണുത്തതുമായ ആഹാരപദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നത് രോഗപ്രതിരോധത്തിന് ഉചിതമാണെന്നും നിർദേശമുണ്ട്.
District News
കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിൽ പിതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് പിതൃദിനാഘോഷം നടത്തും. രാവിലെ 8.45ന് വിശുദ്ധ കുർബാന. തുടർന്ന് മുത്തിയമ്മ ഹാളിൽ സമ്മേളനം. പിതൃസംഗമം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്യും. 50 വിദ്യാർഥികൾക്ക് മുക്കാൽ ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെ ഇൻഷ്വറൻസ് ബ്രോക്കറും ആംട്രസ്റ്റ് കോ ഫൗണ്ടറുമായ എം. പ്രവീൺ പരിചയപ്പെടുത്തും. പിതൃവേദി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ആർച്ച്പ്രീസ്റ്റ് സമ്മാനിക്കും. സംഗമത്തിൽ പങ്കെടുക്കുന്ന മികച്ച ദമ്പതികളേയും മുതിർന്ന പിതാവിനെയും ആദരിക്കും.
പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിക്കും. രൂപത ട്രഷറർ ജോർജ് ടിക്സൺ മണിമലത്തടത്തിൽ, സെക്രട്ടറി ഷാജി പാറപ്പുറത്ത്, ട്രഷറർ ജോബിഷ് പട്ടരുമഠം, യോഗപ്രതിനിധി ജോസ് സി. മണക്കാട്ട് എന്നിവർ പ്രസംഗിക്കും.
District News
ഈരാറ്റുപേട്ട: കഴിഞ്ഞ ജനുവരി 29നു മുന്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ മുന്‍ എംഎല്‍എ നിര്‍ദേശിച്ച പദ്ധതികള്‍ക്കു മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ ഭരണാനുമതിയോടുകൂടി തുക വകയിരുത്തിയിട്ടുള്ളതെന്നും പുതിയ പദ്ധതികള്‍ ഒന്നുംതന്നെ പൂഞ്ഞാറിനു ബജറ്റില്‍ വന്നിട്ടില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
പഴയ ബജറ്റ് നിര്‍ദേശങ്ങളിലെ വാഗമണ്‍-ഇളങ്കാട് കേന്ദ്രീകരിച്ച് ടൂറിസം സര്‍ക്യൂട്ട്, കോരുത്തോട് പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം, എരുമേലി മാസ്റ്റര്‍പ്ലാന്‍ രണ്ടാംഘട്ടം, പുഞ്ചവയലില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് സെന്റര്‍, മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം, പൂഞ്ഞാറില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണകേന്ദ്രം തുടങ്ങിയവ ഒഴിവാക്കിയതായും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിധിമൂലം ഉണ്ടായിട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല. പൂഞ്ഞാറിനെ എഡ്യൂക്കേഷണല്‍ ഹബ്ബാക്കി മാറ്റുക, റൈസിംഗ് പൂഞ്ഞാര്‍ നിക്ഷേപകസംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാക്കി പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കല്‍ തുടങ്ങിയവയൊന്നും ബജറ്റില്‍ ഇടംപിടിച്ചില്ല.
പുതിയ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കല്‍, ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍ തുടങ്ങിയവ ഭരണാനുമതിയുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്താതെ ടോക്കണ്‍ പ്രൊവിഷനോടുകൂടിയുള്ള ബജറ്റ് നിര്‍ദേശങ്ങളായി മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു നിരാശാജനകമാണ്.
റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കി ഉയര്‍ത്തിയ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
District News
പാലാ: വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനു 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന് ഉത്തരവായി. എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറമ്പില്‍ പ്രദീപ് കുമാര്‍ (43) വാഹനാപകടത്തില്‍ മരിച്ച കേസിലാണ് അവകാശികള്‍ക്ക് പലിശയും ചെലവും ഉള്‍പ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവായത്. അപകടത്തിനിടയാക്കിയ ബസിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേയാണ് വിധി.
2022 ഓഗസ്റ്റ് ആറിന് പ്രദീപ് കുമാര്‍ എരുമേലി-മുണ്ടക്കയം റോഡിലൂടെ ബൈക്കിൽ പോകവേ ആനക്കല്‍ ഭാഗത്ത് എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. പ്രിന്‍സ് ജോസഫ് വലിയപരയ്ക്കാട്ട്, അഡ്വ. ബിജു ജോസഫ് വലിയപരയ്ക്കാട്ട് എന്നിവര്‍ ഹാജരായി.
District News
വണ്ടിപ്പെരിയാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ വള്ളക്കടവ് സെക്ഷനു കീഴിലെ ചെന്നായിപ്പാറയിലാണ് ഫീൽഡ് വിസിറ്റിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണനെ (44) കാട്ടുപോത്ത് ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ നിലത്തു വീണു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വള്ളക്കടവ് ചെക്ക്പോസ്റ്റിൽ വിവരമറിയിച്ചതനുസരിച്ച് അവിടെനിന്ന് ആംബുലൻസ് എത്തിച്ച് ഉണ്ണികൃഷ്ണനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കു ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
District News
ചെറുതോണി: കാലഹരണപ്പെട്ട ഭൂനിയമം റദ്ദ് ചെയ്ത് പരിഷ്കരിച്ച രണ്ടാം ഭൂനിയമം നടപ്പാക്കുമെന്ന് റോയി കെ. പൗലോസ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന ഭൂ ഭേദഗതി നിയമം, ഭൂനിയമം കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. ഇതു പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ഇടുക്കിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തും. സിഎച്ച്ആര്‍ മേഖലയിലെ നിര്‍മാണ നിരോധനം പരിഹരിക്കും. പത്തുചെയിന്‍ പ്രദേശത്തെ തടസങ്ങള്‍ പരിഹരിച്ച് അര്‍ഹരായ കര്‍ഷകര്‍ക്കു പട്ടയം നല്‍കും.
ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന വികസനം നടപ്പാക്കുന്നതിന് കളക്ടറുടേയും ഉദ്യോഗസ്ഥരുടേയും യോഗം രണ്ടു തവണ ചേര്‍ന്നു.
