NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ മടങ്ങി.
സന്ദർശനത്തിനിടയിൽ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സ്വബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക്അൽ സ്വബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദള്ള അൽ അഹമദ് അൽ സ്വബാഹ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
NRI
ഒക്ലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിഎൻഎകെ) മഹാസമ്മേളനത്തിന്റെ വാർത്താ-മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായി നടത്തുന്നതിനായി ദേശീയ മീഡിയ ടീമിന് രൂപം നൽകിയതായി സംഘാടകർ അറിയിച്ചു.
കോൺഫറൻസ് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ തേജസ് തോമസ്, സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്കൽ, ട്രഷറർ നിബു വെള്ളവന്താനം, ഇംഗ്ലീഷ് കോഓർഡിനേറ്റർ പാസ്റ്റർ ഡെവിൻ ഡാനിയേൽ, ലേഡീസ് കോഓർഡിനേറ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, ജനറൽ കോഓർഡിനേറ്റർ സാം തോമസ്, പ്രയർ കോഓർഡിനേറ്റർ പാസ്റ്റർ മാത്യു സാമുവൽ, പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ ഷെറി കെ. ജോർജ്, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും മീഡിയ ടീം പ്രവർത്തിക്കും.
ഫിന്നി രാജു, ഹൂസ്റ്റൺ നാഷണൽ മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിക്കും. ഡോ. ജോജി ഗീവർഗീസ്, ഫ്ലോറിഡ വിഷ്വൽ മീഡിയ കോഓർഡിനേറ്ററായും സാം വറുഗീസ്, ജോർജിയ സോഷ്യൽ മീഡിയ കോഓർഡിനേറ്ററായും, ഷിബു വറുഗീസ്, വെർജീനിയ ഗ്രാഫിക്സ് കോഓർഡിനേറ്ററായും മീഡിയ ടീമിൽ സേവനമനുഷ്ഠിക്കും.
ദേശീയ മഹാസമ്മേളനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്തകൾ, പ്രസ് റിലീസുകൾ, ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ, ഡിജിറ്റൽ പ്രചാരണം, സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എന്നിവയുടെ ആസൂത്രണവും ഏകോപനവും ദേശീയ മീഡിയ ടീമിന്റെ നേതൃത്വത്തിൽ നിർവഹിക്കും.
സമ്മേളനത്തിന്റെ എല്ലാ ഔദ്യോഗിക വിവരങ്ങളും ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് സമൂഹത്തിലേക്ക് സമയബന്ധിതമായും വിശ്വസനീയമായും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മീഡിയ ടീം നേതൃത്വം നൽകും.
2028-ലെ പിസിഎൻഎകെ മഹാസമ്മേളനത്തിന്റെ വിജയത്തിനായി ദേശീയ സംഘാടക സമിതിയുമായി ചേർന്ന് ആധുനിക മാധ്യമ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മീഡിയ ടീം അറിയിച്ചു.
NRI
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ പരിഷ്കരിച്ച സംയുക്ത അഭയാർഥി-അസൈലം നിയമങ്ങൾ (GEAS) പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അഭയാർഥി നയങ്ങളിൽ വീണ്ടും കടുത്ത ചർച്ചകൾക്ക് തുടക്കമായി.
യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യമായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) അഭയാർഥി വിഷയത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ആക്ഷൻ പ്ലാൻ മുന്നോട്ടുവച്ചതോടെയാണ് വിവാദം ശക്തമായത്.
പ്രതിപാദിച്ചിരിക്കുന്ന നിർദേശങ്ങളിൽ പ്രധാനമായും യൂറോപ്യൻ യൂണിയൻ തലത്തിൽ ഓരോ വർഷവും സ്വീകരിക്കാവുന്ന അഭയാർഥികളുടെ എണ്ണത്തിന് പരമാവധി പരിധി (Maximum Cap) നിശ്ചയിക്കണമെന്ന ആവശ്യമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇതുവരെ ചില അംഗരാജ്യങ്ങളിൽ മാത്രം ചർച്ചയായിരുന്ന ആശയം മുഴുവൻ യൂറോപ്യൻ യൂണിയനിലും നടപ്പാക്കണമെന്നാണ് ഇവിപിയുടെ നിലപാട്.
നിലവിൽ യുദ്ധം, വ്യാപകമായ അക്രമം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് നൽകുന്ന "സബ്സിഡിയറി പ്രൊട്ടക്ഷൻ' സംവിധാനം അവസാനിപ്പിക്കണമെന്നും ആക്ഷൻ പ്ലാനിൽ ആവശ്യപ്പെടുന്നു.
പകരം, ജിനീവ അഭയാർഥി കൺവെൻഷൻ പ്രകാരം നേരിട്ടുള്ള രാഷ്ട്രീയ പീഡനം നേരിടുന്നവർക്ക് മാത്രമായി അഭയ സംരക്ഷണം പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികളിൽ സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കണമെന്നും രേഖയിൽ നിർദേശിക്കുന്നു.
ജൂൺ 12 മുതൽ നിലവിൽ വന്ന പുതിയ അസൈലം-കുടിയേറ്റ നിയമങ്ങൾ അനധികൃത കുടിയേറ്റം തടയാൻ പര്യാപ്തമല്ലെന്നും അതിനായി കൂടുതൽ ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും ഇവിപി വാദിക്കുന്നു.
കഴിഞ്ഞ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾക്ക് ലഭിച്ച മുന്നേറ്റമാണ് അഭയാർഥി നയങ്ങളിൽ കൂടുതൽ കർശന നിലപാടുകൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
പുതിയ നിർദേശങ്ങൾ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്കുള്ളിലും അംഗരാജ്യങ്ങൾക്കിടയിലും വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് സൂചന.
ഈ നിർദേശങ്ങൾ നിലവിൽ നയപരമായ ചർച്ചകളുടെ ഘട്ടത്തിലാണുള്ളത്. നിയമമാകാൻ യൂറോപ്യൻ യൂണിയന്റെ നിയമനിർമാണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അംഗീകാരങ്ങൾ നേടുകയും വേണം.
അതിനാൽ ഇവയുടെ അന്തിമ രൂപവും നടപ്പാക്കലും സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും വരാനുണ്ട്.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) മെഗാ സാംസ്കാരിക മേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. അർഫജ് 2026 എന്ന പേരിൽ 2026 നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുക.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പദ്ധതി വിശദീകരണം നൽകി.
സംഘാടക സമിതി ജനറൽ കൺവീനറായി സി.കെ നൗഷാദിനെയും കൺവീനർമാരായി റിച്ചി കെ ജോർജ്, ജിൻസ് എന്നിവരെയും തെരഞ്ഞെടുത്തു.
NRI
ബ്രസൽസ്: യൂറോപ്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരെ വലച്ച് പുതിയ എൻട്രി - എക്സിറ്റ് സിസ്റ്റം (ഇഇഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
പുതിയ അതിർത്തി സുരക്ഷാ പരിശോധനാ സംവിധാനം കാരണം ചില വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കമ്മീഷൻ മേധാവിയുടെ പ്രതികരണം.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള യാത്രക്കാരുടെ എൻട്രി - എക്സിറ്റ് ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി നടപ്പാക്കിയ ഇഇഎസ് സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതാണ് പുതിയ രീതി.
പാസ്പോർട്ടിൽ കൈകൊണ്ട് മുദ്ര പതിപ്പിക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് ഇത് നടപ്പിലാക്കിയത്. അയർലൻഡും സൈപ്രസും ഒഴികെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലും സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ് ഉൾപ്പെടെയുള്ള ഷെങ്കൻ രാജ്യങ്ങളിലും ഈ സംവിധാനം പ്രാബല്യത്തിലാണ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബർ മുതൽ 10.8 കോടി യാത്രക്കാരാണ് ഇഇഎസ് വഴി യാത്ര ചെയ്തിട്ടുള്ളത്. ഇതിലൂടെ രേഖകളില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച 44,000 പേരെ കണ്ടെത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
എന്നാൽ സാങ്കേതിക തകരാറുകളും കൂടുതൽ സമയം ആവശ്യമായ പരിശോധനാ നടപടികളും പല വിമാനത്താവളങ്ങളിലും നീണ്ട ക്യൂവിനും യാത്രാ വൈകല്യങ്ങൾക്കും കാരണമായിട്ടുണ്ട്. വേനൽക്കാല അവധിക്കാല യാത്രകൾ ആരംഭിച്ചതോടെ യൂറോപ്യൻ വിമാനത്താവളങ്ങളിലൂടെ കോടിക്കണക്കിന് അധിക യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ.
ഈ സാഹചര്യത്തിൽ തിരക്കേറിയ സമയങ്ങളിൽ ഇഇഎസ് സംവിധാനം താത്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA)യും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ യൂറോപ്പ് (ACI Europe)യും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ പ്രശ്നങ്ങൾ വിലയിരുത്താൻ യൂറോപ്യൻ കമ്മീഷൻ വിമാനക്കമ്പനി പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. അതേസമയം, പുതിയ സംവിധാനം എല്ലാ അംഗരാജ്യങ്ങളുടെയും സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലെ അധിക പരിശോധനാ സമയവും സാധ്യതയുള്ള കാലതാമസവും മുൻകൂട്ടി കണക്കിലെടുത്ത് യാത്രാ പദ്ധതി തയാറാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
NRI
ദോഹ: മികച്ച അവതാരകനുള്ള ഗിഫ ഔട്ട് സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ് നേടിയ വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം. മീഡിയ പ്ലസില്‍ നടന്ന ചടങ്ങില്‍ കലാപ്രമി ചെയര്മാന് മാഹീന് കലാപ്രേമി റാഫിയെ പൊന്നാടയണിയിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.സാബു, ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, ജയശ്രീ സുരേഷ്, ഗോപകുമാര്‍ തിരുവല്ല, ഡോ.അമാനുല്ല വടക്കാങ്ങര, ഹബീബുറഹ് മാന്‍ കിഴിശേരി, മജീദ് നാദാപുരം, ആസിഫ് കലാപ്രേമി, നസീഹ മജീദ്, ഷഫീര്‍ വാടാനപ്പള്ളി, സുജിത് ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിച്ച 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സത്തിൽ സെന്റ് മേരീസ് സീറോമലബാർ കാത്തലിക് ചർച്ച് പെയർലാൻഡ് ജേതാക്കളായി.
ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോമലബാർ പെയർലാൻഡ് ടോസ് നേടി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീമിനെ ബാറ്റിംഗിന് അയച്ചു.
ഫൈനലിലെ 18 ഓവർ മത്സരത്തിൽ സെന്റ് മേരീസ് പെയർലാൻഡിന്റെ കൃത്യമായ ബൗളിംഗിനും ഫീൽഡിംഗിനും മുമ്പിൽ 14.2 ഓവറിൽ 67 റൺസിന് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീം പുറത്തായി
തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ സെന്റ് മേരീസ് പെയർലാൻഡ് ഒമ്പത് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അങ്ങനെ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്മാരായ സെന്റ് മേരീസ് പിയർ ലാൻഡ് ഈ കൊല്ലവും അവരുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
NRI
ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞു.
സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹ്യ മാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടത്, ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളെന്നായിരുന്നു. ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാനും അറിവ് കൈമാറാനും ബിസിനസ് വികസിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരുകാലത്ത് കത്തുകളിലൂടെയും ടെലിഫോണ്‍ കോളുകളിലൂടെയും മാത്രം സാധ്യമായിരുന്ന ആശയവിനിമയം ഇന്ന് ഒരു സ്പര്‍ശനത്തിലൂടെ സാധ്യമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതേസമയം, ഈ ശക്തമായ മാധ്യമത്തെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കേണ്ടത് ഓരോ ഉപയോക്താവിന്റെയും കടമയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
NRI
ലണ്ടൻ: സിനിമയിൽ അഭിനയിക്കാനുള്ള കഴിവും താത്പര്യവും ഉണ്ടായിട്ടും ഓഡിഷനുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതിനാൽ അവസരങ്ങൾ നഷ്ടപ്പെടുന്നവർക്ക് സഹായകരമാകുന്ന പ്രത്യേക ഏകദിന Acting Audition Training Programme കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്നു
‘How To Prepare For A Movie Audition’ എന്ന പേരിൽ നടക്കുന്ന ഈ പരിശീലന പരിപാടി ശനിയാഴ്ച ലണ്ടനിൽ നടക്കും. പ്രമുഖ ആക്ടിംഗ് ട്രെയ്നറും കാസ്റ്റിംഗ് കോച്ചുമായ S.S. Sharan പരിശീലനത്തിന് നേതൃത്വം നൽകും.
കാമറയ്ക്കുമുന്നിലെ ഭയം, ആത്മവിശ്വാസക്കുറവ്, ഓഡിഷനിൽ എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ പ്രകടനം നടത്തണം എന്നീ കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നതാണ് ഈ പരിശീലനം.
പ്രായോഗിക പരിശീലനത്തിലൂടെ പങ്കെടുക്കുന്നവർക്ക് കാമറയ്ക്കുമുന്നിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രകടനം നടത്താനും അഭിനയശേഷി മെച്ചപ്പെടുത്താനും അവസരം ലഭിക്കും.
സിനിമാ അഭിനയത്തിലും ഓഡിഷനുകളിലും താത്പര്യമുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടനുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Mob: 07841613973, Email: [email protected].
NRI
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ഭക്ത്യാഘോഷമായി നടത്തപ്പെടുന്ന വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുന്നാളും ജൂലൈ 18ന് ഭക്തിനിർഭരമായി കൊണ്ടാടും.
തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജൂലൈ 18ന് രാവിലെ 9.30ന് സപ്രാ പ്രാർഥനയോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ പ്രഭാഷണം നൽകും (10:15).
11ന് തിരുന്നാൾ കൊടിയേറ്റ്. തുടർന്ന് 12.30ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം 1.45ന് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് പത്താം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
ഈ വർഷം വാത്സിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹമാണ്.
വർധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടു കൊണ്ട് തീർഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു എത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
അതിനാൽ തന്നെ വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സീറോമലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന
10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11 - കൊടിയേറ്റ്
12 - പ്രസുദേന്തി വാഴിയ്ക്കൽ
12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം
13.45 - ആഘോഷമായ പരിശുദ്ധ കുർബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15.45 - നന്ദി പ്രകാശനം
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady, Walshingham, Houghton St. Giles, Norfolk,NR22 6AL.
NRI
ന്യൂയോർക്ക്: റോക്ലാൻഡിലെ സ്പ്രിംഗ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത മധുവിന്റെ (77) പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച നടത്തും.
പൊതുദർശനം: വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സ്നിഫെൻ-സാഗല ഫ്യൂണറൽ ഹോം, 235 NY-59, സ്പ്രിംഗ് വാലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977)
സർവീസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ ഉച്ചയ്ക്ക് 1.30 വരെ ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ് ഹാർട്ട്സ്ഡെയ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530). സംസ്കാരം ഫെർൺക്ലിഫ് സെമിത്തേരിയിൽ.
ദീർഘകാലം ന്യൂയോർക്ക് റോക്ലൻഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത മാതൃകാ അധ്യാപികയായിരുന്നു.
കലാഭവനിലും ഡൽഹിയിലും കാഞ്ഞൂർ സെന്റ് ജോസഫ്സ് സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
കോട്ടയം പേരൂർ കാക്കനാട്ട് കെ.കെ. മാണിയുടെയും മറിയാമ്മ മാണിയുടെയും പുത്രിയാണ്. ഭർത്താവ്: മധു വെള്ളിപ്പാറ. മകൾ: ഗീതിക.