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട റോഡ്, കെട്ടിടം, ഹോസ്റ്റല്‍, ഓപ്പറേഷന് തിയറ്റര്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയില്‍ സ്ഥിരം സൂപ്രണ്ടിനെയും കുറവുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം ഉടന്‍ ആരംഭിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനായി ആരോഗ്യ വകുപ്പു മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉടന്‍തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരുമെന്നും റോയി കെ പൗലോസ് പറഞ്ഞു.
ഇടുക്കിയിലെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍ കൊണ്ടുവരും. അടഞ്ഞുകിടക്കുന്ന തോട്ടം മേഖലയില്‍ വ്യവസായങ്ങള്‍ കൊണ്ടുവരും. ഹോം സ്റ്റേ പോലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും തമിഴ്നാടിന് ജലവും എന്ന തത്വമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനു തമിഴ്നാടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, കേരള അക്വാട്ടിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, ഇടുക്കി ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ഷൈജന്‍ സ്റ്റീഫന്‍, കേരള ഹോക്കി ജോയിന്റ് സെക്രട്ടറി മിനി അഗസ്റ്റിന്, ഹോക്കി ഇടുക്കി സീനിയര്‍ വൈസ് പ്രസിഡന്റ് ശരത് യു. നായര്‍, ഹോക്കി ഇടുക്കി സെക്രട്ടറി റിജോ ഡോമി, ജോയിന്റ് സെക്രട്ടറി ഡിംപിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കരിങ്കുന്നം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ 2026ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് വണ്‍ മില്ല്യണ്‍ തൂഫാന് ഗോള്‍സ് എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന് നടത്തി. തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കരിങ്കുന്നം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ 2026ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് വണ്‍ മില്ല്യണ്‍ തൂഫാന് ഗോള്‍സ് എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന് നടത്തി. കരിങ്കുന്നം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റാന്‍ലി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയ്സണ്‍ നിരവത്ത്, അസി. വികാരി ഫാ. ഡെല്ഫിന് കുരിക്കാട്ടില്‍, സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട്, മുന്‍ സന്തോഷ് ട്രോഫി താരവും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ ഷിനു, പിടിഎ പ്രസിഡന്റ് സ്മിനു പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് ഇന്‍സ്പെക്ടര്‍ എം. ബിനു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.വണ്ടന്മേട് പോലീസ് സ്റ്റേഷനും അണക്കര ഗവ. ഹൈസ്കൂളും സംയുക്തമായി ലഹരിവിരുദ്ധ റാലിയും സിഗ്നേച്ചര്‍ കാമ്പയിനും സംഘടിപ്പിച്ചു. സബ് ഇന്‍സ്പെക്ടര്‍ ബിനോയ് ഏബ്രഹാം ലഹരിവിരുദ്ധ സന്ദേശം നല്കി. കുഴിത്തൊളു ദീപ ഹൈസ്കൂളില്‍ നടന്ന പിടിഎ യോഗത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ സ്റ്റുഡന്റ്സ് പോലീസ് പ്രോജക്ട് മോട്ടിവേഷന്‍ സെല്ലിലെ സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തിവരികയാണ്. ഇത്തരം ക്ലാസുകള്‍ക്കായി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറെ ബന്ധപ്പെടണം. ഫോണ്‍. 9497912649.
District News
തൊടുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായതായി പരാതി. രാത്രി സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുറുക്കന്മാര് വീടിനു പുറത്തുള്ള ചെരുപ്പുകള്‍, തുണികള്‍, മറ്റു സാധനങ്ങള്‍ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കുറുക്കന്മാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റു വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളില്‍ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും ഇവ ആക്രമിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നു. വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രിയദർശിനി ബസിൽ യാത്ര ചെയ്തു. ട്രാൻസ്ജൻഡർ സമൂഹത്തിനും സ്ത്രീകൾക്കും പ്രായഭേദമന്യേ കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു യാത്ര ആരംഭിച്ചു.
ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ സർക്കാർ നടപ്പിലാക്കിത്തുടങ്ങി. സമയബന്ധിതമായി വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണന്ന് പ്രിയദർശിനി ബസ് യാത്രയ് ക്കു തുടക്കം കുറിച്ചു ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരും യാത്രികരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ഡെപ്യുട്ടി സ്പീക്കറെ സ്വീകരിച്ചു. കെഎസ്ആർടിസി ജീവനക്കാരും മെക്കാനിക്കുമാരും ഡിപ്പോയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡെപ്യുട്ടി സ്പീക്കറെ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.സി. വേണുഗോപാൽ എംപിയും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനും ആലപ്പുഴഎംഎൽഎ എ.ഡി. തോമസുമായി കൂടിയാലോചിച്ച് ഈ ബജറ്റ് കാലയളവിൽതന്നെ നടപടികൾ സ്വീകരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ ബബിത ജയൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ. മാത്യു. ബ്ലോക്ക് പ്രസിഡന്റുന്മാരായ സഞ്ജീവ് ഭട്ട്, കെ.എ. സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജ്യോതിമോൾ, അഡ്വ.ജി. മനോജ് കുമാർ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.
District News
അമ്പലപ്പുഴ: അന്പലപ്പുഴയിൽ നാലു വീടുകളിൽ മോഷണശ്രമം. പോസ്റ്റ് ഓഫീസിന് കിഴക്ക് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ രാത്രിയിൽ നാലു വീടുകളിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്.
പടിഞ്ഞാറേ വീട്ടിൽ ബിപിൻ, കൃഷ്ണ കൃപയിൽ ശശിധരകൈമൾ, ഗുരുഭവനിൽ ഷിനു, ജലീലിയാ മൻസിലിൽ അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. രാത്രി 12.30നും 3.30നുമിടയിലാണ് വീടുകളിൽ മോഷണശ്രമം നടന്നത്.
ബിപിൻ, ശശിധരകൈമൾ, ഷിനു എന്നിവരുടെ വീടുകളിൽ അടുക്കള വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ബിപിന്റെ വീട്ടിൽ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം കാണാമെങ്കിലും വ്യക്തമല്ല. കൈയിൽ ആയുധമുപയോഗിച്ച് ഒരാൾ നടന്നുപോകുന്ന ദൃശ്യമാണ് ഇതിലുള്ളത്. തന്റെ വീട്ടിലെ ഇൻവെർട്ടർ ഓഫ് ചെയ്ത ശേഷമാണ് മോഷണ ശ്രമം നടത്തിയതെന്ന് ഷിനു പറഞ്ഞു. ശശിധര കൈമളിന്റെ വീട്ടിൽ അടുക്കള വാതിലിനുള്ളിൽ ഇരുമ്പ് പട്ട കുറുകെ പിടിപ്പിച്ചിരുന്നതിനാൽ ഇവിടെയും അകത്തു കയറാൻ കഴിഞ്ഞില്ല. ഒരു രാത്രിയിൽത്തന്നെ സമീപത്തെ നാലു വീടുകളിൽ മോഷണശ്രമം നടന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
District News
ആലപ്പുഴ: ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്ത്.
ഒരേ ജില്ലയിൽ രണ്ടു സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെ മുതിർന്ന നേതാവായിരുന്ന ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് ഇക്കുറി നിയമസഭയിലെത്തിയത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ തന്നെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളിലും അമർഷത്തിനിടയാക്കിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളജ് അതീവ ശോച്യാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ ജി. സുധാകരൻ, സ്ഥാപനത്തിന്റെ വികസനത്തിനായി സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.
വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടർന്ന് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവന്നിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് എൽഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന ജി. സുധാകരൻ പദ്ധതിക്കെതിരായ നിലപാടുകൾക്കും അന്വേഷണ നടപടികൾക്കും നേതൃത്വം നൽകിയിരുന്നു.
കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തോടും സുധാകരൻ വിയോജിപ്പ് രേഖപ്പെടുത്തി.
മുൻപ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
District News
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ കന്നി ബജറ്റ് തീരത്തിനുണര്വേകുന്നതാണെന്ന് ആലപ്പുഴ രൂപത രാഷ്ട്രീയകാര്യസമിതി ചെയര്മാന് ഫാ. സേവ്യര്‍ കുടിയാംശേരി.
യുഡിഎഫ് സര്‍ക്കരിന്റെ കന്നി ബജറ്റ് കേരളത്തെ പുത്തന്‍ സാമ്പത്തിക സംവിധാനങ്ങളിലേക്കു നയിക്കും. തീരത്തെ ഇത്ര ഗൗരവമായി പരിഗണിച്ചു എന്നത് ശ്രദ്ധേയമാണ്. മിഷന് സമുദ്രയും സതേണ്‍ ഇക്കണോമിക് കോറിഡോറിലും ബ്ലു ഇക്കോണമിയുടെ മറ്റു പദ്ധതികളിലും തീരദേശവളര്ച്ചയ്ക്ക് സാധ്യതയുണ്ട്.
പക്ഷേ, ബജറ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ സംജാതമാകുന്ന പുതിയ സംവിധാനത്തില്‍ തൊഴില്‍ സാധ്യതയിലും പദ്ധതികളിലും മതിയായ റിസര്‍വേഷന്‍ മീന്പിടുത്തക്കാര്ക്കുണ്ടാകണം. ഇക്കാര്യത്തില്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളത് പരിപൂർണമായും നടപ്പാക്കണം. ഒപ്പം ബ്ലൂ ഇക്കോണമിയുടെ പദ്ധതി നടത്തിപ്പില്‍ തീരദേശത്തിന്റെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും അതോടൊപ്പം ഈ മേഖലയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
District News
ആലപ്പുഴ: ലോക ഗിന്നസിൽ ഇടംനേടിയ അഞ്ച് കോടി രൂപ വിലമതിക്കുന്ന 340 ഗ്രാം തൂക്കമുള്ള ഡയമണ്ട് റിംഗ് കാണണമെങ്കിൽ ആലപ്പുഴ നഗരത്തിലെത്തണം. 24671 രത്നങ്ങൾ പതിച്ച ലോകത്തെ ആദ്യത്തെ മോതിരം 20 ജോലിക്കാർ ചേർന്ന് ആറുമാസം കൊണ്ടാണ് പണിതത്. മലപ്പുറത്ത് സ്വാ ഡയമണ്ടിലാണ് ഇതിന്റെ നിർമാണം. എന്നാൽ, ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറുമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 22 വരെ പൊതുജനങ്ങൾക്ക് കാണുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥാനത്ത് മോതിരം പ്രദർശിപ്പിച്ചിട്ടുണ്ട്.
18 നാണ് മോതിരം മുല്ലയ്ക്കൽ നൂർ ജുവലറിയിൽ പ്രദർശനത്തിന് എത്തിച്ചത്. മോതിരം പ്രദർശനത്തിന് വെച്ചതോടെ ധാരാളം ആളുകൾ മോതിരം കാണുന്നതിനും മൊബൈൽ ഫോണിൽ ചിത്രീകരിക്കാനും എത്തിത്തുടങ്ങി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ മോതിരം പ്രദർശനത്തിനായി എത്തിച്ചിരുന്നു. ആലപ്പുഴയിൽ ആദ്യമായിട്ടാണ് റിംഗ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
District News
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരൂർ പുത്തൻപറമ്പിൽ ഷൺമുഖനാ(60)ണ് മരിച്ചത്. ഒരാഴ്ച മുൻപ് കരൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. മറ്റൊരാളുടെ സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ മൂന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ചാണ് പരിക്കേറ്റത്.
ബൈക്ക് നിർത്താതെ പോകുകയും ചെയ്തു. പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ തങ്കമണി. മക്കൾ നീതു, മാതു. മരുമക്കൾ സോണി, ബിച്ചു.
District News
ചാരുംമൂട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ. മാണിക് ചൗക് സ്വദേശി മുഹമ്മദ് സദ്ദാംമിനെയാണ് രണ്ടു ചാക്കു നിരോധിത പുകയില ഉത്പന്നങ്ങളുമായി കുറത്തികാട് പോലീസ് പിടികൂടിയത്. എസ്എച്ച്ഒ വിപിൻകുമാർ, എസ്ഐ എം.എസ്. എബി, എഎസ്ഐ രാജീന്ദ്രദാസ്, സീനിയർ സിപിഒമാരായ ശ്യാം, വിൻജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
District News
ഹരിപ്പാട്: മലയാള സാഹിത്യലോകത്തെ പ്രമുഖ കവിയും നിരൂപകനുമായ പത്മശ്രീ പി.നാരായണക്കുറുപ്പിന്റെ വിയോഗം അദ്ദേഹത്തിന്റെ ജന്മനാടായ ഹരിപ്പാടിന് കണ്ണീരോർമയായി.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും ഡൽഹിയിലും തിരുവനന്തപുരത്തുമായിരുന്നെങ്കിലും, തന്റെ കാവ്യസംസ്കാരത്തിന്റെ വേരുകൾ ഹരിപ്പാടിന്റെ മണ്ണിലായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ ഓർത്തിരുന്നു.