NRI
റിയാദ്: ജീവൻ തുടിക്കുന്ന വാക്കുകളാൽ വ്യവസ്ഥിതിയെ പ്രതിരോധിക്കുകയും സർഗാത്മക മുന്നേറ്റങ്ങളുടെ തീപ്പൊരിയായി ജ്വലിക്കുകയും ചെയ്ത പ്രമുഖ എഴുത്തുകാരൻ യു.പി. ജയരാജിന്റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി.
അക്ഷരങ്ങളിലാകെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
പി.എൻ. ഗോപികൃഷ്ണന്റെ "വന്ദേമാതരം' എന്ന പുതിയ കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിന്റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു.
കാല്പനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന "ബീഹാർ' എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.
1977-ലെ ചരിത്രപ്രസിദ്ധമായ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെ ബീഹാറിൽ നടന്ന ജാതീയ നരഹത്യകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഇത് കഥയുടെ രാഷ്ട്രീയ-മാനുഷിക ഉള്ളടക്കത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സദസിനെ സഹായിച്ചു.
സുഖഭോഗങ്ങൾക്ക് പിന്നാലെ പായുന്ന, ചരിത്രബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന "ഓക്കിനാവയിലെ പതിവ്രതകൾ' എന്ന കഥ വിദ്യ ഭാസ്കരൻ അവതരിപ്പിച്ചു.
സ്വന്തം ആസക്തികളാൽ തന്നെ വിഴുങ്ങപ്പെടുന്ന ഒരു ജനത, പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം കൈവിടുമ്പോൾ ചെന്നെത്തുന്നത് ഫാസിസത്തിലായിരിക്കുമെന്ന കഥയുടെ ശക്തമായ മുന്നറിയിപ്പ് അവർ സദസുമായി പങ്കുവെച്ചു.
വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ്തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന "നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു.
NRI
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ലോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ലസ് ആദരിച്ചു.
സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വച്ചാണ് ആദരിച്ചത്. ലോകകേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്‍പ്പിച്ചു.
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ തുറന്ന് വയ്ക്കുന്നതെന്നും സാമൂഹ്യ നന്മയ്ക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്ലോഗ്സ് എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്, ബിന്ദു ചന്ദ്രന്, ഷഫീഖ് അല്‍ മാസ്, കെ.വി. ഹഫീസുല്ല, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്, ജാസ്മിന് തുടങ്ങിയവർ സംസാരിച്ചു.
NRI
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
NRI
ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ ഞെട്ടിക്കുന്ന സംഭവം. തടാകക്കരയിൽ എത്തിയ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും മൂന്ന് വയസുള്ള കുട്ടിക്കും ബിയർ നൽകി.
സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ജർമൻ ക്രിമിനൽ പോലീസും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച ബെർലിനിലെ കൗൾസ്ഡോർഫർ തടാകക്കരയിലാണ് സംഭവം.
18നും 25നും ഇടയിൽ പ്രായമുള്ള സെർബിയൻ വംശജരായ അഞ്ച് പേരാണ് കുട്ടികൾക്കൊപ്പം മദ്യപിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞും മൂന്ന് വയസുകാരനും ബിയർ കുപ്പിയിൽ നിന്ന് കുടിക്കുന്നത് കണ്ട തടാകക്കരയിലുണ്ടായിരുന്ന സ്ത്രീകൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. കുട്ടികളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പോലീസ് ചോദ്യം ചെയ്യലിൽ ഒരു കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. തന്റെ കുഞ്ഞിന് ബിയർ നൽകിയെന്ന് ഇയാൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ ടീം മാതാപിതാക്കളുമായി കൗൺസിലിംഗും വിശദമായ അന്വേഷണവും തുടങ്ങി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ അധികൃതർ പരിഗണിക്കുന്നുണ്ട്.
ജർമനിയിൽ കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും നിയമം വലിയ പ്രാധാന്യമാണ് നൽകുന്നത്. കുട്ടികളോടുള്ള ചെറിയ അശ്രദ്ധ പോലും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
NRI
ലണ്ടൻ: യുകെയിലെ സഫോക്കിലുള്ള സ്കൂളുകളിൽ സോളാർ പാനലുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കടുത്ത മുൻകരുതൽ നടപടിയുമായി കൗൺസിൽ രംഗത്ത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മേഖലയിലെ ഏകദേശം 80 സ്കൂളുകളിലെ സോളാർ പാനൽ സംവിധാനങ്ങൾ താത്കാലികമായി ഓഫ് ചെയ്യാൻ സഫോക്ക് കൗൺസിൽ ഉത്തരവിട്ടു.
ഇപ്സ്വിച്ചിലെ പ്രമുഖ സ്കൂളായ സൈഡ്ഗേറ്റ് പ്രൈമറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വലിയ തീപിടിത്തത്തിന് പിന്നാലെയാണ് ഈ അടിയന്തിര തീരുമാനം. 2012-ലാണ് ഈ സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സഫോക്ക് കൗൺസിലിന് കീഴിലുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ഈ മൂന്ന് അപകടങ്ങളും പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളായ സോളാർ പാനലുകളുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷങ്ങളിൽ സഫോക്കിലെ മറ്റ് രണ്ട് സ്കൂളുകളിലും സോളാർ പാനലുകൾ മൂലം അപകടങ്ങൾ സംഭവിച്ചിരുന്നു. ഈസ്റ്റ് ബെർഹോൾട്ട് പ്രൈമറി സ്കൂളിൽ 2025 ഓഗസ്റ്റിൽ ഉണ്ടായ തീപിടിത്തം വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.
2026 ഏപ്രിലിൽ ബ്രാൻഹാമിലെ ബ്രൂക്ക്ലാൻഡ്സ് പ്രൈമറി സ്കൂളിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായി. 2026 ജൂൺ 24ന് ഇപ്സ്വിച്ചിലെ അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സൈഡ്ഗേറ്റ് സ്കൂളിലെ മേൽക്കൂരയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് കുട്ടികളെയും ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു.
ഈ മൂന്ന് സ്കൂളുകളിലെയും തീപിടിത്തത്തിന് കാരണം ഒരേ സാങ്കേതിക തകരാറാണെന്നതിന് നിലവിൽ കൃത്യമായ തെളിവുകളില്ലെങ്കിലും സോളാർ പാനലുകൾ ഘടിപ്പിച്ച ഭാഗങ്ങളിൽ നിന്നാണ് തീ പടർന്നത് എന്നതിനാൽ കൗൺസിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു.
2011-നും 2016-നും ഇടയിൽ കൗൺസിലിന്റെ ഗ്രീൻ എനർജി പദ്ധതിയുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിച്ച സ്കൂളുകളിലാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സ്കൂളുകളിലെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എൻജിനിയർമാർ എത്തി പാനലുകൾ ഐസലേറ്റ് ചെയ്യുമെന്ന് കൗൺസിൽ അറിയിച്ചു.
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടിയെന്ന് ചിൽഡ്രൻ ആൻഡ് യംഗ് പീപ്പിൾ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സാറാ ജെയ്ൻ സ്മെഡ്മോർ വ്യക്തമാക്കി.
അപകടങ്ങൾ തമ്മിൽ ബന്ധമില്ലെന്നോ അവ വെറും യാദൃശ്ചികതയാണെന്നോ കരുതി തങ്ങൾക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിലെ കനത്ത ചൂടുള്ള കാലാവസ്ഥയിൽ എല്ലാ ഇലക്ട്രിക്കൽ സംവിധാനങ്ങളും കടുത്ത സമ്മർദത്തിലാണെന്നും അതിനാൽ കൃത്യമായ പരിശോധനകൾ ആവശ്യമാണെന്നും വിദ്യാഭ്യാസ വിഭാഗം ഗ്രീൻ ഗ്രൂപ്പ് വക്താവ് ആഷ് ലെവർ പറഞ്ഞു.
അതേസമയം, സോളാർ പാനലുകൾ സാധാരണയായി ഗ്ലാസ് കൊണ്ടാണ് നിർമ്മിക്കുന്നത് എന്നതിനാൽ അവ നേരിട്ട് കത്താൻ സാധ്യതയില്ലെന്ന് ഊർജ്ജ വിദഗ്ധനായ ടോണി സ്ലേഡ് ചൂണ്ടിക്കാട്ടി.
കൃത്യമല്ലാത്ത അളവിലുള്ളതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ വയറിംഗ്, പവർ ഇൻവെർട്ടറുകളിലെ തകരാറുകൾ എന്നിവയാകാം തീപിടിത്തത്തിന് കാരണം.
ഇത് പുനരുപയോഗ ഊർജ്ജത്തിന്റെ പ്രശ്നമല്ല, മറിച്ച് ഇലക്ട്രിക്കൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും അത് കൃത്യമായി പരിപാലിക്കുന്നതിലും വരുന്ന വീഴ്ചയാണെന്നും അദ്ദേഹം വിലയിരുത്തി.
സ്കൂളുകളിൽ പഠിക്കുന്ന ഒട്ടനവധി മലയാളി വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാൻ സുരക്ഷാ പരിശോധനകൾ സഹായിക്കുമെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.
NRI
ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പുർ പ്രോവിൻസിലെ അംഗമായ സിസ്റ്റർ ജസ്റ്റിന മാത്യു സിഎസ്ജെ സേവന മികവിന്റെ പരമോന്നത അംഗീകാരമായ എൻകാപ്പ് 2026 (നഴ്സിംഗ് കരിയർ അഡ്വവാൻസ്മെന്റ് പ്രോഗ്രാം) ലെവൽ6 നേടുന്ന ആദ്യ നഴ്സ് ആകാൻ സാധിച്ചു.
ഇന്ത്യൻ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂർണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമർപ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
2007ൽ നഴ്സിംഗ് സേവനം ആരംഭിച്ചതു മുതൽ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവർ ആന്മാർഥമായി പ്രവർത്തിച്ചു വരുന്നു.
നഴ്സിംഗ് രംഗത്തെ തുടർച്ചയായ പഠനത്തിനും പ്രഫഷണൽ മികവിനും പ്രാധാന്യം നൽകിയ സിസ്റ്റർ ജസ്റ്റിന മാത്യു 2026ൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് ബിരുദവും പീഡീയാട്രിക്ക് നേഴ്സ് പ്രാക്ടീഷണർ യോഗ്യതയും നേടി.
കൂടാതെ മെറേറർണൽ ന്യൂബോൺ നഴ്സിംഗ് സർട്ടിഫിക്കേഷനും ലാക്ടേഷൻ കൺസൾട്ടന്റ് സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. എൻ കാപ്പ് കമ്മിറ്റി സഹാധ്യക്ഷയായി സേവനമനുഷ്ടിക്കുന്ന സിസ്റ്റർ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
സഹപ്രവർത്തകരായ നഴ്സുമാരെ പ്രഫഷണൽ സർട്ടിഫിക്കേഷനുകളിലേക്കും തൊഴിൽ മികവിലേക്കും പ്രചോദിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങൾ ദൈവകൃപയ്ക്കും സഭയ്ക്കും സഹപ്രവർത്തകർക്കുമാണ് അവർ സമർപ്പിക്കുന്നത്.
സിസ്റ്ററിന്റെ ജീവിതത്തെ നയിക്കുന്ന വചനമാണ് ഫിലിപ്പിയർ 4:13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും ദൈവം നൽകിയ കഴിവുകളെ തിരിച്ചറിയാനും കരുണയോടും സമർപ്പണത്തോടും മികവോടു കൂടി മറ്റുള്ളവരെ സേവിക്കാനും സിസ്റ്റർ ജസ്റ്റിന ഒരു മാതൃകയായി നിലകൊള്ളുന്നു.
NRI
ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ "സംഗീതമാണ് ലഹരി' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മീഡിയ പ്ലസ്, ക്യൂ മെലോഡിയ, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്, ലഹരി നിര്‍മാര്‍ജന സമിതി എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വച്ച് പരിപാടി നടത്തിയത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
NRI
ലണ്ടൻ: അഭിനയരംഗത്തും റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രകടനങ്ങളിലും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാകുന്ന പ്രത്യേക അഭിനയ - ഓഡിഷൻ പരിശീലന കളരികളുമായി കലാഭവൻ ലണ്ടൻ എത്തുന്നു.
ശനിയാഴ്ച മുതൽ ലണ്ടനിലും യുകെയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന ഈ പരിശീലന പരിപാടി, അഭിനയവും പ്രകടനകലയും ഗൗരവമായി സമീപിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അഭിനയരംഗത്തേക്കും റിയാലിറ്റി ഷോകളിലേക്കും കടക്കാൻ ആഗ്രഹിക്കുന്ന പലർക്കും ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഓഡിഷനുകളാണ്. കഴിവും താത്പര്യവും ആത്മവിശ്വാസവും ഉണ്ടായിട്ടും കാമറയ്ക്കുമുന്നിലോ ജഡ്ജിംഗ് പാനലിന് മുന്നിലോ സ്വന്തം കഴിവ് ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാതെ നിരാശരാകുന്നവരുടെ എണ്ണം കുറവല്ല.
പലപ്പോഴും കഴിവിന്റെ കുറവല്ല പരാജയത്തിന് കാരണം, മറിച്ച് തയാറെടുപ്പിന്റെ അഭാവം, ശരിയായ അവതരണരീതി അറിയാത്തത്, ആത്മവിശ്വാസക്കുറവ്, ബോഡി ലാംഗ്വേജ്, വോയ്സ് മോഡുലേഷൻ, സ്ക്രീൻ പ്രസൻസ്, ഓഡിഷൻ ടെക്നിക് എന്നിവയിലെ പരിശീലനക്കുറവുകളാണ് പ്രധാന തടസങ്ങളായി മാറുന്നത്.
ഈ സാഹചര്യം മനസ്സിലാക്കിയാണ് കലാഭവൻ ലണ്ടൻ അഭിനയം, ഓഡിഷൻ തയ്യാറെടുപ്പ്, റിയാലിറ്റി ഷോ പ്രകടനം, സ്റ്റേജ് പ്രസൻസ് എന്നിവ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
അഭിനയരംഗത്ത് മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ തയാറെടുക്കുന്നവർക്കും സ്റ്റേജ് ഷോകളിലും സാംസ്കാരിക വേദികളിലും കൂടുതൽ ആത്മവിശ്വാസത്തോടെയും പ്രഫഷണലിസത്തോടെയും പ്രകടനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം ഒരു മികച്ച അവസരമായിരിക്കും.
പരിശീലനത്തിൽ അഭിനയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ, കഥാപാത്രാവബോധം, ഡയലോഗ് ഡെലിവറി, ഭാവപ്രകടനം, വോയ്സ് ക്ലാരിറ്റി, ബോഡി ലാംഗ്വേജ്, കാമറ ഫേസിംഗ്, ഓഡിഷൻ എറ്റിക്കറ്റ്, സ്വയം പരിചയപ്പെടുത്തൽ, സ്ക്രീൻ ടെസ്റ്റ് തയാറെടുപ്പ്, സ്റ്റേജ് കോൺഫിഡൻസ്, റിയാലിറ്റി ഷോ പ്രകടനത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ തയാറെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തും.