1934ൽ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. കരുവാറ്റ എൻഎസ് എസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സംസ്കൃത പാരമ്പര്യത്തിന്റെ സമൃദ്ധിയും മലയാളത്തിന്റെ നാടൻവീര്യവും ഒരുപോലെ ചേർന്ന അദ്ദേഹത്തിന്റെ സവിശേഷമായ കാവ്യശൈലി രൂപപ്പെടുന്നതിൽ ജന്മനാടിന്റെ സാംസ്കാരിക പശ്ചാത്തലം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടും സനാതന ധർമബോധത്തോടുമുള്ള പ്രതിബദ്ധതയും ദേശീയ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, പിന്നീട് കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും ഒക്കെ തിളങ്ങുമ്പോഴും ഹരിപ്പാടുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
കവിതയ്ക്കും നിരൂപണത്തിനുമായി കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോൾ അത് ഹരിപ്പാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയായി മാറി.
അവസാനകാലത്ത് തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു താമസമെങ്കിലും ഹരിപ്പാടിന്റെ സാംസ്കാരിക ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന നാമമായിരിക്കും പി. നാരായണക്കുറുപ്പിന്റേത്. ഒട്ടനവധി കാവ്യസമൃദ്ധിയും നിരൂപണഗ്രന്ഥങ്ങളും കൈരളിക്ക് സമ്മാനിച്ച ആ വലിയ പ്രതിഭയുടെ വിയോഗത്തിൽ ജന്മനാട് അത്യഗാധമായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
District News
അമ്പലപ്പുഴ: സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 കാരൻ തിരയിൽപ്പെട്ടു. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ്-റാണി ദമ്പതികളുടെ മകൻ സൂര്യനെ (16) ആണ് കടലിൽ കാണാതായത്. ശനിയാഴ്ച പകൽ മൂന്നോടെ കരൂർ പടിഞ്ഞാറ് കടലിലായിരുന്നു സംഭവം. അയൽവക്കത്തു തന്നെയുള്ള മുത്തശന്റെ അടിയന്തിരം കഴിഞ്ഞ് മറ്റു മൂന്ന് സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.
അതിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ ഒരാളെ രക്ഷപ്പെടുത്തി. സൂര്യനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മാലയിൽ പിടിച്ചപ്പോൾ മാല പൊട്ടി സൂര്യൻ താഴ്ന്നു പോയി. ഉടൻ തന്നെ മത്സ്യത്തൊഴിലാളികളും വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
District News
തൊടുപുഴ: ശക്തിപ്രാപിച്ച കാലവര്‍ഷം ഏതാനും ദിവസം മാത്രം പെയ്ത ശേഷം ജില്ലയില്‍നിന്നു പിന്‍വാങ്ങി. ഇന്നലെ ജില്ലയിലെമ്പാടും പകല്‍ സമയം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ ഒന്നു മുതല്‍ ആറു വരെ വിവിധ താലൂക്കുകളില്‍ ശരാശരി 27.59 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ഈ മാസം 12 മുതല്‍ 19 വരെ ഔദ്യോഗിക കണക്ക് പ്രകാരം 4.637 മില്ലീമീറ്ററാണ് ജില്ലയില്‍ ആകെ പെയ്ത ശരാശരി മഴ. തൊടുപുഴ താലൂക്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ആകെ 72.6 മില്ലീമീറ്റര്‍. എട്ടുദിവസത്തെ ശരാശരി 9.075 മില്ലീ മീറ്ററാണ്. ഇടുക്കി താലൂക്കില്‍ ആകെ പെയ്തത് 44.8 മില്ലീ മീറ്റര്‍ മഴയാണ്. ശരാശരി 5.6 മില്ലീമീറ്റര്‍. കഴിഞ്ഞ എട്ടു ദിവസവും മഴ ലഭിച്ചത് ഇടുക്കി താലൂക്കില്‍ മാത്രമാണ്. തൊടുപുഴയില്‍ രണ്ടു ദിവസം മഴ പെയ്തില്ല.
ദിവസങ്ങളില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. 0.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. രണ്ടു ദിവസമാണ് മഴ ലഭിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കില്‍ 7.8 മില്ലീമീറ്ററാണ് ഈ ദിവസങ്ങളില്‍ ആകെ പെയ്ത മഴ. ഇവിടെയും രണ്ടു ദിവസമാണ് മഴ ലഭിച്ചത്. ദേവികുളത്ത് 11.4 മില്ലീമീറ്റര്‍ മഴ പെയ്തു, നാലു ദിവസമാണ് മഴ ലഭിച്ചത്.
തൊടുപുഴ താലൂക്കില്‍ 18ന് 42 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, അന്നു പീരുമേടും ഉടുമ്പന്‍ചോലയും ഉള്‍പ്പെടുന്ന ഹൈറേഞ്ചില്‍ മഴ പെയ്തില്ല. 19ന് ഇടുക്കിയില്‍ പെയ്ത 4.8 മില്ലീമീറ്ററാണ് ജില്ലയിലാകെ ലഭിച്ച മഴ. ജൂണ്‍ ആദ്യവാരം ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ കനത്ത മഴയാണ് ലഭിച്ചതെങ്കില്‍ മൂന്നാം ആഴ്ചയില്‍ അതിനു നേരേ വിപരീതമായി മഴയുടെ അളവു നന്നേ കുറഞ്ഞു.
ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ ജില്ലയില്‍ 48 ശതമാനം മഴ കുറവാണ്. 456 മില്ലീമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 237.6 മില്ലീമീറ്റര്‍ മാത്രമാണ് പെയ്തത്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും മഴ സാധാരണ നിലയില്‍ ലഭിക്കുമ്പോഴാണ് ജില്ലയില്‍ മഴ കുറഞ്ഞത്.
ഇന്നലെ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടായിരുന്നു. ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസം 22 മുതല്‍ 24 വരെ ഗ്രീന്‍ അലര്‍ട്ടും. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കരുതല്‍ നടപടി.
അണക്കെട്ടുകളില്‍ വെള്ളം കുറവ്
ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവും കുറവാണ്. മുല്ലപ്പെരിയാറില്‍ 113.35 അടിയാണ് ഇന്നലെ പകല്‍ 11വരെയുള്ള ജലനിരപ്പ്. ഇടുക്കി -2320.84, മാട്ടുപ്പെട്ടി - 1571.35, ആനയിറങ്കല്‍ - 1194.32, പൊന്മുടി - 690.90, കുണ്ടള - 1744.50, കല്ലാര്‍കുട്ടി- 452.95, ഇരട്ടയാര്‍ - 746.30, ലോവര്‍പെരിയാര്‍ - 248.30, കല്ലാര്‍ - 820.10 അടി എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ലോവര്‍ പെരിയാറിലും, കല്ലാര്‍കുട്ടിയിലും മാത്രമാണ് 50 ശതമാനത്തിലേറെ വെള്ളമുള്ളത്. കല്ലാര്‍കുട്ടിയില്‍ 65.21 ശതമാനവും ലോവര്‍ പെരിയാറില്‍ 57.74 ശതമാനവും വെള്ളമുണ്ട്.
മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ജലനിരപ്പ് ഏറെ താഴെയാണ്. മാട്ടുപ്പെട്ടിയില്‍ 10.30 ശതമാനവും കുണ്ടളയില്‍ 10.98 ശതമാനവുമാണ് ജലനിരപ്പ്.
District News
നെടിയശാല: ജംഗ്ഷനു സമീപം ആരംഭിക്കുന്ന കള്ളുഷാപ്പിനെതിരേ ജനകീയ പ്രതിഷേധവുമായി നാട്ടുകാര്‍. ആലപ്പുഴ - മധുര ഹൈവേയുടെ ഭാഗമായ തൊടുപുഴ - വൈക്കം റോഡിനോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഷാപ്പ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
ഒട്ടേറെ വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരേ പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതി കഴിഞ്ഞ ദിവസം നിര്‍ദിഷ്ട കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഷാപ്പ് ആരംഭിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതംതന്നെ ഇല്ലാതാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂള്‍ കുട്ടികളും മറ്റും നടന്നുപോകുന്ന റോഡരികില്‍ ഷാപ്പ് ആരംഭിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
പ്രസിഡന്റ് ജോര്‍ജ് മാത്യു മാറികവീട്ടില്‍, വൈസ് പ്രസിഡന്റ് ജോസഫ് മൂലശേരി, സെക്രട്ടറി സാജന് നെടിയശാല, ട്രഷറര്‍ ജോസഫ് തോമസ്, ജോയിന്റ് സെക്രട്ടറി സജി തോമസ് ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്കി. ഈ ഭാഗത്ത് നേരത്തേ ഷാപ്പ് ആരംഭിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പുറപ്പുഴ പഞ്ചായത്ത് ഇതിനുള്ള ലൈസന്‍സ് നല്‍കരുതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ നാട്ടുകാര്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഷാപ്പ് കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആംരഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
District News
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. സഹോദരന്മാരടക്കം മൂന്നു പേര് അറസ്റ്റില്‍. ഉടുമ്പന്‍ചോല ഒട്ടോത്തി സ്വദേശി മണികണ്ഠനാണ് (45) വെട്ടേറ്റത്. കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ (24), ഇയാളുടെ ബന്ധുക്കളായ മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ് (21), അശ്വിന് (25) എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 12.30നാണ് സഭവം. പ്രതികള്‍ക്കു മണികണ്ഠനോടു മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് മണികണ്ഠനെ മാന്‍കുത്തിമേട്ടിലെ ഇവരുടെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും വീടിനു സമീപത്തുള്ള ഷെഡിന് അടുത്തുവച്ച് മണികണ്ഠന്റെ ഇടതുകൈക്ക് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം മണികണ്ഠനനെ അവിടെത്തന്നെ ഇടുകയും ചെയ്തു.
രണ്ടരയോടെ ഇവിടെനിന്നു മണികണ്ഠനെ, അയാളുടെതന്നെ ജീപ്പില്‍ കയറ്റി തേവാരംമെട്ടിലെത്തിച്ചു. തേവാരംമെട്ടിനു സമീപമുള്ള ഇറക്കത്തില്‍ എത്തിയപ്പോൾ വാഹനം ന്യൂട്ടറാക്കിയശേഷം തള്ളിവിട്ടു.
എന്നാൽ, കൊക്കയിലേക്കു പോകാതെ വാഹനം സമീപത്ത് ഇടിച്ചുനിന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്നതായി പോലീസില്‍ അറിയിച്ചത്.
ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
District News
തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വെങ്ങല്ലൂര്‍ പുത്തന്‍പുരയില്‍ പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ സരളയുടെ (തങ്കമ്മ -78) മൃതദേഹമാണ് മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് പുഴയില്‍നിന്നു കണ്ടെത്തിയത്. 18ന് രാത്രിയാണ് സരളയെ വീട്ടില്‍നിന്നു കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ വെങ്ങല്ലൂര്‍ ഭാഗത്ത് പുഴയില്‍ ഒരു സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ സ്കൂബാ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ ആരക്കുഴ മൂഴി പാലത്തിനു സമീപം മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
അസി. സ്റ്റേഷന് ഓഫീസര്‍ മനോജ്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ ടി.പി. ഷാജി, ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍മാരായി ടി.കെ. വിവേക്, നിസാമുദീന്‍, അയൂബ്, ഹോംഗാര്‍ഡ് എം.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. മൂവാറ്റുപുഴ വാളാനിക്കാട്ട് മുണ്ടയ്ക്കല്‍ ചൂളിപ്പുറത്ത് കുടും
ബാഗമാണ്. മക്കള്‍: ഗിരീഷ്, സന്തോഷ്. മരുമക്കള്‍: സുവര്‍ണ, ഡെയ്സി.