കുട്ടികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ചെറുപ്പം മുതൽ ആത്മവിശ്വാസം, വ്യക്തമായ ആശയവിനിമയം, സൃഷ്ടിപരമായ ചിന്ത, വേദിപരിചയം, ഭാഷാപ്രയോഗം, വ്യക്തിത്വവികസനം എന്നിവ വളർത്തിയെടുക്കാൻ ഇത്തരം അഭിനയപരിശീലനങ്ങൾ ഏറെ സഹായകരമാണ്.
കലാരംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും സ്കൂൾ, കോളജ് വേദികളിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലനം പ്രയോജനകരമാകും.
കാസ്റ്റിംഗ് ഡയറക്ടറും ആക്ടിംഗ് കോച്ചുമായ എസ്. എസ്. ശരൺ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ജൂൺ 27, 28 തീയതികളിൽ ലണ്ടനിൽ വെച്ചായിരിക്കും ആദ്യ പരിശീലന കളരികൾ നടക്കുക.
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഈ പരിശീലന കളരി ഒരു സാധാരണ അഭിനയ ക്ലാസ് മാത്രമല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോരുത്തരുടെയും കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രകടനത്തിലേക്ക് നയിക്കുന്ന ഒരു പ്രായോഗിക പരിശീലന പരിപാടിയാണെന്ന് സംഘാടകർ അറിയിച്ചു.
അഭിനയരംഗത്തും റിയാലിറ്റി ഷോ മേഖലയിലും സ്റ്റേജ് പ്രകടനങ്ങളിലും ഭാവി സ്വപ്നം കാണുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കലാഭവൻ ലണ്ടൻ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07841613973, [email protected].
NRI
ന്യൂജഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷപൂർവം നടത്തുന്നു.
ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും.
ദേവാലയ വികാരി വെരി റവ.ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. "കർത്താവ് ഒരുക്കിയ ദിവസമാണിന്ന്, ഇന്ന് സന്തോഷിച്ചുല്ലസിക്കാം' (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം.
ജൂൺ 26 - കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8.45ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെന്റ് തോമസ് വാർഡ്).
ജൂൺ 27 - ഗ്രാന്റ് പേരെന്റ്സ് ദിനം: രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. ജോർജ് പാറയിൽ). (നേതൃത്വം: സെന്റ് അൽഫോൻസ വാർഡ്).
ജൂൺ 28 - കുടുംബങ്ങളുടെ ദിനം: രാവിലെ 7.30ന് മലയാളം കുർബാന, 9.30ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിവ്യബലി. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യവും ആദരവും. റവ. ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പോൾ കരയിൽ എന്നിവർ സഹകാർമ്മികർ.
ട്രസ്റ്റിമാർക്കും ജൂബിലേറിയന്മാർക്കുള്ള അനുമോദനവും നടക്കും. (നേതൃത്വം: സെന്റ് പോൾ വാർഡ്).
ജൂൺ 29 - ദൈവവിളി ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. മൈക്കൽ ജെയിംസ് മുഖ്യകാർമ്മികനായിരിക്കും). (നേതൃത്വം: സെന്റ് മേരീസ് വാർഡ്).
ജൂൺ 30 - യുവജന ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. സാം കുട്ടപ്പശേരി മുഖ്യകാർമികത്വം വഹിക്കും). (നേതൃത്വം: സെന്റ് ആന്റണി വാർഡ്).
ജൂലൈ ഒന്ന് - കുട്ടികളുടെ ദിനം: രാത്രി 7.15ന് കർദിനാളിന് സ്വീകരണം. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും. കർദിനാൾ മാർ ജോർജ് കൂവക്കാടും റവ. ഫാ. ജോസ് കണ്ണമ്പള്ളിയും കാർമികരായിരിക്കും. (നേതൃത്വം: സെന്റ് ജോസഫ് വാർഡ്).
ജൂലൈ രണ്ട് - യംഗ് അഡൾട്സ് ഡേയ്: രാത്രി 7.30ന് വിശുദ്ധ കുർബാന (മുഖ്യകാർമികൻ: വെരി റവ. ഫാ. ജോർജ് ദാനവേലിൽ). (നേതൃത്വം: സെൻറ് ജൂഡ് വാർഡ്).
ജൂലൈ മൂന്ന് - ദുക്റാന (രോഗശാന്തി പ്രാർഥനാ ദിനം): വൈകുന്നേരം 5.30ന് ഇംഗ്ലീഷ് കുർബാന (റവ. ഫാ. ജോസഫ് അലക്സ്), 7.30ന് മലയാളം കുർബാന (ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ, റവ. ഫാ. സിമ്മി തോമസ്). (നേതൃത്വം: സെന്റ് ജോർജ് വാർഡ്).
ജൂലൈ നാല് - അമ്മമാരുടെ ദിനം: രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. ഷനോയ് മണ്ണത്തറ). (നേതൃത്വം: സെന്റ് തെരേസ ഓഫ് കോൽക്കത്ത വാർഡ്).
തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ അഞ്ചിന് വൈകുന്നേരം നാലിന് രൂപ പ്രതിഷ്ഠയും അടിമ സമർപ്പണവും നടക്കും. 4.30ന് നടക്കുന്ന തിരുനാൾ റാസയ്ക്കും ലദീഞ്ഞിനും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, റവ. ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ, വെരി റവ. ഫാ. ജോണികുട്ടി പുലിശേരി എന്നിവർ നേതൃത്വം നൽകും.
തുടർന്ന് 6.15ന് തിരുനാൾ പ്രദക്ഷിണവും 6.45ന് 2027ലെ പുതിയ പ്രസുദേന്തിമാരെ വാഴിക്കൽ, 2026ലെ ഗ്രാജുവേറ്റുമാരെ ആദരിക്കൽ, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. രാത്രി ഏഴ് മുതൽ തിരുനാൾ സ്റ്റാളുകൾ, സംഗീതവിരുന്ന്, ശിങ്കാരി മേളം, കരിമരുന്നു പ്രയോഗം, റാഫിൾ ഡ്രോ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലവും ആഘോഷവുമായ "തിരുനാൾ യൂഫോറിയ' ആരംഭിക്കും.
ജൂലൈ ആറിന് ഇടവകയിൽനിന്നു മരണമടഞ്ഞ വിശ്വാസികൾക്കായുള്ള സ്മരണാദിനമായി ആചരിക്കും. രാത്രി 7.30ന് വിശുദ്ധ കുർബാനയും ഒപ്പീസും. തുടർന്ന് 8.30ന് കൊടിയിറക്കവും നടക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
ബെന്നി & ജിഷി ഏറത്ത്, ജോസ് മാത്യു & ജയ ചെന്നാട്ട്, ബ്രാൻഡൺ, ബ്രിട്ടനി & ബ്രിയാന്ന പെരുമ്പായിൽ , ഷിജോ & സുനില മാനച്ചേരി, റയാൻ ജോസഫ് എന്നിവരാണ് തിരുനാൾ പ്രസുദേന്തിമാർ.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന നൊവേനകൾക്കും തിരുക്കർമങ്ങൾക്കും ശേഷം എല്ലാ ദിവസവും നേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്.
ഭക്തിയും പ്രാർഥനയും സമൂഹ ഐക്യവും നിറഞ്ഞ തിരുനാളിൽ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി പുലിശേരിയും ട്രസ്റ്റിമാരും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി), ബിജു ചക്കു പുരയ്ക്കൽ (ട്രസ്റ്റി) 732-762-3622, സെബാസ്റ്റ്യൻ തൊട്ടത്തിൽ (ട്രസ്റ്റി) 609-439-9871
തിരുനാൾ സംഘടകർ: മത്തായി ചെന്നാട്ട്, ജോബി തോമസ്, സിസി നിരപ്പേൽ, മമത റോണി, നിക്ക് സ്റ്റീഫൻ, സ്റ്റെഫി ഒലിക്കൽ, ജോസഫ് മണിയൻചിറ, വില്യം സ്റ്റീഫൻ, തോമസ് ജോർജ്.
വെബ്: http://www.stthomassyronj.org
NRI
ലണ്ടൻ: മലങ്കര സഭയുടെ ഐക്യശിൽപ്പിയും നവോഥാന നായകനുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓർമ പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ വിശുദ്ധ കുർബാനയും പദയാത്രയും ജൂലൈ 19ന് എയ്ൽസ്ഫോർഡിലെ എയ്ൽസ്ഫോർഡ് പ്രായറിയിൽ നടക്കും.
യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ - യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
റവ. ഡോ. ചെറിയാൻ കോട്ടയിൽ, റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ ഒഐസി, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് അനുസ്മരണ സമ്മേളനവും ഉച്ചകഴിഞ്ഞ് മൂന്നിന് എംസിവൈഎം ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ പദയാത്രയും നടക്കും.
റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ ഒഐസി, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സംഘാടകസമിതി യോഗം പരിപാടിയുടെ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ബിനോജ് ജോൺ പ്രോഗ്രാം കൺവീനറായും റീനോ ജേക്കബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഓർമപ്പെരുന്നാളിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ 15 വരെ എംസിവൈഎം അംഗങ്ങളുടെ അനുസ്മരണ സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇതേ കാലയളവിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ദിവസേന ഓൺലൈൻ ജാഗരണ പ്രാർഥനയും സംഘടിപ്പിക്കും.
ലണ്ടൻ റീജിയണിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് ലണ്ടൻ, ഈസ്റ്റ് ലണ്ടൻ, ലൂട്ടൺ, ക്രോയ്ഡൺ, അഷ്ഫോർഡ്, സൗത്താംപ്ടൺ, ഇപ്സ്വിച്ച്, കേംബ്രിഡ്ജ്, വർത്തിംഗ് എന്നീ മിഷനുകൾ പരിപാടികളുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
എയ്ൽസ്ഫോർഡിലെ ഈ സംഗമം വിശ്വാസത്തിന്റെയും സഭൈക്യത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും ശക്തമായ സാക്ഷ്യമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിലെ എല്ലാ വിശ്വാസികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് ഓർമപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
NRI
ബർമിംഗ്ഹാം: സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള 2026ന് ഉജ്വലമായ പരിസമാപ്തി.
വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിന്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യൻമാരായി.
158 പോയിന്റുകളോടെ യോർക്ക്ഷയർ റീജിയൺ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിന്റുകളോടെ നോർത്ത് വെസ്റ്റ് റീജിയൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യുക്മയുടെ നൂറ്റിഅറുപത്തഞ്ചിലേറെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ 106 പോയിന്റുകളോടെ മിഡ്ലാൻഡ്സിലെ വാർവിക്ക് ആൻഡ് ലമിംഗ്ടൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പദവി നിലനിർത്തി.
82 പോയിന്റുകളോടെ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും 39 പോയിന്റുകളോടെ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൌത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ ഒമ്പതിന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത ശേഷം തുടങ്ങിയ മത്സരങ്ങൾ സമയക്രമം അനുസരിച്ച് തന്നെ പൂർത്തിയാക്കുവാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ ആസൂത്രണവും കായികതാരങ്ങളുടെയും വോളന്റീയേഴ്സിന്റെയും സഹകരണവും കൊണ്ട് കൂടിയാണ്.
ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റിനെ തുടർന്ന് ഉദ്ഘാടന യോഗം ആരംഭിച്ചു. യുക്മ ദേശീയ ബാനറിന് പിന്നിൽ ദേശീയ ഭാരവാഹികളും റീജിയണൽ ബാനറുകളുടെ പിന്നിൽ റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റ് ഏറെ വർണാഭമായിരുന്നു.
2025 കായികമേള ചാമ്പ്യൻമാർ സംവഹിച്ച ദീപശിഖ നാഷണൽ സ്പോർട്സിന്റെ ചുമതല വഹിക്കുന്ന റെയ്മോൾ നിധീരി, പീറ്റർ താണോലിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിന് മോടി കൂട്ടുവാൻ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു.
യുക്മ ദേശീയ കായികമേള 2026ന്റെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ പതാക ഉയർത്തി നിർവഹിച്ചു.
യുകെ മലയാളികൾക്കിടയിൽ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന അംഗ അസോസിയേഷനുകളെയും യുക്മ റീജിയണൽ നേതൃത്വങ്ങളെയും പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ യുക്മയുടെ വിവിധ റീജിയണുകളിൽ നിന്ന് ലഭിച്ചത് വമ്പിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.
ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറിയും കായികമേള കോഓർഡിനേറ്ററുമായ റെയ്മോൾ നിധീരി നന്ദി അറിയിച്ചു.
ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗീസ്, ജോർജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിൻ, റീജിയണൽ പ്രസിഡന്റുമാരായ അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്, മുൻ ദേശീയ ട്രഷറർ ഡിക്സ് ജോർജ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സന്നിഹിതരായിരുന്നു.
NRI
ബെർലിൻ: ജർമനിയിലെ റെയിൽ ഗതാഗതത്തെ പൂർണമായി സ്തംഭിപ്പിച്ച വൻ ഐടി പ്രതിസന്ധി. ചൊവ്വാഴ്ച രാത്രി ജർമൻ നാഷണൽ റെയിൽവേയായ ഡോയ്ച്ചേ ബാനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ പൂർണമായി നിശ്ചലമായി.
രാജ്യത്തെ മുഴുവൻ അതിവേഗ ദീർഘദൂരം ട്രെയിനുകളും (ICE), പ്രാദേശിക സർവീസുകളും (Regional trains), നഗരങ്ങളിലെ എസ്-ബാൻ സർവീസുകളും ഒരേസമയം പാതിവഴിയിൽ നിർത്തേണ്ടി വന്നത് കനത്ത പരിഭ്രാന്തി സൃഷ്ടിച്ചു.
അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഏകദേശം 90 മിനിറ്റോളമാണ് രാജ്യം മുഴുവൻ ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചത്.
എമർജൻസി സിസ്റ്റം വഴി സ്ഥിതി നിയന്ത്രണവിധേയമാക്കി
ട്രെയിനുകൾ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ റേഡിയോ സംവിധാനമായ GSM-R തകരാറിലായതാണ് ഈ വൻ പ്രതിസദ്ധിക്ക് കാരണമായത്. തുടർന്ന് ഐടി വിദഗ്ദ്ധർ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങുകയും അടിയന്തിര ബാക്കപ്പ് സംവിധാനം ഉപയോഗിച്ച് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുകയുമായിരുന്നു.
90 മിനിറ്റ് നീണ്ട കടുത്ത പ്രതിസന്ധിക്കൊടുവിൽ അടിയന്തിര സംവിധാനങ്ങൾ ഉപയോഗിച്ച് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വൻ തകരാറിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന് ഡോയ്ച്ചേ ബാൻ പാസഞ്ചർ വിഭാഗം മേധാവി എവ്ലിൻ പാല്ല പറഞ്ഞു.
തകരാർ ഉണ്ടായ ഉടൻ തന്നെ സുരക്ഷ മുൻനിർത്തി ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ അടിയന്തിരമായി നിർത്തിയിടാൻ നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പ്ലാറ്റ്ഫോമുകളിൽ ഇറക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
എന്നാൽ ഹാനോവർ, വുൾഫ്സ്ബുർഗ് തുടങ്ങിയ സ്റ്റേഷനുകളിൽ നൂറുകണക്കിന് യാത്രക്കാരാണ് അർദ്ധരാത്രിയിൽ കുടുങ്ങിയത്. ബെർലിൻ, മ്യൂണിക്ക് നഗരങ്ങളിലെ എസ്-ബാൻ സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു.