District News
മൂന്നാര്‍: ഹോസ്റ്റലിൽനിന്ന് സ്കൂളിലേക്കു പോയ സ്കൂൾ വിദ്യാര്‍ഥിനികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ച രണ്ടു പേര് പോലീസ് പിടിയിൽ. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി എത്തിയിട്ടില്ല. സുരേഷ് (22) ആണ് മറ്റൊരാള്‍. ഇരുവരും തമിഴ്നാട് ദിണ്ഡുക്കല് സ്വദേശികളാണ്. മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊടൈക്കനാലില്വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തി എത്താത്ത പതിനേഴുകാരനെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടികളുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൂന്നാറില്‍ എത്തിയ ശേഷ മാട്ടുപ്പെട്ടി റോഡിലുള്ള ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു. ഹോസ്റ്റലില്‍നിന്നു സ്കൂളിലേക്കു പോകുന്നതിനിടെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രതികള്‍ അവരെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ രണ്ടു ദിവസത്തോളം താമസിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
തുടര്‍ച്ചയായി രണ്ടു ദിവസം പെണ്‍കുട്ടികള്‍ ക്ലാസില്‍ എത്താതിരുന്നതോടെ സംശയം തോന്നിയ അധ്യാപകര്‍ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നാര്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കുട്ടികളെ എത്തിച്ചതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
District News
ഇടുക്കി: കന്നുകാലികളെ മാരകമായി ബാധിക്കുന്ന കുളമ്പ് വൈറസ് രോഗത്തിനെതിരേ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ജൂലൈ 13 വരെ കുത്തിവയ്പ് നടക്കുന്നത്. നാലു മാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്കാണ് കുത്തിവയ്പ് നല്‍കുന്നത്.
ആറു മാസത്തിനു മുകളില്‍ ഗര്‍ഭം ഉള്ളവയെയും രോഗമുള്ള ഉരുക്കളെയും, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കുത്തിവയ്പ് നല്‍കിയവയെയും ഒഴിവാക്കും. ജില്ലയില്‍ വിവിധ സ്ക്വാഡുകളായി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ കര്‍ഷക ഭവനങ്ങളും ഫാമുകളും സന്ദര്‍ശിച്ച് ലക്ഷ്യം പൂര്‍ത്തീകരിക്കും. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം പഴയരിക്കണ്ടം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ റോയി കെ.പൗലോസ് എംഎല്‍എ നിര്‍വഹിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: സംസ്ഥാന ബജറ്റില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിന് ലഭിച്ചത് ചെറുതും വലുതുമായ 38 പദ്ധതികള്‍. നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നത്. 20 റോഡുകള്‍ക്കും അഞ്ചു പാലങ്ങള്‍ക്കും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
നെടുങ്കണ്ടത്ത് റിംഗ് റോഡ് നിര്‍മാണത്തിനായി രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റിംഗ് റോഡ് പൂര്‍ത്തിയായാല്‍ നെടുങ്കണ്ടത്തെ ഒട്ടേറെ ഗതാഗതപ്രശ്നങ്ങള്‍ക്കു പരിഹാരമാകും. സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ചക്കക്കാനം വഴി ബസ് സ്റ്റാൻഡിനു സമീപം എത്തുന്ന പദ്ധതിയാണ് റിംഗ് റോഡ്.
നെടുങ്കണ്ടം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സിവില്‍ സ്റ്റേഷന് നവീകരണം, ഗ്രാമീണ കോടതി കെട്ടിടനിര്‍മാണം, ഐഎച്ച്ആര്‍ഡി കോളജ് കെട്ടിടം എന്നിവയ്ക്കും ബജറ്റില്‍ തുകയുണ്ട്. നെടുങ്കണ്ടത്ത് വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കും.
നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക് പാര്‍ക്കിംഗ് ഗ്രൗണ്ടും ഷെല്‍ട്ടറും നിര്‍മിക്കും. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജ് കെട്ടിടത്തിനായും വിവിധ സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍, ഗ്രൗണ്ടുകള്‍ എന്നിവയ്ക്കായും തേര്‍ഡ്ക്യാമ്പ് ഗവ. ആയുര്‍വേദ ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികള്‍, രാജാക്കാട് ഫയര്‍ സ്റ്റേഷന് എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.
District News
ചമ്പക്കുളം: നെടുമുടി കരുവാറ്റ റോഡിൽ അപകടങ്ങളുടെ ഘോഷയാത്ര. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നാല് അപകടങ്ങളാണ് ഈ റോഡിൽ നടന്നത്. ഏറ്റവും അവസാനമായി പടഹാരം പാലത്തിന് വടക്കായി തെക്കുനിന്ന് പാലം ഇറങ്ങി വന്ന കാർ വഴി യാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിക്കുകയും റോഡ് സൈഡിൽ സൂക്ഷിച്ചിരുന്ന മിക്സിംഗ് മെഷിൻ ഇടിച്ച് തെറുപ്പിക്കുകയും ഉണ്ടായി. പരിക്കേറ്റ വഴിയാത്രക്കാരൻ വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കാർ യാത്രക്കാർക്കും ചെറിയതോതിൽ പരിക്കു പറ്റി.
ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിന് വടക്കുവശത്തായി മത്സര ഓട്ടം നടത്തിയ രണ്ട് ഇരുചക്രവാഹനങ്ങൾ സ്കൂൾ കുട്ടികളെ എടുക്കാൻ വന്ന ഓട്ടോ ടാക്സിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. സ്കൂൾ കുട്ടികളുമായി പോകുന്ന അവസരത്തിലായിരുന്നു അപകടമെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
നെടുമുടി പഞ്ചായത്ത് ജംഗ്ഷനിൽ കഴിഞ്ഞദിവസം തന്നെ ഒരു സ്ത്രീ ഓടിച്ച കാർ സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയിരുന്നു. സ്ഥിരമായി ആളുകളും വഴിയോരക്കച്ചവടക്കാരും ഉണ്ടാകാറുള്ള ഇടത്ത് അപകടം നടന്നത്. നെടുമുടി പൂപ്പള്ളിയിൽനിന്ന് തുടങ്ങി പടഹാരം പാലം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം റോഡ് മികച്ചതായതിനാൽ വാഹനങ്ങളിൽ എത്തുന്നവർ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
എട്ടോളം സ്കൂളുകളും നിരവധി പൊതുസ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നത് ഇവിടെ തിരക്ക് വർധിപ്പിക്കുന്നു. റോഡിൽ അപകടമുന്നറിയിപ്പുകൾ ഇല്ലാത്തതും ചമ്പക്കുളം ബസിലിക്ക മുതൽ നെടുമുടി ഗ്രാമപഞ്ചായത്ത് ജംഗ്ഷൻവരെയുള്ള 750 മീറ്റർ ദൂരം റോഡ് ഇടുങ്ങിയതായതും ആപകടസാധ്യത വർധിപ്പിക്കുന്നു. ചമ്പക്കുളം, പടഹാരം, കഞ്ഞിപ്പാടം പാലങ്ങൾ കടന്ന് എത്തുന്ന വാഹനങ്ങളെല്ലാം ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകേണ്ടത്.