ഗെൽസൻകിർഹനിൽ നടന്ന പ്രശസ്ത ഗായിക ഹെലൻ ഫിഷറിന്റെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ ആയിരക്കണക്കിന് ആരാധകരും വടക്കൻ ജർമനിയിലെ പ്രശസ്തമായ "കീൽ ഫെസ്റ്റിവൽ' കാണാൻ എത്തിയവരുമാണ് ട്രെയിനുകൾ റദ്ദാക്കിയതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായത്. ഇവിടെ പോലീസും റെയിൽവേ അധികൃതരും ചേർന്ന് കനത്ത തിരക്ക് നിയന്ത്രിച്ചു.
റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിലെ ചില ഘടകങ്ങൾ മാറ്റിയതുമായി (Components change) ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാകാം തകരാറിന് കാരണമെന്ന് സുരക്ഷാവൃത്തങ്ങളിൽ നിന്നും സൂചനയുണ്ടെങ്കിലും ഡച്ചെ ബാൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ മുതൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ഇന്നും രാജ്യത്തുടനീളം ട്രെയിനുകൾ വൻതോതിൽ വൈകാനും ചില സർവീസുകൾ പൂർണമായി റദ്ദാക്കാനും സാധ്യതയുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപായി മൊബൈൽ ആപ്പുകൾ വഴി ട്രെയിൻ സമയങ്ങൾ കൃത്യമായി പരിശോധിക്കാൻ ജർമനിയിലെ യാത്രക്കാരോട് അധികൃതർ അഭ്യർഥിച്ചു.
NRI
ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. അബ്ദുൾ ജലീല്‍.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പ്രതിരോധം കുടുംബത്തില്‍ നിന്നാണെന്ന് അബ്ദുൾ ജലീല്‍ കൂട്ടിച്ചേർത്തു.
പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ കമ്മിറ്റി ചെയര്മാന് മുതലിബ് മട്ടന്നൂര്‍, ഷാനു ഗ്രീന്‍ ജോബ്സ്, ഉവൈസ് ഉസ്മാന്, മുഹമ്മദ് നൗഷാദ് അബു, പി.കെ. മുസ്തഫ, സുബൈര്‍ പാണ്ടാവത്ത്, സവിത ദീപു, റാഫി പരക്കാട്ടില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് തുടര്‍ച്ചയായ ബോധവത്കരണം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, യുവജന ശാക്തീകരണ പരിപാടികള്‍, കുടുംബ കൗണ്‍സിലിംഗ്, സര്dക്കാര് സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, മാധ്യമങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനാചരണം, യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന സംഘാടകരുടെ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.
NRI
ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തി വരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവക മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച (ജൂൺ 27) സെന്റ് ബീഡ്സ് ദേവാലയത്തിൽ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റെഡ്ഹിൽ സെന്റ് ക്ലയർ മിഷൻ വികാരി റവ. ഫാ. ജിമ്മി മറ്റത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും.
അദ്ദേഹം തിരുവചന സന്ദേശവും നൽകുന്നതാണ്. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ ദിനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടിയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മെൻസ് ഫോറം, വുമൻസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.
തിരുനാൾ ദിവസം നേർചക്കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വിശ്വാസികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ മാർ തോമാശ്ലീഹാ, അഗസ്തീനോസ്, അൽഫോൻസാമ്മ എന്നിവരുടെയും മധ്യസ്ഥം തേടി, അവരുടെ വിശുദ്ധ ജീവിതമാതൃക പിന്തുടർന്ന് ദൈവാനുഭവത്തിൽ വളരുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ പുണ്യാചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ ഏവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
NRI
ലണ്ടൻ: യുകെയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് നിക്ഷേപകരെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുന്ന വലിയ നികുതി-സമ്പാദ്യ പരിഷ്കാരങ്ങളുമായി ബ്രിട്ടീഷ് സർക്കാരും എച്ച്എംആർസിയും.
യുകെയിലെ ജനപ്രിയ നിക്ഷേപ പദ്ധതിയായ ഐഎസ്എ (Individual Savings Account - ISA) നിയമങ്ങളിലാണ് ട്രഷറി വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചില സേവിംഗ്സ് അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശയ്ക്ക് പുതിയ നികുതി ഏർപ്പെടുത്തുമ്പോൾ തന്നെ, ആദ്യമായി വീട് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആനുകൂല്യങ്ങളോടെ പുതിയൊരു ഐഎസ്എ പദ്ധതിയും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.
പുതിയ നികുതി നിയമങ്ങൾ 2027 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
സ്റ്റോക്ക്സ് ആൻഡ് ഷെയേഴ്സ് ഐസയിലെ പണത്തിന് 22 ശതമാനം നികുതി
പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും നിർണ്ണായകമായത് സ്റ്റോക്ക്സ് ആൻഡ് ഷെയേഴ്സ് ഐഎസ്എ യുമായി (Stocks & Shares ISA) ബന്ധപ്പെട്ടതാണ്.
ഈ അക്കൗണ്ടുകളിൽ നിക്ഷേപമായിട്ടല്ലാതെ വെറുതെ പണമായി സൂക്ഷിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് ഇനിമുതൽ 22 ശതമാനം നികുതി ചുമത്തും.
നിലവിൽ ഐഎസ്എ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിനും പലിശയ്ക്കും പൂർണ നികുതിയിളവ് ഉണ്ടായിരുന്നു. 2027 ഏപ്രിൽ മുതലായിരിക്കും ഈ പുതിയ നികുതി പ്രാബല്യത്തിൽ വരിക.
കാഷ് ഐഎസ്എ പരിധി കുറയും
65 വയസിന് താഴെയുള്ള വ്യക്തികൾക്ക് കാഷ് ഐഎസ്എ അക്കൗണ്ടുകളിൽ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക നിലവിലെ പരിധിയിൽ നിന്നും £12,000 ആയി കുറയ്ക്കും.
നിലവിൽ എല്ലാത്തരം ഐഎസ്എ കളിലുമായി ആകെ £20,000 വരെ നിക്ഷേപിക്കാനാണ് യുകെയിൽ അനുവാദമുള്ളത്. കൂടുതൽ ആളുകളെ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാനാണ് കാഷ് ഐഎസ്എ പരിധി കുറയ്ക്കുന്നതെന്നാണ് വിലയിരുത്തൽ.
ആദ്യമായി വീട് വാങ്ങുന്നവർക്ക് പ്രായപരിധിയില്ലാത്ത പുതിയ പദ്ധതി
യുകെയിൽ ആദ്യമായി വീട് സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം ഉയരുന്ന പശ്ചാത്തലത്തിൽ, അവർക്ക് ആശ്വാസകരമായ പുതിയ ഫസ്റ്റ്-ടൈം ബെയർ ഐഎസ്എ പദ്ധതി ട്രഷറി പ്രഖ്യാപിച്ചു.
നിലവിലെ ലൈഫ് ടൈം ഐസ (LISA) തുറക്കാൻ 18 മുതൽ 39 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ പദ്ധതിയിൽ 18 വയസിന് മുകളിലുള്ള പ്രായപരിധിയില്ലാതെ ആർക്കും അക്കൗണ്ട് തുറക്കാം.
ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് സർക്കാർ 25 ശതമാനം ബോണസ് തുക കൂട്ടിനൽകും. എന്നാൽ ഈ ബോണസ് വർഷംതോറും അക്കൗണ്ടിൽ ക്രെഡിറ്റ് ആകില്ല; പകരം വീട് വാങ്ങുന്ന സമയത്തായിരിക്കും തുക ലഭ്യമാകുക.
പുതിയ പദ്ധതി പ്രകാരം വീട് വാങ്ങാനല്ലാതെ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കായി പണം പിൻവലിച്ചാൽ, നിലവിലെ ലൈഫ് ടൈം ഐസയെപ്പോലെ 25 ശതമാനം കടുത്ത പെനാൽറ്റി ഈടാക്കില്ല എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
സാധാരണക്കാർക്ക് ആശയക്കുഴപ്പമെന്ന് വിദഗ്ധർ
ഈ മാറ്റങ്ങൾ വഴി കൂടുതൽ ആളുകൾ പണം ബാങ്കുകളിൽ സൂക്ഷിക്കാതെ വിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നത്. എന്നാൽ, യുകെയിലെ സാമ്പത്തിക വിദഗ്ധരിൽ ചിലർ ഈ പുതിയ നിയമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവിലുള്ള ഐഎസ്എ നിക്ഷേപ സംവിധാനങ്ങളെ പുതിയ മാറ്റങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും നികുതി ഏർപ്പെടുത്തുന്നത് സാധാരണക്കാരായ നിക്ഷേപകർക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ.
എങ്കിലും ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ പദ്ധതി ഗുണം ചെയ്യും.
NRI
ബെർലിൻ: ജർമനിയെയാകെ നിശ്ചലമാക്കിയ ഡോയ്ച്ചേ ബാനിന്റെ അർദ്ധരാത്രിയിലെ വൻ ട്രെയിൻ സ്തംഭനത്തിന് കാരണം കാലഹരണപ്പെട്ട കമ്യൂണിക്കേഷൻ സംവിധാനമാണെന്ന് വെളിപ്പെടുത്തൽ.
ട്രെയിൻ ലോക്കോ പൈലറ്റുമാരും കൺട്രോൾ റൂമും തമ്മിൽ ബന്ധപ്പെടുന്നതിനും അടിയന്തിര സന്ദേശങ്ങൾ കൈമാറുന്നതിനുമുള്ള ജർമൻ റെയിൽവേയുടെ ഡിജിറ്റൽ റേഡിയോ സംവിധാനം (GSM-R) ഒരു "ടൈം ബോംബ്' പോലെ അപകടകരമായ അവസ്ഥയിലാണെന്ന് പ്രമുഖ മാധ്യമമായ "ബിൽഡ്' പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് നൽകി വിദഗ്ധർ
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഐടി തകരാർ തികച്ചും അപ്രതീക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജർമൻ റെയിൽവേയിലെ കമ്യൂണിക്കേഷൻ സംവിധാനം എത്രത്തോളം ദുർബലമാണെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ആഭ്യന്തര വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ അവഗണിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.
പഴഞ്ചൻ 2G സാങ്കേതികവിദ്യ
ആധുനിക യുഗത്തിലും ജർമ്മൻ റെയിൽവേയുടെ ഈ സുപ്രധാന സുരക്ഷാ കമ്മ്യൂണിക്കേഷൻ ശൃംഖല പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള "2G' (2G Technology) നെറ്റ്വർക്കിനെ അടിസ്ഥാനമാക്കിയാണ്.
കനത്ത ട്രെയിൻ ഗതാഗതമുള്ള ജർമനി പോലുള്ള ഒരു രാജ്യത്ത് ഈ സംവിധാനം ഏതുനിമിഷവും തകരാം എന്നതായിരുന്നു അവസ്ഥ.
അത്യാവശ്യ ആശയവിനിമയം അസാധ്യമായി: ട്രെയിനുകൾ ഓടിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ ബ്രേക്ക് ഇടുന്നതിനും സിഗ്നൽ വിവരങ്ങൾ കൈമാറുന്നതിനും ലോക്കോ പൈലറ്റുമാർക്ക് ഈ റേഡിയോ സംവിധാനം അത്യന്താപേക്ഷിതമാണ്.
ഇത് പണിമുടക്കിയതോടെ ട്രെയിനുകളുടെ സുരക്ഷയെ കരുതി സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കുകയല്ലാതെ റെയിൽവേയ്ക്ക് മറ്റ് വഴികളില്ലായിരുന്നു.
5Gയിലേക്കുള്ള മാറ്റം കനത്ത കടമ്പ
നിലവിലെ പഴഞ്ചൻ സംവിധാനം മാറ്റി ഏറ്റവും പുതിയ 5G സാങ്കേതികവിദ്യയിലേക്ക് റെയിൽവേ കമ്യൂണിക്കേഷൻ പൂർണമായി മാറ്റാൻ ജർമ്മനി പദ്ധതിയിടുന്നുണ്ടെങ്കിലും അത് പെട്ടെന്ന് തീർക്കാവുന്ന ഒന്നല്ലെന്നാണ് വിലയിരുത്തൽ.
രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന റെയിൽവേ പാളങ്ങളിലും ട്രെയിനുകളിലും ഈ മാറ്റം വരുത്തുക എന്നത് കോടിക്കണക്കിന് യൂറോ ചെലവഴിക്കേണ്ടി വരുന്ന ഒരു ഭഗീരഥ പ്രയത്നമാണ്.
ഈ മാറ്റം പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമെന്നിരിക്കെ, സമാനമായ തകരാറുകൾ ഭാവിയിലും ഉണ്ടാകാതിരിക്കാൻ താത്കാലികവും അടിയന്തിരവുമായ മറ്റ് പോംവഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ഡോയ്ച്ചേ ബാനിലെ ഉന്നത ഉദ്യോഗസ്ഥരും ഐടി സാങ്കേതിക വിദഗ്ധരും.
NRI
ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ ക്നാനായ കത്തോലിക്ക റീജിയണിന്റെ ആഭിമുഖ്യത്തിൽ "ക്രൂസിംഗ് അലാസ്കാ ടുഗതർ' (Cruising Alaska Together) എന്ന പേരിൽ പ്രത്യേക കുടുംബ അലാസ്ക ക്രൂസ് സംഘടിപ്പിക്കുന്നു.
2027 ജൂൺ 13 മുതൽ 20 വരെയാണ് ആനന്ദകരമായ ഈ സമുദ്രയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്തമായ "സ്റ്റാർ പ്രിൻസസ്' ആഡംബര കപ്പലിൽ നടക്കുന്ന ഈ യാത്ര സിയാറ്റിൽ തുറമുഖത്തിൽ നിന്ന് ആരംഭിച്ച് സിയാറ്റിലിൽ തന്നെ സമാപിക്കും.
കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക, വിശ്വാസജീവിതം പങ്കുവയ്ക്കുക, റീജിയണിലെ കുടുംബങ്ങൾക്ക് ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമൊരുക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.
യാത്രാവേളകളിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, സെമിനാറുകൾ, വിവിധങ്ങളായ വിനോദപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും യുവജനങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമായി പ്രത്യേക പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.
സിയാറ്റിൽ, കെച്ചിക്കൻ, എൻഡിക്കോട്ട് ആം ആൻഡ് ഡാവ്സ് ഗ്ലേഷ്യർ, ജൂനോ, സ്കാഗ്വേ, വിക്ടോറിയ (കാനഡ) എന്നീ മനോഹരമായ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഈ യാത്രാപദ്ധതി.
അലാസ്കയുടെ അതിമനോഹരമായ പ്രകൃതിഭംഗിയും ഹിമാനികളും (Glaciers) നേരിൽക്കണ്ട് ആസ്വദിക്കാൻ കുടുംബങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്.
ഗ്രൂപ്പ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
ഇന്റീരിയർ റൂം: ഒരാൾക്ക് 1,150 മുതൽ 1,250 ഡോളർ വരെ (രണ്ടുപേർക്ക് താമസിക്കാവുന്നത്).
ഓഷ്യൻ വ്യൂ റൂം: ഒരാൾക്ക് 1,675 ഡോളർ.
ഈ നിരക്കുകളിൽ എല്ലാ പോർട്ട് ഫീസുകളും ടാക്സുകളും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഗ്രാറ്റുവിറ്റിയും വിമാന ടിക്കറ്റ് നിരക്കും ഇതിൽ ഉൾപ്പെടുന്നില്ല. അവ പ്രത്യേകം എടുക്കേണ്ടതാണ്.
ഡിസ്കൗണ്ട് നിരക്കിലുള്ള സീറ്റുകൾ പരിമിതമായതിനാൽ താത്പര്യമുള്ള കുടുംബങ്ങൾ എത്രയും വേഗം ബുക്കിംഗ് പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.
റിസർവേഷനുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി: മൈക്കിൾ (മുഖ്യ കോൺടാക്ട് ഏജന്റ്): 540 609 8810, ഫാ. തോമസ് മുളവനാൽ: 310 709 5111, ഫാ. അബ്രഹാം മുത്തോലത്ത്: 773 412 6254, ഫാ. ബിൻസ് ചേത്തലിൽ: 281 818 6518.
NRI
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ ഔട്ട്റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തിൽ മിഡ്ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ടിന്റെ വാർഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയിൽ നിരവധി ദേവാലയ അംഗങ്ങൾ വോളന്റീറായി സ്തുത്യർഹമായ സേവനത്തിലൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.
ഫണ്ട്റൈസിംഗ് പരിപാടി നടന്ന വേദിയിൽ സ്ഥലം വൃത്തിയാക്കാനും വേദി പുനഃസ്ഥാപിക്കാനും വോളന്റീർസ് സഹായഹസ്തമായി. സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ ഔട്ട്റീച്ച് കോഓർഡിനേറ്റർ ജെറീഷ് വർഗീസ് നേതൃത്വം കൊടുത്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഇടവകാംഗങ്ങളായ അജു തര്യൻ, സുനിത വർഗീസ്, അലിസൺ തര്യൻ, വിജു ജോൺ, മനു ജോർജ്, ജോൺ കുര്യൻ, ജിനേഷ് തമ്പി, സഞ്ജയ് ഉമ്മൻ, ഷേർളി തങ്കച്ചൻ, ജോഷ്വ മനു, ഐയ്ഡൻ തമ്പി, ജെന്ന കുര്യൻ,എലിയാന സഞ്ജയ്, ബഥനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു
മിഡ്ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ട് ഇൻകോർപ്പറേറ്റഡ് ഗുരുതരമായ രോഗബാധിതയായ ഒരു കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി ഫണ്ട് രൂപീകരിക്കുന്നതിനായി 1977-ൽ സ്ഥാപിതമായ ഒരു പ്രാദേശിക ചാരിറ്റബിൾ സംഘടനയാണ്.
NRI
ദോഹ: ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുൾ നാസര്‍ മഹ് ബൂബി അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയില്‍ നിന്ന് പ്രായോഗികമായും ക്രിയാത്മകമായും പിന്തിരിപ്പിക്കണമെങ്കില്‍ നാവുകൊണ്ട് കാതിലേക്കുള്ള സംവേദന കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ലെന്നും ഹൃദയംകൊണ്ട് ഹൃദയത്തെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം. നല്ല കൂട്ടുകെട്ടുകളിലൂടെയും മൂല്യബോധത്തിലൂടെയും വ്യക്തമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് സാമൂഹ്യ മാറ്റം സാധ്യമാവുക. ധാര്‍മികതയും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നത്.
ലഹരിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കുടുംബങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
വിദ്യാര്‍ത്ഥി സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സ്കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മികച്ച വായനക്കാരനായ ഇഷാന് ഖാന്, കുട്ടികള്‍ക്ക് ലഹരിമുക്തമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍ഗാത്മകമായ വഴികളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നും ഇഷാന് ചൂണ്ടിക്കാട്ടി. ലഹരി വെടിയുക, ജോലി നേടുക എന്ന മുദ്രാവാക്യമാണ് ഗ്രീന്‍ ജോബ്സ് മുന്നോട്ടുവയ്ക്കുന്നതെന്ന് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ് പറഞ്ഞു
ലഹരി ഉപയോഗത്തിന്റെ മനശാസ്ത്രപരമായ വശങ്ങളെക്കുറിച്ചും, പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും "ആസ്റ്റ സോള്‍' ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിഷ സൈബൂള്‍ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ബിന്ദു ലിന്‍സണും നിര്‍വാഹക സമിതി അംഗം ലാജലക്ഷ്മിയും വിശദീകരിച്ചു.
പ്രവാസി ശൃംഖലകള്‍ വഴി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് ലോക കേരള സഭാംഗങ്ങളായ ഷൈനി കബീര്‍, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചു.
താഴെത്തട്ടിലുള്ള നിരന്തരമായ ബോധവത്കരണത്തിന്റെ പ്രാധാന്യം ലഹരി വിരുദ്ധ സമിതി ഖത്തര്‍ പ്രസിഡന്റ് ജാഫര്‍ ജാതിയേരി, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ ഊന്നിപ്പറഞ്ഞു.
മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഭാരവാഹികളായ അബ്ദുള്ള പൊയില്‍, ജാഫര്‍ മുറിച്ചാണ്ടി, കൂടാതെ ഷാം ദോഹ, സവിത ദീപു, നിഷാദ്, സുബൈര്‍ പാണ്ടവത്ത് എന്നിവരും ചടങ്ങില്‍ സംസാരിക്കുകയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദ വേ കോര്‍പ്പറേറ്റ് സിഇഒ ഉവൈസ് ഉസ്മാന് നന്ദി പറഞ്ഞു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിനിന്റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് ഏഴ് അംഗ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്.
ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റായും ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തെരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്), അനൂബ് തങ്കച്ചൻ (ഓർഗനൈസിംഗ് സെക്രട്ടറി), വി.എം. പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങള്‍.
ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
ബഹ്റിനിലെ കൊല്ലം പ്രവാസികൾ കെപിഎയുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്റിനിലെ പൊതു സമൂഹം നൽകിയ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് പുതിയ നേതൃത്വത്തിനെ പ്രഖാപിച്ചത്. അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.
കെപിഎ രക്ഷാധികാരികളായ ബിജു മലയിൽ, ചന്ദ്രബോസ് എന്നിവർ ആശംസകൾ അറിയിച്ചു. നിയുക്ത ട്രഷറർ ബിനു കുണ്ടറയുടെ നന്ദിപ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.
NRI
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ വിയന്നയില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ 10,000-ത്തിലധികം സന്ദര്‍ശകരും 300-ലധികം കലാകാരന്മാരും പങ്കെടുത്തു.
വിയന്നയിലെ കാന്ഡല്ഗാസെ 46-ല്‍ പ്രവര്‍ത്തിക്കുന്ന പ്രോസി എക്സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നിലുള്ള നിരത്തുകളില്‍ നടന്ന സംഗമം ബഹുസ്വരതയുടെ ശ്രദ്ധേയമായ ആവിഴ്കാരമായി മാറി.
ഇന്ത്യന്‍ അംബാസഡര്‍ ശംഭു എസ്. കുമരന് മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രോസി എക്സലന്‍സ് അവാര്‍ഡ് ഉഗാണ്ടയില്‍ നിന്നുള്ള മെന്ററും ക്രിമിനോളജിസ്റ്റുമായ മാര്‍ഗരറ്റ് അകുല്ലോയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
NRI
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിലെ നൊയ്ഹാസൻ ഒബ് എക്കിൽ നടക്കുന്ന പ്രശസ്തമായ "സൗത്ത് സൈഡ്' മ്യൂസിക് ഫെസ്റ്റിവൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു.
രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലും നാശം വിതച്ചു തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മെഗാ സംഗീതോത്സവം സുരക്ഷ മുൻനിർത്തി സംഘാടകർക്ക് താത്കാലികമായി നിർത്തിവക്കേണ്ടി വന്നത്.
ലൈവ് ഷോയ്ക്കിടെ അടിയന്തിര സൈറണുകൾ; പാതിവഴിയിൽ ഉപേക്ഷിച്ച പരിപാടികൾ
വേദിയിൽ ലൈവ് പ്രകടനങ്ങൾ തത്സമയം നടന്നു കൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമുണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അടിയന്തിര സൈറണുകൾ മുഴങ്ങി.
പ്രശസ്ത ബാൻഡായ "എ ഡേ ടു റിമംബർ' ഉൾപ്പെടെയുള്ള പരിപാടികൾ രാത്രി ഏഴോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാലാവസ്ഥ ഒന്നു ശാന്തമായതിനെ തുടർന്ന് രാത്രി 10ന് പരിപാടികൾ പുനരാരംഭിച്ചുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന മിക്ക പ്രകടനങ്ങളും പൂർണമായി റദ്ദാക്കിയത് ആരാധകരെ ഏറെ നിരാശരാക്കി.
കാറുകൾ അഭയകേന്ദ്രമാക്കി അറുപതിനായിരത്തോളം കാണികൾ
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ സംഘാടകരും കോൺസ്റ്റൻസ് (Constance) പോലീസും കർശന നിർദേശം നൽകി. തുറസായ സ്ഥലങ്ങളേക്കാൾ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ അടിയന്തിര നീക്കം നടത്തിയത്.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദർശകരെയും കാറുകളുള്ളവർ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളിൽ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിൽ "വാണിംഗ് ലൈറ്റുകൾ' (Hazard Lights) തെളിയിച്ച് അത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകർ മാതൃകാപരമായ അഭ്യർഥനയും നടത്തിയിരുന്നു.
കടുത്ത ചൂടിന് പിന്നാലെ വില്ലനായി കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്റ്റിവൽ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികൾക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ തിരിച്ചടിയായി.
നിലവിൽ കാലാവസ്ഥ ശാന്തമായതോടെ ഫെസ്റ്റിവൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഈ സംഗീതോത്സവം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
NRI
ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ജോർജ് വാഷിംഗ്ടൺ സർവകലാശാലയിലെ വിദ്യാർഥിയായ ജോൺ ജോർജ് പാറേൽ.
സർവകലാശാലയുടെ 2026-ലെ മുഴുവൻ ബിരുദധാരികളായ വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ “ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ” പദവി ജോൺ ജോർജ് പാറേൽ നേടി.
ഈ ബഹുമതിയുടെ ഭാഗമായി സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഴുവൻ ബിരുദധാരികളെയും പ്രതിനിധീകരിച്ച് പ്രസംഗിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.
NRI
ദോഹ: പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന് ഖാന് അഭിപ്രായപ്പെട്ടു.
ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവയ്ക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന് വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്.
പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചതെന്ന് എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു.
അറിവാണ് മനുഷ്യനെ നേതാവാക്കുന്നതെന്നും അറിവും വായനയും മനുഷ്യനെ ഉന്നതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാള്‍ പ്രധാനം ചിന്തക്കുണ്ടെന്നും ചിന്തയും ജ്ഞാനവും ഉണ്ടാകണമെങ്കില്‍ പരന്ന വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, ഉവൈസ് ഉസ് മാന്‍, സുബൈര്‍ പാണ്ഡവത്ത് ശാം ദോഹ, ഷംസീര്‍, ഇഖ്ബാല്‍ വയനാട്, ജാസ്മിന് എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ളസ് സിഇഒയും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
NRI
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിക്ക് പ്രൗഢോജ്വലമായ സമാപനം.
ഉച്ചകോടിയുടെ മൂന്നാം ദിവസം ആഗോള സാമ്പത്തിക വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയുമാണ് ലോകനേതാക്കൾ പ്രധാനമായും ചർച്ച ചെയ്തത്.
ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള ആഗോള ടെക് ഭീമന്മാരും ഈ നിർണായക യോഗങ്ങളിൽ പങ്കെടുത്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും ചൈനയ്ക്ക് മേൽ ജി7 രാജ്യങ്ങൾ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുമാണ് ഉച്ചകോടിയുടെ അവസാന ദിനത്തെ ഏറ്റവും ശ്രദ്ധേയമായ വാർത്തകളായി ഇടംപിടിച്ചത്.
പ്രതിരോധ പിന്തുണ: ഭാവിയിൽ ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും രാജ്യം (പ്രത്യേകിച്ച് ചൈന) ആക്രമണം നടത്തിയാൽ ഇന്ത്യയെ സംരക്ഷിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.
ആ മനുഷ്യനെ (മോദിയെ) ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ അവിടെയെത്തും. എന്നാൽ അവിടെ പുതിയൊരു നേതാവാണ് വരുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല എന്നാണ് ട്രംപ് പറഞ്ഞത്.
വ്യാപാര കരാറുകൾ: ഇന്ത്യയും അമേരിക്കയും പുതിയ വ്യാപാര കരാറുകളിലേക്ക് നീങ്ങുകയാണെന്നും മോദി അതീവ സമർത്ഥനായ ഒരു ചർച്ചക്കാരനാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
താൻ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2. ചൈനയെ പൂട്ടാൻ പുതിയ "60 ശതമാനം നിയമം'
മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിന് അത്യാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും അപൂർവ ധാതുക്കൾക്കുമായി (Critical Raw Materials) ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ജി7 രാജ്യങ്ങൾ ചരിത്രപരമായ കരാറിലെത്തി.
പുതിയ തീരുമാനപ്രകാരം, ചൈനയിൽ നിന്നുള്ള ഇത്തരം ധാതുക്കളുടെ ഇറക്കുമതി 60 ശതമാനമായി പരിമിതപ്പെടുത്തും. 2030-ഓടെ ഇത് 50 ശതമാനത്തിലേക്ക് താഴ്ത്താനാണ് ലക്ഷ്യമിടുന്നത്.
ജി7 പങ്കാളി രാജ്യമായ ഓസ്ട്രേലിയയും ഈ നീക്കത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. സാമ്പത്തിക മേധാവിത്വം കാണിച്ച് മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് ഇതൊരു കനത്ത തിരിച്ചടിയാകും.
3. കാനഡയും ഇന്ത്യയും ഭായ് ഭായ്; മോദിക്ക് ക്ഷണം
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളോടെ ഇരുരാജ്യങ്ങളും തമ്മിൽ മുൻപുണ്ടായിരുന്ന നയതന്ത്ര അസ്വാരസ്യങ്ങൾ പൂർണ്ണമായും അവസാനിച്ചു.
ഈ വർഷം അവസാനം ഔദ്യോഗിക സന്ദർശനത്തിനായി മോദിയെ മാർക്ക് കാർണി കാനഡയിലേക്ക് ക്ഷണിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാറുകളിലും ഊർജ്ജ പങ്കാളിത്തത്തിലും ഒപ്പുവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് മോദിയും കാർണിയും കൂടിക്കാഴ്ച നടത്തുന്നത്.
4. "ഞാനാണ് ബോസ്' എന്ന് ട്രംപ്; ഉക്രെയ്ന് പുതിയ കരുത്ത്
ഉച്ചകോടിയുടെ അവസാന ദിവസം രാവിലത്തെ സെഷനിൽ പങ്കെടുത്തുകൊണ്ട് ജി7 നേതാക്കളോട് "ഞാനാണ് ബോസ്" എന്ന് ട്രംപ് തമാശയായി പറഞ്ഞത് കൗതുകമുണർത്തി.
മുൻപത്തെ ഉച്ചകോടികളിൽ നിന്നും വ്യത്യസ്തമായി ട്രംപ് ഇത്തവണ മൂന്ന് ദിവസവും പൂർണമായി പങ്കെടുക്കുകയും റഷ്യക്കെതിരേ കടുത്ത എണ്ണ-ഗ്യാസ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇതിനെ റഷ്യക്കെതിരേയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വലിയ വിജയമായാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് വിശേഷിപ്പിച്ചത്.