ബിഎസ്എൻഎൽ ജംഗ്ഷന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനും വാങ്ങാനും എത്തുന്നവരുടെ വാഹന ങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും റോഡിലെ തിരക്ക് വർധിപ്പിക്കാറുണ്ട്.
ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും റോഡിലേക്ക് ഇറക്കിയുള്ള പാർക്കിംഗ് ഒഴിവാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം അമിത വേഗതയിലെത്തുന്ന വാഹനങ്ങൾക്കെിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പടുന്നു.
District News
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് സുഖവാസകേന്ദ്രമായി മാറുന്നു. ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി മാറിന്നു. രേഖകളിൽ ചുമതലയുള്ള ഒരു എഎസ്ഐ ഉൾപ്പെടെ 12 പോലീസുകാരാണുള്ളത്. ഇതിൽ ഒരാൾ പോലീസ് സർജനൊപ്പവും മറ്റൊരാൾ ലയ്സൻ ഓഫീസർക്കൊപ്പവും മറ്റൊരാൾ പോലീസിനെ സഹായിക്കാനായി കോളജിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫീസിലുമാണ് ജോലി ചെയ്യുന്നത്.
ശേഷിക്കുന്ന പോലീസുകാരാണ് മൂന്നു ടേണായി ജോലി ചെയ്യുന്നത്. എന്നാൽ, ഒരേസമയം മൂന്നു പേരിൽ കൂടുതൽ എയ്ഡ് പോസ്റ്റിൽ കാണാറില്ല.12 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ വിശ്രമമാണ് ഇവർക്ക്. ഡ്യൂട്ടിയുള്ള പോലീസുകാർ സുഖവാസകേന്ദ്രത്തിന് തുല്യമായ അവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.
രാത്രികാല പരിശോധന പേരിനു പോലും നടത്താറില്ല. ആശുപത്രി പരിസരം പ്രത്യേകിച്ചും രാത്രികാലങ്ങളിൽ എല്ലാവിധ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും താവളമായി മാറുകയാണ്. ആശുപത്രി പരിസരത്ത് വാഹനമോഷണവും പതിവാണ്. മദ്യ, മയക്കുമരുന്ന് സംഘങ്ങളുടെ ഇടത്താവളമായി ആശുപത്രി പരിസരം മാറിയിട്ടും എയ്ഡ് പോസ്റ്റ് പോലീസ് അനങ്ങാറില്ല.
മാധ്യമ പ്രവർത്തകരടക്കം വിവരമറിയാൻ അന്വേഷിച്ചാലും ഒരു വിവരവും എയ്ഡ് പോസ്റ്റിൽനിന്ന് ലഭിക്കാറില്ല. ജോലി ചെയ്യാൻ താത്പര്യമില്ലാത്ത പോലീസുകാരേ തെരഞ്ഞുപിടിച്ച് ഇവിടെ നിയോഗിച്ചതുമൂലം എയ്ഡ് പോസ്റ്റ് സംവിധാനം കാഴ്ചവസ്തുവായി മാറി. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ശക്തമായത്.
ആലപ്പുഴ മെഡിക്കൽ കോളജ് ഒഴികെ കേരളത്തിലെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും പോലീസ് സ്റ്റേഷനുണ്ട്. എന്നാൽ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിറ്റാണ്ട് പിന്നിട്ടിട്ടും പോലീസ് സ്റ്റേഷൻ യാഥാർഥ്യമായില്ല. വിശാലമായ കാമ്പസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മുൻകൈയെടുത്ത് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിനായി എസ്റ്റിമേറ്റുമെടുത്തിരുന്നു. എന്നാൽ, തുടർ പ്രവർത്തനം നിലച്ചതോടെ പോലീസ് സ്റ്റേഷൻ കടലാസിലതുങ്ങി. ഇപ്പോൾ രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരവകുപ്പ് മന്ത്രിയായതോടെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് സംവിധാനം ഉടച്ചുവാർത്ത് ഇവിടെ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണർന്നിരിക്കുകയാണ്.
ഇതിനായി ജി. സുധാകരൻ എംഎൽഎയും മുൻകൈയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
District News
ഹരിപ്പാട്: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബര റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരേ കേസെടുത്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.
താലൂക്ക് ആശുപത്രി ജംഗ്ഷനിൽനിന്നാരംഭിച്ച മാർച്ച് ഏഴിക്കകത്ത് ജംഗ്ഷനിൽ തടയാൻ ശ്രമിച്ചതിനെത്തുടർന്ന് പ്രവർത്തകരും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോലീസ് വലയം ഭേദിച്ചു മുന്നോട്ടു നീങ്ങിയ പ്രവർത്തകരേ സ്റ്റേഷനിലേക്കുള്ള റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
പ്രതിഷേധസമരം ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.എ. അഖിൽ, എ.എ. അക്ഷയ്, ജില്ലാ കമ്മിറ്റിയംഗം അനുപമ സൈജു, ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീജേഷ് ബോൺസലെ, സെക്രട്ടറി അനസ് എ. നസീം എന്നിവർ പ്രസംഗിച്ചു.
District News
രാമങ്കരി: ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന എട്ടാംഘട്ട കുളന്പുരോഗ പ്രതിരോധ കുത്തിവപ്പിന് രാമങ്കരി പഞ്ചായത്തിൽ തുടക്കമായി. പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് കർഷക ഭവനങ്ങൾ സന്ദർശിച്ചാണ് ഉരുക്കൾക്ക് സൗജന്യ കുത്തിവെപ്പ് എടുക്കുക. വെറ്ററിനറി സർജൻ ഡോ. വൈശാഖ് മോഹൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജേഷ് സോമൻ, വാർഡ് അംഗങ്ങളായ എ.എസ്. സുശീലൻ, പി.ജി. അശോക് കുമാർ, മോളിയമ്മ ജേക്കബ് എന്നിവർ പ്രസംഗം പ്രസംഗിച്ചു. ക്ഷീരകർഷകനായ ജോസഫ് വർഗീസിന്റെ വേളശേരിൽ ഫാമിൽ നടന്ന ചടങ്ങിൽ മൃഗാശുപത്രിയിലെ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അഖിൽ രാജ്, ഇ.ജി. ജയ, എ.ജി. മംഗളാനന്ദൻ, കുമാരി എന്നിവർ പങ്കെടുത്തു.