ജി7 ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് ശേഷവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചരിത്രപ്രസിദ്ധമായ വേഴ്സായ് കൊട്ടാരത്തിലെ വിരുന്നിലും പങ്കെടുത്ത ശേഷമേ ട്രംപ് അമേരിക്കയിലേക്ക് മടങ്ങുകയുള്ളൂ.
NRI
ഡബ്ലിൻ: ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനത്ത്. 2026 ജൂണിൽ പുറത്തിറങ്ങിയ ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരമാണ് ലോകത്തെ സമാധാന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.
സാമൂഹിക സുരക്ഷ, നിലവിലുള്ള സംഘർഷങ്ങൾ, സൈനികവത്കരണം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പട്ടിക തയാറാക്കുന്നത്. ഐസ്ലാൻഡ്, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
സ്ലോവേനിയയ്ക്കാണ് നാലാം സ്ഥാനം. ഓസ്ട്രിയ, പോർച്ചുഗൽ, സിംഗപ്പുർ, ഫിൻലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
നിലവിലെ സംഘർഷ സാഹചര്യത്തിൽ സമാധാന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെയും പിന്നിലാണ് പട്ടികയിൽ അമേരിക്കയുടെ സ്ഥാനം. 163 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്.
NRI
എഡ്മണ്ടൺ (കാനഡ): എഡ്മണ്ടൺ സെന്റ് ജേക്കബ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരം 2026’ സാംസ്കാരിക ദൃശ്യവിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഓഡിറ്റോറിയത്തിൽ ഈ മാസം 19, 20 (വെള്ളി, ശനി) തീയതികളിലാണ് മേള അരങ്ങേറുന്നത്.
പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തുടർച്ചയായാണ് ഇത്തവണ രണ്ടു ദിവസങ്ങളിലായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കും.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ തത്സമയം പാചകം ചെയ്തു നൽകുന്ന വിപുലമായ നാടൻ തട്ടുകട തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണശാല മേളയിലുടനീളം സജീവമായിരിക്കും.
ഗൃഹാതുരത്വമുണർത്തുന്ന രുചികൾ പ്രവാസികൾക്കായി തത്സമയം ഒരുക്കുന്ന വിപുലമായ ക്രമീകരണങ്ങളാണ് വേദിയിൽ പൂർത്തിയായിട്ടുള്ളത്. മേളയുടെ ആദ്യദിനമായ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെ പ്രത്യേക ചലച്ചിത്ര പ്രദർശനവും തട്ടുകടയുടെ ലോഞ്ചും നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ എക്കാലത്തെയും ഇന്ത്യയിലെ ഏറ്റവും ജന സ്വീകാര്യമായ ഹിന്ദി ചലച്ചിത്രവും തുടർന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ പ്രമുഖ മലയാള ചലച്ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്.
രണ്ടാം ദിനമായ 20ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും അരങ്ങേറും.
എഴുപത്, എൺപത്, തൊണ്ണൂറുകളിലെ മലയാളം, തമിഴ്, ഹിന്ദി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി എഡ്മണ്ടണിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേള ശനിയാഴ്ചത്തെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോ മത്സരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 10 ഡോളർ മൂല്യമുള്ള ഒരൊറ്റ കൂപ്പൺ വഴി മണിക്കൂറുകൾ തോറും നടക്കുന്ന നറുക്കെടുപ്പുകളിലും രണ്ട് മെഗാ സമ്മാനങ്ങൾ നിർണയിക്കുന്ന ഗ്രാൻഡ് ലക്കി ഡ്രോയിലും പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
വിവരങ്ങൾക്കും ലക്കി ഡ്രോ കൂപ്പണുകൾക്കുമായി (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിനിമയും സംഗീതവും തത്സമയ രുചിക്കൂട്ടുകളും ഒത്തുചേരുന്ന മേളയിലേക്ക് മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും മഴ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തതായും സംഘാടക സമിതി അറിയിച്ചു.
NRI
ബെർലിൻ: ജർമനിയുടെയും ഇന്ത്യയുടെയും സംഗീതവും നൃത്തവും ഒരേ വേദിയിൽ കൈകോർക്കുന്ന അപൂർവ സാംസ്കാരിക വിരുന്നിന് കാൾസ്റു നഗരം വേദിയാകുന്നു.
ഈ മാസം 22ന് വൈകുന്നേരം 6.30ന് കാൾസ്റു സ്റ്റാട്ട്കിർഷേയിൽ നടക്കുന്ന പ്രത്യേക ഉദ്ഘാടനത്തോടെ India Days Karlsruhe 2026ന് തുടക്കമാവും.
മുംബൈയിലെ പ്രശസ്തമായ Mehli Mehta Music Foundationന്റെ യുവഗായകസംഘം, ജർമനിയിലെ പ്രശസ്ത Ulmer Spatzen യുവഗായകസംഘം, കൂടാതെ Mannheimൽ നിന്നും ജർമൻ മലയാളി ഷാനി മാത്യുവിന്റെ നേതൃത്വത്തിൽ നിസരി കലാക്ഷേത്ര ഡാൻസ് അക്കാഡമിയിലെ നർത്തകിമാരും ചേർന്നാണ് സാംസ്കാരിക സായാഹ്നം ധന്യമാക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
പാശ്ചാത്യ കോറൽ സംഗീതവും ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന പരിപാടി സംഗീതത്തിന്റെയും കലാസൗഹൃദത്തിന്റെയും ഇന്ത്യയും ജർമനിയും തമ്മിലുള്ള സംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാകും.
വ്യത്യസ്ത സംസ്കാരങ്ങളെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ബന്ധിപ്പിക്കുന്ന ഈ അപൂർവ വേദി കലാസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.
പ്രസിഡന്റ്: റോണി വർഗീസ്, വൈസ് പ്രസിഡന്റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.
NRI
ദോഹ: ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ് മാന്‍, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം, കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, സാമൂഹ്യ പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര്‍, അഹ് മദ് അല്‍ മഗ് രിബി പെര്‍ഫ്യൂം മാര്‍ക്കറ്റിംഗ് മാനേജര്‍ സെയ്ഫ് അല്‍ ഹാഷ്മി , അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന്, മുംതാസ് എന്നിവര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു. ആര്.ജെ. സൂരജായിരുന്നു പരിപാടിയുടെ അവതാരകന്.
NRI
ഹൂസ്റ്റൺ: കെഎച്ച്എൻഎ യുവ ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു.
യംഗ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, സങ്കൽപ് ഹൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "ധർമ്മ ഡയലോഗ്' എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു.
ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്.
അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധർമ്മമെന്നും അത് മതസങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു സർവ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങൾ ഉദാഹരിച്ച് വിശദീകരിച്ചു.
അതീവ ജിജ്ഞാസയോടെ തുടർചോദ്യങ്ങൾ ഉന്നയിച്ച യുവാക്കൾക്ക് ഭാരതീയ ധർമ്മദർശനം എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേശങ്ങൾക്കും വിശ്വാസങ്ങൾക്കും ഉൾക്കൊള്ളാവുന്ന ഈ ധർമ്മസങ്കൽപ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ സൺഡേ സ്കൂൾ നടത്തിയ 2026ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ഞായറാഴ്ചത്തെ ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ടു. ലീ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്.
തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ തീം സോംഗ് ആലപിച്ചുകൊണ്ട് സദസിനെ ഭക്തിസാന്ദ്രമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെർഫോമൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി.
NRI
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർഥാടനം ശനിയാഴ്ച ഭക്ത്യാഘോഷമായി കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും.
അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമങ്ങളിലും തിരുനാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജപമാല സമർപ്പണത്തോടെയാണ് തീർഥാടന ശുശ്രൂഷകൾക്ക് തുടക്കമാകുന്നത്.
തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും സഭാ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.
തീർഥാടനത്തിന്റെ ഭാഗമാകുവാനും മാതൃ മധ്യസ്ഥതയിൽ പ്രാർഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ പ്രസുദേന്തിമാരാകുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിംഗ്ഹാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്.
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനമാണിത്. യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ തീർഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോമലബാർ സഭയുടെ വളർച്ചയും സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീർഥാടന ശുശ്രൂഷകളിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർഥാടകരോട് അഭ്യർഥിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.
NRI
ബോൺമൗത്ത്: യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാപ്രേമികളുടെയും ശ്രദ്ധേയമായ സംഗമമായി മാറിയ മഴവിൽ സംഗീതം 2026 വൻ വിജയമായി.
സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ പരിപാടി കാണികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ച ഓരോ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി.
അതുപോലെ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും ഗായികമാരും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി. സന്തോഷ് നമ്പ്യാർ നയിച്ച ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മാറ്റുകൂട്ടി.
പതിവുപോലെ അദ്ദേഹത്തിന്റെയും ടീമിന്റെയും സംഗീതവിരുന്ന് പ്രേക്ഷകരുടെ വലിയ കൈയടി നേടി. രാത്രി 11.30 ഓടെയാണ് പരിപാടി സമാപിച്ചത്.
ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡിന്റെ ബിനു നോർത്താംപ്ടൺ ശബ്ദ-വെളിച്ച സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തപ്പോൾ, കളർ മീഡിയ ഒരുക്കിയ എൽഇഡി വാൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.
റോസ് ഡിജിറ്റൽ വിഷന്റെ ജിസ്മോൻ പോളും ബീയോഡ് ദ ബോർഡേഴ്സിന്റെ ജസ്റ്റിനും വീഡിയോഗ്രാഫി നിർവഹിക്കുകയും പരിപാടിയുടെ തത്സമയ സംപ്രേഷണം യൂട്യൂബിലൂടെ വിജയകരമായി നടത്തുകയും ചെയ്തു.
ഫോട്ടോഗ്രാഫർമാരായ റോണി ജോർജ്, ബെറ്റർ ഫ്രെയിംസ്, അനീസ് ജോയ് എന്നിവർ പകർത്തിയ ചിത്രങ്ങൾ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. മഴവിൽ സംഗീതം ചെയർമാൻ അനീഷ് ജോർജ് തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷിനു സിറിയക് നന്ദിപ്രകാശനം നടത്തി. കമ്മിറ്റി അംഗങ്ങളായ സിജു ജോസഫ്, പ്രേംജിത്ത് തോമസ്, റോബിൻസ് പഴുകയ്യിൽ, റോബിൻ പീറ്റർ, ടെസ്മോൾ ജോർജ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
അനുശ്രീ നായർ, സിൽവി ജോസ്, പത്മരാജ് (പാപ്പൻ), റിയ (സൗന്ദര്യ) എന്നിവർ നിർവഹിച്ച അവതരണം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. ചടുലമായ അവതരണശൈലിയിലൂടെ അവർ പ്രേക്ഷകരെ മുഴുവൻ സമയവും പരിപാടിയോട് ചേർത്ത് നിർത്തുന്നതിൽ വിജയിച്ചു.
NRI
റോം: സീറോമലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ. സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ, ജൂൺ 13ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു.
തുടർന്ന്, ജൂൺ 15ന്, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ജൂൺ 15ന്, ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും സഭയുടെ പാരമ്പര്യത്തെയും ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
സന്ദേശത്തിന്റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67-ാം പിറന്നാൾ ആഘോഷിക്കുന്ന സഭ തലവന്‍ മാർപാപ്പ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും മാർപാപ്പ നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോമലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും മാർപാപ്പ ആശംസകൾ അർപ്പിച്ചു.
1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപാപ്പ, സീറോമലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച "ക്രിസ്തോ പാസ്തോറും' എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ എടുത്തുപറഞ്ഞു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച, ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.
NRI
ബെർലിൻ: യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും ജർമൻ മിഷന്റെയും കോഓർഡിനേറ്ററായ ഫാ. സന്തോഷ് തോമസ് കൊയ്ക്കലിനെ സഭയിലെ ഏറ്റവും ഉന്നതമായ വൈദിക പദവികളിലൊന്നായ കോറെപ്പിസ്ക്കോപ്പ പദവിയിലേക്ക് ഉയർത്തി.
വത്തിക്കാനിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യൂറോപ്പ് - യുകെ സമ്മേളനത്തിനിടയിലാണ് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപനം നടത്തിയത്.
പ്രവാസ മണ്ണിൽ, പ്രത്യേകിച്ച് യൂറോപ്പിലും ജർമനിയിലുമുള്ള മലയാളി സമൂഹത്തിന് നൽകിയ ദീർഘകാലത്തെ ആത്മീയാചാര്യ ശുശ്രൂഷകളെയും നേതൃപാടവത്തെയും മുൻനിർത്തിയാണ് സഭ അദ്ദേഹത്തെ ഈ വലിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ചരിത്രപരമായ ദിവ്യബലിക്കും തുടർന്ന് നടന്ന സമ്മേളന ചടങ്ങുകൾക്കും മധ്യേയാണ് വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി കർദിനാൾ ക്ലീമിസ് ബാവ ഈ സുപ്രധാന കൽപന പുറപ്പെടുവിച്ചത്.
യൂറോപ്പിലെയും യുകെയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത വേദിയിൽ വച്ചുണ്ടായ ഈ പ്രഖ്യാപനം കൈയടികളോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.
NRI
ലണ്ടൻ: ഐഒസി യുകെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് പങ്കെടുത്ത മുഖാമുഖം പരിപാടിയും സലിം കുമാർ അനുസ്മരണവും നടത്തി.
ജൂൺ ഒമ്പതിന് രാത്രി ഏഴിന് ഈസ്റ്റ് ഹാം നാടൻ സ്പൈസി റസ്റ്ററന്റിൽ നടത്തിയ പ്രോഗ്രാമിൽ ഐഒസിയുടെ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഐഒസി യുകെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യു അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ജനറൽ സെക്രെട്ടറി റജി നന്തികാട്ട് സ്വാഗത പ്രസംഗം നടത്തി.
ഈസ്റ്റ് ലണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം വാഴൂർ മുഖ്യാതിഥിയെ ബൊക്കെ നൽകി സ്വീകരിച്ചു.
NRI
മാഡ്രിഡ്: യൂറോപ്യൻ യൂണിയന്റെ (ഇയു) പുതിയ കർശനമായ അതിർത്തി നിയന്ത്രണങ്ങളും കുടിയേറ്റ നയങ്ങളും പ്രാബല്യത്തിൽ വരുന്നതിനിടയിലും സ്പെയിൻ സർക്കാർ മനുഷ്യപരവും സാമ്പത്തികപരവുമായ പ്രഖ്യാപനവുമായി രംഗത്തെത്തി.
രാജ്യത്ത് രേഖകളില്ലാതെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം അഞ്ച് ലക്ഷം ആളുകൾക്ക് ഘട്ടം ഘട്ടമായി നിയമപരമായ പദവി നൽകാനുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളും കുടിയേറ്റക്കാർക്ക് നേരെ വാതിലുകൾ കൂടുതൽ കർശനമാക്കുമ്പോഴാണ് സ്പെയിൻ ഈ വ്യത്യസ്ത സമീപനം സ്വീകരിച്ചിരിക്കുന്നത്.
ഇത് മനുഷ്യാവകാശപരമായും തൊഴിൽ വിപണി ആവശ്യകതകളെ അടിസ്ഥാനമാക്കിയുമുള്ള നയമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
സ്പെയിനിലെ വിവിധ മേഖലകളിൽ നിലവിലുള്ള കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
നിലവിൽ അനധികൃതമായി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ആളുകൾക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടെ തൊഴിൽ വിപണി കൂടുതൽ സ്ഥിരതയിലാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതിനൊപ്പം, നികുതി വരുമാനം വർധിപ്പിക്കാനും ഈ നീക്കം സഹായകരമാകുമെന്ന് സർക്കാർ പറയുന്നു.
നിയമപരമായ പദവി ലഭിക്കുന്നവർ രാജ്യത്തെ നികുതി സംവിധാനത്തിന്റെ ഭാഗമാകുകയും സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുകയും ചെയ്യും.
കർശനമായ മാനദണ്ഡങ്ങൾ
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നിശ്ചിത താമസ മാനദണ്ഡങ്ങൾ പാലിക്കണം.
എത്ര വർഷമായി സ്പെയിനിൽ താമസിക്കുന്നു, തൊഴിൽ നില, കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നിയമപദവി അനുവദിക്കുക.
വിമർശനങ്ങളും ആശങ്കകളും
സർക്കാരിന്റെ ഈ നീക്കത്തിനെതിരേ പ്രതിപക്ഷവും ചില സാമൂഹിക സംഘടനകളും വിമർശനം ഉയർത്തിയിട്ടുണ്ട്.
പെട്ടെന്ന് വലിയ തോതിൽ ആളുകൾക്ക് നിയമപദവി നൽകുന്നത് പൊതുജനാരോഗ്യ സംവിധാനത്തെയും മറ്റ് സാമൂഹിക ആനുകൂല്യങ്ങളെയും ബാധിക്കാമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതീക്ഷയുടെ കാഴ്ചപ്പാട്
എങ്കിലും, ഈ പദ്ധതി വരും വർഷങ്ങളിൽ സ്പെയിനിലേക്ക് കുടിയേറാനും അവിടെ തൊഴിൽ തേടാനും ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് മലയാളി പ്രവാസികൾ ഉൾപ്പെടെ, വലിയൊരു പ്രതീക്ഷ നൽകുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.
NRI
സ്ലൈഗോ (അയർലൻഡ്): ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു. പുതിയ പ്രസിഡന്റായി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ ജോർജിനേയും തെരഞ്ഞെടുത്തു.
മോൻസി വർഗീസ് ആണ് ട്രെഷറർ. മറ്റു ഭാരവാഹികളായി ഡയസ് സേവ്യർ (മീഡിയ ഓഫീസർ), ആശിഷ് ശർമ (പിആർഒ), ശ്രീലേഖ രവി ചന്ദർ (കൾച്ചറൽ സെക്രട്ടറി), നിക്കോളാസ് ദേവരാജ് (കൾച്ചറൽ സെക്രട്ടറി), പ്രിൻസി പാപ്പച്ചൻ (കൾച്ചറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഷൈനി ജോസ് ഓഡിറ്ററായി സേവനമനുഷ്ഠിക്കും .
ഇലക്ഷൻ ഓഫീസർ ജോർജ് ചദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ നീണ്ട കാലമായി രംഗത്തുള്ള ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ സംസ്കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം തദ്ദേശീയ സമൂഹവുമായി നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു.
NRI
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ ടി20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ഞായറാഴ്ച രാവിലെ എട്ട് മുതൽ മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വർഷങ്ങളിലെ ടൂർണമെന്റിന്റെ വിജയങ്ങളെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എംഎംഎ കമ്മിറ്റി അറിയിച്ചു.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും ബ്ലൂബെൽ ഹിൽ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും.
വിജയിലകൾക്ക് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 1000 പൗണ്ടിന്റെ കാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് പ്രത്യേക അവാർഡുകളും ട്രോഫിയും ലഭിക്കും.
കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ബൗൺസി കാസിൽ, മറ്റു വിനോദങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07404086942 (അനീഷ്), 07944067570 (ജോഷി). മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND, 82-96 COMMON ROAD, CHATHAM ME5 9RG.
ബിനു ജോർജ്
NRI
ലണ്ടൻ: കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം സമാഹരിക്കുന്നതിനായി യുകെയിലെ ലിവർപൂളിൽ നിന്നുള്ള മലയാളി യുവാവ് അനീഷ് 300 മൈൽ (ഏകദേശം 482 കിലോമീറ്റർ) കാൽനടയാത്ര പൂർത്തിയാക്കുന്നു.
കാൻസർ റിസേർച്ച് യുകെയ്ക്ക് ഫണ്ട് സ്വരൂപിക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
യാത്രയുടെ വിശദാംശങ്ങൾ
ലിവർപൂളിലെ അനീഷ് മേയ് 30ന് ആരംഭിച്ച കാൽനടയാത്ര ഡൺജെനെസ്സ് ബീച്ചിൽ (Dungeness Beach) നിന്ന് ആരംഭിച്ച് വല്ലാസി ന്യൂ ബ്രൈറ്റൺ (Wallasey New Brighton) വരെ നീളുന്നു.
കാൻസർ രോഗികൾക്കായി സഹായം സമാഹരിക്കാനുള്ള ദീർഘദൂര ചലഞ്ചാണ് ഇത്.
ജീവകാരുണ്യത്തിന്റെ തുടക്കം
അനീഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം തന്റെ മകളുടെ ഒന്നാം പിറന്നാളോടനുബന്ധിച്ചായിരുന്നു. ആ സമയത്ത് വിലകൂടിയ സമ്മാനങ്ങൾക്ക് പകരം, ക്ലാറ്റർബ്രിഡ്ജ് കാൻസർ സെന്ററിലേക്ക് ഫണ്ട് സംഭാവന ചെയ്യാൻ അദ്ദേഹം കുടുംബത്തോടൊപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും അഭ്യർഥിച്ചു.
വലിയ പ്രതികരണം
ചെറിയൊരു ആശയമായി തുടങ്ങിയ ഈ സംരംഭം വലിയ വിജയമായി മാറി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റു സുഹൃത്തുക്കളും തങ്ങളുടെ കുട്ടികളുടെ പിറന്നാളുകളിൽ സമാന രീതിയിൽ ഫണ്ട് ശേഖരണം നടത്താൻ തുടങ്ങി.
ഇത് അനീഷിനും കുടുംബത്തിനും വലിയ പ്രോത്സാഹനമായി.
പ്രചോദനവും ലക്ഷ്യവും
മുൻപരിചയം ഇല്ലാതിരുന്നിട്ടും കാൻസർ രോഗികളെ സഹായിക്കണമെന്ന ശക്തമായ ആഗ്രഹമാണ് അനീഷിനെ ഈ ദീർഘദൂര യാത്രയ്ക്ക് പ്രേരിപ്പിച്ചത്. തന്റെ ചെറിയ ശ്രമം പോലും മറ്റുള്ളവർക്ക് വലിയ പ്രതീക്ഷ നൽകുമെന്ന് അദ്ദേഹം പറയുന്നു.
ഒരു ചെറിയ സഹായം പോലും ഗുരുതര രോഗത്തോട് പൊരുതുന്ന അനേകം ജീവിതങ്ങൾക്ക് ആശ്വാസമാകും എന്ന് അനീഷ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പിന്തുണ
അനീഷിന്റെ ഈ കാരുണ്യപ്രവർത്തനത്തിന് യുകെയിലെ മലയാളി സമൂഹത്തിൽ നിന്ന് വലിയ പിന്തുണയും അഭിനന്ദനങ്ങളും ലഭിക്കുന്നു.
വ്യക്തിഗത ചലഞ്ചുകൾ വഴി കാൻസർ ചികിത്സയ്ക്കും ഗവേഷണത്തിനും ഫണ്ട് കണ്ടെത്തുന്നത് കൂടുതൽ ശ്രദ്ധേയമായ മാതൃകയായി മാറിയിരിക്കുകയാണ്.
NRI
മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ - സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ "ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ കാമ്പയിൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ-കോളജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവത്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ കാമ്പയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
NRI
ഹാംബുർഗ്: ജർമനിയിലെ ഹാംബുർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ ഉണ്ടായ സുരക്ഷാ ആശങ്കയെ തുടർന്ന് മണിക്കൂറുകളോളം തടസപ്പെട്ട വിമാന സർവീസുകൾ ഉച്ചയോടെ സാധാരണ നിലയിലേക്ക് മടങ്ങി.
അടിയന്തിര സാഹചര്യം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവളം വീണ്ടും തുറന്നു.
എന്താണ് സംഭവിച്ചത്?
വിമാനത്താവള അധികൃതരും ഫെഡറൽ പോലീസും നൽകിയ വിവരങ്ങൾ പ്രകാരം യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിന് കാരണം ഒരു യാത്രക്കാരന്റെ അബദ്ധമാണെന്നാണ് കണ്ടെത്തൽ.
എമർജൻസി ബട്ടൺ അമർത്തിയ സംഭവം
ടെർമിനൽ രണ്ടിൽ ഇസ്താംബൂളിലേക്ക് പോകാനെത്തിയ ഒരു ടർക്കിഷ് യാത്രക്കാരൻ അബദ്ധത്തിൽ എമർജൻസി ബട്ടൺ അമർത്തുകയായിരുന്നു.
ഇതോടെ സുരക്ഷാ സംവിധാനം ഉടൻ സജീവമായി, യാതൊരു പരിശോധനയുമില്ലാതെ സുരക്ഷാ മേഖലയിലേക്ക് പ്രവേശനം നടന്നുവെന്ന് കരുതി വലിയ സുരക്ഷാ നടപടികൾ ആരംഭിച്ചു.
വ്യാപകമായ സുരക്ഷാ നടപടികൾ
സുരക്ഷാ വീഴ്ച സംശയിച്ച ഫെഡറൽ പോലീസ് ഉടൻ ഇടപെട്ട് യാത്രക്കാരനെ കണ്ടെത്തി പൊതുമേഖലയിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി മുഴുവൻ ടെർമിനലും ഒഴിപ്പിക്കുകയും വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ പോലും പുറത്തിറക്കുകയും ചെയ്തു.
കസ്റ്റംസ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തി. തിരക്കിനിടയിൽ ഒരു സ്ത്രീക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകി.
വിമാന സർവീസുകളിൽ ബാധ
മണിക്കൂറുകളോളം പ്രവർത്തനം തടസപ്പെട്ടതിനാൽ വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ട്. ചില സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
യാത്രക്കാർ യാത്രയ്ക്ക് മുൻപ് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകി.
നിലവിലെ സ്ഥിതി
ഉച്ചയ്ക്ക് ശേഷം വിമാനത്താവള പ്രവർത്തനം സാവധാനം പുനരാരംഭിച്ചു. എങ്കിലും ഇന്ന് രാത്രി വരെ മൂന്ന് മണിക്കൂർ വരെ വൈകിപ്പുകൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മറ്റ് വിശദീകരണങ്ങൾ
ഹാംബർഗിൽ ജർമൻ സൈന്യത്തിന്റെ പരിശീലന വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ സംഭവവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അബദ്ധം മൂലം ഉണ്ടായ ഈ സംഭവത്തിൽ നിയമനടപടികൾ ഉണ്ടാകുമോ എന്നത് ഇതുവരെ വ്യക്തമല്ല.
ചുരുക്കത്തിൽ, ഒരു യാത്രക്കാരന്റെ അബദ്ധം മൂലം വലിയ സുരക്ഷാ നടപടികളും മണിക്കൂറുകൾ നീണ്ട വിമാന തടസവും ഉണ്ടായ സംഭവമാണ് ഇത്.
NRI
ബെർലിൻ: കനത്ത തർക്കങ്ങൾക്കും വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി നിയമ പരിഷ്കാരമായ "കോമൺ യൂറോപ്യൻ അസൈലം സിസ്റ്റം' വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
യൂറോപ്പിലേക്ക് എത്തുന്ന പുതിയ അഭയാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ:
അതിർത്തികളിൽ കർശന പരിശോധന: യൂറോപ്യൻ യൂണിയന്റെ അതിർത്തി രാജ്യങ്ങളിൽ എത്തുന്ന അഭയാർഥികളെ അവിടെത്തന്നെ പ്രത്യേകം സജ്ജമാക്കിയ തടങ്കൽ പാളയങ്ങൾക്ക് സമാനമായ കാമ്പുകളിൽ താമസിപ്പിച്ച് പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കും.
ചില രാജ്യക്കാർക്ക് "ഫാസ്റ്റ് ട്രാക്ക്' പുറത്താക്കൽ: പാകിസ്ഥാൻ, ഇറാൻ, റഷ്യ, തുർക്കി, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്ന അഭയാർത്ഥികളുടെ അപേക്ഷകൾ അതിവേഗ അതിർത്തി നടപടികളിലൂടെ (Fast-track border procedures) പരിശോധിച്ച് തള്ളിക്കളയും.
ഈ രാജ്യങ്ങളിൽ നിന്നുള്ളവരിൽ 20 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ അഭയാർത്ഥി പദവിക്ക് അർഹതയുള്ളൂ എന്നതിനാലാണിത്.
സിറിയ, അഫ്ഗാൻ അഭയാർഥികൾക്ക് ഇളവ്: അതേസമയം, കൂടുതൽ സുരക്ഷാ ഭീഷണിയുള്ള സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പതിവുപോലെയുള്ള സാധാരണ അഭയാർഥി നടപടികളായിരിക്കും ഉണ്ടാവുക.
പുതിയ നിയമം വന്നാലും അഭയാർത്ഥികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ കയറ്റി അയക്കുക (Deportation) എന്നത് ഇപ്പോഴും കടുത്ത വെല്ലുവിളിയാണെന്ന് പ്രമുഖ കുടിയേറ്റ വിദഗ്ദ്ധനായ ജെറാൾഡ് ക്നാസ് ചൂണ്ടിക്കാണിക്കുന്നു.
ജർമനിയിലേക്കും ഓസ്ട്രിയയിലേക്കും എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ഇത്തരം നിയമങ്ങൾ കൊണ്ടല്ല, മറിച്ച് സിറിയ പോലുള്ള രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2024-ന്റെ അവസാനത്തോടെ സിറിയയിലെ അസദ് ഭരണം അവസാനിച്ചതിനുശേഷം അവിടെ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
അതിർത്തി പരിശോധനകൾ തുടരുമെന്ന് ജർമനി
പുതിയ യൂറോപ്യൻ നിയമം പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ജർമനി തങ്ങളുടെ അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്ന താത്കാലിക പരിശോധനകൾ ഘട്ടമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പൂർണമായി തള്ളി.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിൽ ജർമനിയുടെ അതിർത്തി പരിശോധനകൾ വലിയ വിജയമാണെന്നും ലോകത്തിന് തെറ്റായ സന്ദേശം നൽകാതിരിക്കാൻ അതിർത്തികളിലെ കനത്ത കാവൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കൂടാതെ, നിലവിൽ രാജ്യം വലിയ പ്രതിസന്ധിയിലായതിനാൽ ഈ വർഷം പുതിയ അഭയാർത്ഥികളെ സ്വീകരിക്കാൻ ജർമ്മനിക്ക് കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.
അഭയാർഥി അപേക്ഷകൾ നിരസിക്കപ്പെടുന്നവരെ പാർപ്പിക്കാനായി ജർമ്മനിയിലെ വിവിധ സംസ്ഥാനങ്ങളിൽ വലിയ 'റിട്ടേൺ സെന്ററുകൾ' സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. നിലവിൽ ഹാംബുർഗിലും ഐസൻഹൂട്ടൻസ്റ്റാറ്റിലും മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.