District News
ഹരിപ്പാട്: ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മാതൃകാപരമായ ദൗത്യമാക്കി മാറ്റിയിരിക്കുകയാണ് കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്കൂളിലെ കൊച്ചുകൂട്ടുകാരും അധ്യാപകരും. സ്കൂളിലെ ട്രിനിറ്റി സോഷ്യൽ സർവീസ് യൂണിറ്റും സ്പോർട്സ് ക്ലബും സംയുക്തമായി സ്കൂൾ മുറ്റത്ത് ഫിഫ ലോകകപ്പ് 2026 പ്രവചനമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് വിദ്യാലയത്തിലെ തന്നെ അർഹനായ ഒരു സഹപാഠിക്ക് സൈക്കിൾ വാങ്ങി നൽകാനാണ് ഈ വേറിട്ട കാമ്പയിൻ.
കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ തുടക്കം കുറിച്ച പ്രോഗ്രാമിൽ സ്കേറ്റിംഗ് താരങ്ങൾ അണിനിരന്ന വർണാഭമായ റാലിയും ആവേശം വിതറിയ തുഫാൻ ഷൂട്ട് ഔട്ട് മത്സരവും അരങ്ങേറി. പ്രിയപ്പെട്ട ടീമുകളുടെ ജഴ്സി അണിഞ്ഞ് അധ്യാപകരും വിദ്യാർഥികളും ഒന്നടങ്കം എത്തിയതോടെ കാമ്പസ് അക്ഷരാർഥത്തിൽ ഒരു ഫുട്ബോൾ മൈതാനമായി മാറി. വിദ്യാർഥികളിൽ പ്രവചന കൗതുകത്തിനൊപ്പം സഹജീവി സ്നേഹവും കാരുണ്യബോധവും വളർത്തിയെടുക്കുക എന്ന വിദ്യാലയത്തിന്റെ ഉന്നതമായ ലക്ഷ്യത്തോടെയാണ് ഈ പ്രവചന മത്സരം ഒരുക്കിയിരിക്കുന്നത്. മെസി, നെയ്മർ, റൊണാൾഡോ എന്നീ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച് മനോഹരമായി അലങ്കരിച്ച പ്രവചന ബോക്സുകളാണ് കാമ്പസിൽ സജീകരിച്ചിരിക്കുന്നത്.
ദിവസേന നടക്കുന്ന മൂന്ന് കളികളുടെ ഫലം വിദ്യാർഥികൾക്ക് പ്രവചിക്കാം. ഒരു പ്രവചനത്തിന് ഒരു രൂപ വീതമാണ് സ്കൂൾ മുറ്റത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള മണി ബോക്സിൽ നിക്ഷേപിക്കേണ്ടത്. ഇതോടൊപ്പം ലോകകപ്പ് കിരീടം ഏത് രാജ്യം സ്വന്തമാക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള ലോകകപ്പ് ട്രോഫിയുടെ ചിത്രമുള്ള ബമ്പർ ബോക്സ് മത്സരവുമുണ്ട്.
ഈ ബമ്പർ പ്രവചനത്തിൽ പങ്കാളിയാകാനും കേവലം ഒരു രൂപ മാത്രമാണ് നിരക്ക്. ദിവസേനയുള്ള മൂന്ന് പ്രവചനങ്ങളും ബമ്പർ പ്രവചനവും ഉൾപ്പെടെ വെറും നാല് രൂപ ഉണ്ടെങ്കിൽ ഏതൊരു കുട്ടിക്കും ഈ ആവേശകരമായ മത്സരത്തിന്റെ ഭാഗമാകാൻ സാധിക്കും.
District News
ചമ്പക്കുളം: പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ശതാബ്ദി സ്മാരക അഖിലകേരള മലയാള പ്രസംഗമത്സരത്തിൽ എൽപി വിഭാഗത്തിൽ ജാനിക് ബോബി സേവ്യർ- സെന്റ് ഫിലോമിന ഹൈസ്കൂൾ ആർപ്പുക്കര ഒന്നാം സ്ഥാനവും അലൻ സോളി - ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുളിങ്കുന്ന് രണ്ടാം സ്ഥാനവും ഇവ അന്നാ നോബി - ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുളിങ്കുന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ഇസബെല്ല മേരി അപ്രേൻ-സെന്റ് ജോസഫ് ഹൈസ്കൂൾ ചങ്ങനാശേരി ഒന്നാം സ്ഥാനവും ആൻ മരിയ ആന്റണി-സെന്റ് ആന്റണീസ് ഗേൾസ് ആലപ്പുഴ രണ്ടാം സ്ഥാനവും ഏയ്ഞ്ചൽ ജോസി-ഫിലോമിനാസ് എച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ആൻ മേരി വർഗീസ്-സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശേരി ഒന്നാം സ്ഥാനവും അലോണാ മരിയ ജോമോൻ-ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാവാലം രണ്ടാം സ്ഥാനവും അലേഖ സാജു-ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പുളിങ്കുന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് സിഎംസി വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ആശ സെബാസ്റ്റ്യൻ, മാത്യു റ്റോജോ തോമസ്, റ്റിബിൻ ജോസഫ്, ടീന മരിയ തോമസ്, സോണിച്ചൻ കോലേട്ട്, ജൂബി അലക്സ് എന്നിവർ പ്രസംഗിച്ചു.
District News
ഹരിപ്പാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരേ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും അടുപ്പുകൂട്ടി സമരവും സംഘടിപ്പിച്ചു. കുമാരപുരം തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു.
ജനജീവിതം ദുസഹമാക്കുന്ന രീതിയിൽ ഇന്ധനവില അനിയന്ത്രിതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ശക്തമായ ജനവികാരം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വനജ സുഗേഷ്, ആബിദ, ടി.എം. ഗോപിനാഥൻ, യു. ബിജു, ഗിരീഷ് ശ്രീലകം, ശശി എന്നിവർ പ്രസംഗിച്ചു.