ഗ്രീസ്, ഇറ്റലി തുടങ്ങിയ അതിർത്തി രാജ്യങ്ങളും ജർമ്മനിയും ഈ പുതിയ സങ്കീർണമായ നിയമവ്യവസ്ഥയുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തലുകൾ.
പുതിയ അഭയാർഥി നിയമ പരിഷ്കാരത്തെക്കുറിച്ച് യൂറോപ്യൻ യൂണിയനിലും ജർമനിയിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്.
NRI
ഡാളസ്: യഥാർഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
അന്തർദേശീയ പ്രാർഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർലൈന്റെ 630-ാമത് പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്.
ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്.
ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്റെയും യഥാർഥ സ്വാതന്ത്ര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പൗലോസ് അപ്പൊസ്തലൻ റോമിലെ തടവറയിൽ കിടന്നുകൊണ്ട് തന്റെ പ്രിയ സഹപ്രവർത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാർഥ "സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു.
അക്കാലത്തെ അടിമത്തത്തിന്റെ കരിനിയമങ്ങൾ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമോനോട് അപ്പൊസ്തലൻ ആവശ്യപ്പെടുന്നുണ്ട്.
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ "തണുപ്പുള്ള രാത്രികളിൽ' പോലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂർണവിശ്വാസം വിശ്വാസികൾക്ക് കൈമുതലായിരിക്കണം.
യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം കുരിശിൻചുവട്ടിൽ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്പെടാനും തിരുമേനി ആഹ്വാനം ചെയ്തു.
ടെക്സസിലെ ലബയ്ക്ക് മാർത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോൺ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നൽകി.
ഡാളസിൽ നിന്നുള്ള പി. ടി. മാത്യു ഫിലേമോൻ 1.1-10 വരെയുള്ള വേദഭാഗം ഭക്തിപൂർവം വായിച്ചു. മി. മാത്യു ലൂക്കോസ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) സമ്മേളനത്തിൽ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.
അമേരിക്കയിലെ വിവിധ ടൈം സോണുകളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.
NRI
സ്റ്റോക്ക്മെൻസ് ഫോറം സംഗമം വൻ വിജയംമെൻസ് ഫോറം സംഗമം വൻ വിജയം ഓൺ ട്രെൻഡ്: യുണൈറ്റഡ് കിംഗ്ഡത്തിലെ സീറോമലബാർ രൂപതാ മെൻസ് ഫോറം പ്രവർത്തനങ്ങൾക്ക് പുതുജീവനും ഐക്യശക്തിയും പകർന്ന്, സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ ഒഎൽപിഎച്ച് മെൻസ് ഫോറം സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് വൻ വിജയമായി സമാപിച്ചു.
ഇംഗ്ലണ്ടിന്റെ ഹൃദയഭൂമിയായ സ്റ്റോക്ക്-ഓൺ-ട്രെൻഡിലെ നോർത്ത്വുഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ സ്റ്റോക്ക് ലയൺസ് ചാമ്പ്യൻമാരായി കിരീടം ചൂടി. ഇടവക ആഘോഷങ്ങളുടെ പരിമിതികൾ ഭേദിച്ച്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഇരുപതോളം ടീമുകളാണ് ഏകമനസ്സോടെ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
മിശിഹായുടെ സാക്ഷികളായി വിവിധ ഇടവകകളെ ഒരുമിപ്പിച്ചു കൊണ്ട്, സ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായി മാറാൻ ഈ വടംവലി മാമാങ്കത്തിലൂടെ ഒഎൽപിഎച്ച് മെൻസ് ഫോറത്തിന് സാധിച്ചു.
പ്രൗഢഗംഭീരമായ തുടക്കം
പ്രാർഥനാഗാനത്തോടെ രാവിലെ 10.30ന് ആരംഭിച്ച ചാമ്പ്യൻഷിപ്പ് സ്റ്റോക്ക്-ഓൺ-ട്രെൻഡ് ഡെപ്യൂട്ടി ലോർഡ് മേയർ കൗൺസിലർ ക്രിസ് റോബിൻസൺ, ഡെപ്യൂട്ടി ലേഡി മേയറസ് ജോയ് റോബിൻസൺ, ബർച്ചസ് ഹെഡ് ആൻഡ് നോർത്ത്വുഡ് കൗൺസിലർ ലൂക്ക് ഷെന്റൺ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ റവ. ഫാ. ജോർജ് എട്ടുപാറയിൽ, റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിൽ, റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിൽ, ഇൻഫിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡ് പ്രതിനിധി ജഗ്ഗി ജോസഫ്, ഒഎൽപിഎച്ച് മെൻസ് ഫോറം പ്രസിഡന്റ് സിറിൾ മഞ്ഞൂരാൻ, ടഗ് ഓഫ് വാർ കോഓർഡിനേറ്റർ സുദീപ് എബ്രഹാം, ബെന്നി പാലട്ടി എന്നിവരും മെൻസ് ഫോറം കോർ കമ്മിറ്റി അംഗങ്ങൾ, വുമൺസ് ഫോറം പ്രസിഡന്റ്, കൈക്കാരന്മാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വർണവസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്ന പരേഡും നിഥ സിജു, നിഷ മാർട്ടിൻ എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ആവേശകരമായ മത്സരങ്ങൾ; ജേതാക്കൾ ഇവർ:
ഉദ്ഘാടനത്തിന് പിന്നാലെ മൈതാനത്ത് ആവേശത്തിന്റെ തീപ്പൊരി പടർന്ന മത്സരങ്ങളാണ് അരങ്ങേറിയത്.
കാണികളുടെ ആർപ്പുവിളികൾക്ക് നടുവിൽ നടന്ന ഫൈനൽ പോരാട്ടത്തിനൊടുവിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഒഎൽപിഎച്ച് ഇടവക ടീമായ "സ്റ്റോക്ക് ലയൺസ്' ഒന്നാം സ്ഥാനവും 2000 പൗണ്ടും മെൻസ് ഫോറം ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: സെന്റ് ഫ്രാൻസിസ് അസീസി മിഷന്റെ വോർസെസ്റ്റർ തെമ്മാഡീസ് (1000 പൗണ്ടും ട്രോഫിയും).
മൂന്നാം സ്ഥാനം: സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്ററിന്റെ കീഴിലുള്ള സെന്റ് മേരീസ് ഹെർഫോർഡ് (500 പൗണ്ടും ട്രോഫിയും).
നാലാം സ്ഥാനം: ഹോളി ഫാമിലി മിഷൻ മാഞ്ചസ്റ്ററിന്റെ കീഴിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ഓൾഡ്ഹാം (250 പൗണ്ടും ട്രോഫിയും).
കൂടാതെ, ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തിയ ടീമിനുള്ള പ്രത്യേക സമ്മാനം റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിലിന്റെ നേതൃത്വത്തിൽ എത്തിയ 'സെക്രഡ് ഹാർട്ട് മിഷൻ, കിംഗ്സ്ലിൻ& ബോസ്റ്റൺ' സ്വന്തമാക്കി.
ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം റവ.ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തിൽ എത്തിയ "കാഡിഫ് സെന്റ് തോമസ് മിഷൻ' നേടി.
NRI
അബുദാബി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മുസഫ യൂണിറ്റിന്റെ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഞായറാഴ്ച വൈകുന്നേരം ആറിന് മുസഫ ഷൈനിംഗ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
വർക്കിംഗ് കമ്മിറ്റി മുൻ അംഗം ജോജി സെബാസ്റ്റ്യൻ ചടങ്ങിൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. കത്തോലിക്കാ കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.
മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വർഗീസ്, ദീപു സെബാസ്റ്റ്യൻ, രാജീവ് എബ്രഹാം, ഷാജു ദേവസി, ജോസ് ആന്റണി, റീസൺ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജസ്റ്റിൻ കെ. മാത്യു സ്വാഗതവും സോജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ മുസഫ യൂണിറ്റിലെ കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മനംകവരുന്ന ഗാനസന്ധ്യയും അരങ്ങേറി.
ഭാരവാഹികളായ റീസൺ വറുഗീസ് (പ്രസിഡന്റ്), ജസ്റ്റിൻ കെ. മാത്യു (ജനറൽ സെക്രട്ടറി), സുനിൽ ബി. കല്ലിങ്കൽ (ട്രഷറർ), ബിജു സെബാസ്റ്റ്യൻ, സിബിച്ചൻ ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), ജിജോ ജേക്കബ്, സോജി ജോസഫ് (സെക്രട്ടറിമാർ), ബിജു തോമസ് (മീഡിയ കോഓർഡിനേറ്റർ), ജോപ്പൻ ജോസു, ജോസഫ് ജോസ് (യൂത്ത് കോഓർഡിനേറ്റർമാർ), ദീപ ജോസ്, ജോസ്ലിൻ ഗ്ലിറ്റോ (വനിതാ വിഭാഗം കോഓർഡിനേറ്റർമാർ), ജോജി സെബാസ്റ്റ്യൻ, ബെന്നി വല്ലാച്ചിറ, പ്രിൻസ് ജോബ്, ജോബിൻ ജോസഫ്, ജോൺ മാത്യു നിജു മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ), സജി തോമസ്, ബിജു ജോസഫ്, ബിജു ഡൊമിനിക് (യുഎഇ വർക്കിംഗ് കമ്മറ്റി മെമ്പർമാർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.
NRI
ഡാളസ്: അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകൾ 13 വർഷം പിന്നിടുമ്പോഴും സഭാംഗങ്ങളിൽ സജീവമായി നിലനിൽക്കുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിന് മാർത്തോമ്മാ സഭ നൽകിയത്.
എന്നാൽ, ആ സ്മരണ നിലനിർത്തുന്നതിനായി ഭദ്രാസനം പ്രഖ്യാപിച്ച "പാട്രിക് മിഷൻ പ്രോജക്റ്റ്' ഇപ്പോഴും ശൈശവദശയിൽ തന്നെയാണെന്നത് സഭ ജനങ്ങളിൽ ആശങ്കയുണർത്തുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (വിബിഎസ്) ക്രമീകരണങ്ങൾക്കായി കൂട്ടുകാരോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂൺ നാലിന് പാട്രിക് മരണപ്പെടുന്നത്.
2004-ൽ ഉപരിപഠനാർഥം അമേരിക്കയിലെത്തി ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക്, ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെയായിരുന്നു ഈ ദുരന്തം.
മലയാളികളായ ചെറിയാൻ - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർഥനായിരുന്നു.
ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്ന് മാത്രമല്ല, ആധുനിക സംസ്കാരത്തിന്റെ ദൂഷിതവലയത്തിൽപ്പെട്ട് അന്ധകാര ശക്തികൾക്ക് അടിമപ്പെട്ടിരുന്ന നിരവധി യുവാക്കളെ സത്യപ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടിയായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാഭ്യാസത്തിനിടയിൽ സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുടിഡി സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കീ ഹോണർ സൊസൈറ്റി എന്നീ തലങ്ങളിൽ പാട്രിക് പ്രവർത്തനനിരതനായിരുന്നു.
പാട്രിക് മിഷൻ പ്രോജക്റ്റും അനിശ്ചിതത്വവും
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു.
മാർത്തോമാ സഭയ്ക്ക് വേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ച് ഉചിതമായ സ്മാരകം നിർമിക്കുമെന്നും അത് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014-ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ഭദ്രാസന എപ്പിസ്കോപ്പായാണ് പ്രഖ്യാപിച്ചത്.
പാട്രിക്കിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2014 ജൂൺ നാലിന് ഒക്ലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കാനായിരുന്നു ആദ്യ പദ്ധതി. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
2,20,000 ഡോളർ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായി പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ.ഡോ. ഗീവർഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂർത്തിയായിട്ടും പണി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13-ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചെലവഴിച്ച് പൂർത്തിയാക്കിയതിന്റെ കൂദാശകർമം 2017 ജൂൺ എട്ടിന് എപ്പിസ്കോപ്പാ നിർവഹിച്ചു. ഇപ്പോൾ അതിനുശേഷവും ഒൻപത് വർഷങ്ങൾ കൂടി കടന്നുപോയിരിക്കുന്നു.
ഉയരുന്ന ചോദ്യങ്ങളും ബദൽ നിർദേശങ്ങളും
ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്ത് തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിന് സഭാംഗങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭദ്രാസന സഭാനേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂർണമായും ഫലപ്രാപ്തിയിൽ എത്തിയോ എന്ന ന്യായമായ സംശയവും അവശേഷിക്കുന്നു.
ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ച് പൂർത്തീകരിച്ച കെട്ടിടം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടി വന്നു എന്നത് ചിന്തനീയമാണ്.
"ഇനിയും രണ്ടാം ഘട്ട നിർമാണത്തിന് പണം ചിലവഴിക്കുന്നത് എന്തിനാണ്?' - ദീർഘവീക്ഷണമൂള്ള സഭാംഗങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. നിലവിലെ എപ്പിസ്കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
പദ്ധതിക്കായി ഇനിയും നീക്കിവച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ, പ്രോജക്ടിന്റെ ആരംഭത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ഒരു "എൻഡോവ്മെന്റ് ഫണ്ട്' ആയി മാറ്റണമെന്ന ആവശ്യം പതിമൂന്ന് വർഷം തികയുമ്പോഴും ശക്തമാവുകയാണ്.
ഇതിൽ നിന്നും ലഭിക്കുന്ന തുക നിർദ്ധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പായി നൽകുന്നത് പാട്രിക്കിന്റെ സ്മരണയെ കൂടുതൽ അർഥവത്തായ രീതിയിൽ നിലനിർത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഭദ്രാസനത്തിൽ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകി സേവനം പൂർത്തീകരിച്ച് കേരളത്തിലേക്ക് തിരിച്ചുപോയ അഭിവന്ദ്യ എപ്പിസ്കോപ്പാ ഈ ആവശ്യം അനുഭാവപൂർവം പരിഗണിച്ചിരുന്നു.
ഉചിതമായ തീരുമാനം സ്വീകരിക്കുന്നതിനായി പുതിയ ഭദ്രാസന എപ്പിസ്കോപ്പാക്ക് ബാറ്റൺ കൈമാറിയെങ്കിലും ഇതിന്മേൽ അനുകൂലമായ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് സഭാജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.
NRI
ഷാര്‍ജ: ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യകരമായ പരിസ്ഥിതിയെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സിഇഒ ഡോ. ടിനു തമ്പി അഭിപ്രായപ്പെട്ടു.
മീഡിയാപ്ലസ് മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം പരിസ്ഥിതിയുടെ ഗുണനിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ആഹാരവും ഉള്‍പ്പെടെ ജീവിതത്തിന് അനിവാര്യമായ പല ഘടകങ്ങളും പരിസ്ഥിതിയുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രകൃതിയെ സംരക്ഷിക്കുന്നത് ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറകളോടുള്ള ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മീഡിയാപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ആഗോളതലത്തില്‍ പരിസ്ഥിതി നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ വടകര പരിസ്ഥിതി സംരക്ഷണത്തില്‍ ഓരോ പൗരന്റെയും സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സിന്റെ പ്രതിനിധിയായ ഷബീര്‍ പൂവനോത്ത് പരിസ്ഥിതി നാശം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് വിശദീകരിക്കുകയും മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഡോ. അഞ്ജു, ഡോ. ഷിബിന, അയ്യൂബ് ഡാല്‍മ, സുജിത് സുകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനും ഹരിതവും ആരോഗ്യകരവുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും സഹായകമായി.