District News
കോഴിക്കോട്: ജില്ലയില്‍ ഓപറേഷന് തൂഫാന് ഔദ്യോഗികമായി തുടങ്ങിയ ദിവസം തന്നെ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍.
കോഴിക്കോടു നടത്തിയ തെരച്ചിലിൽ എംഡിഎംഎയുമായി അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായാണ് കോഴിക്കോട് മുഖദാർ നൈനാം വളപ്പിൽ എൻ.വി.അബ്ബാസ്(44), കോഴിക്കോട് പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിലിൽ എസ്.പി.സക്കീർ(31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് എത്തിയ ശേഷം ഇത് ആർക്കെല്ലാം ആണ് വിൽപന നടത്തുന്നതെന്നും മനസ്സിലാക്കി അന്വേഷണം ഇവരിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പോലീസ്അറിയിച്ചു. ബംഗളൂരുവിൽനിന്നും കാറിൽ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നഗരത്തിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടു ലഹരിമരുന്ന് മാഫിയ സംഘങ്ങൾ സജീവമാകാനുള്ള സാധ്യത മുന്നില്‍ കണ്ട്
സിറ്റിയുടെ മുക്കിലും മൂലയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരിശോധന ശക്തമാക്കിയതിന്റെ ഫലമായി നിരവധി കേസുകളാണ് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്നത്.
ബേപ്പൂർ എസ്ഐമാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, പന്നിയങ്കര എസ്എച്ച്ഒ സതീഷ് കുമാർ, ഗ്രേഡ് എഎസ്ഐമാരായ ദീപ്തിലാൽ, അനൂപ്, സിപിഒ സുധീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
Kerala
വൈപ്പിൻ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയനെ (28) ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി വാങ്ങിയതാണ് മയക്കുമരുന്നുകളെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ അലമാരക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിന്റെ ഒരു വലിയ കുപ്പിയും, രണ്ടു ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പിയുമാണ് പിടിച്ചെടുത്തത്. തീരദേശ മേഖലയിലും കൊച്ചി സിറ്റിയിലുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്.
ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർ കെ. സതീഷ്, എസ്ഐമാരായ എ.എസ്. അരുൺ, സച്ചിൻ എസ് കാർമൽ, എഎസ്ഐ സ്വപ്ന, സീനിയർ സിപിഒ എം.കെ. അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കൊച്ചി സിറ്റി പോലീസിന്റെ ശക്തമായ നടപടി. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ കൊച്ചിയിലുടനീളം നടത്തിയ വ്യാപക റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന 437 ഗ്രാം എംഡിഎംഎ ആണ് പരിശോധനയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ ലഹരി വിൽപന ശൃംഖലകളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ സ്റ്റേഷൻ പരിധികളിലുള്ള സംശയാസ്പദമായ കേന്ദ്രങ്ങളിലും, ലോഡ്ജുകളിലും ഫ്ലാറ്റുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
വിപണിയിൽ വൻതോതിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പരിശോധനയിൽ കണ്ടെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
District News
വടക്കഞ്ചേരി: ലഹരി മാഫിയക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പ്രകാരമുള്ള സ്ക്വാഡുകളുടെ പ്രവർത്തനം വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും സജീവമായി. സിഐയുടെ നേതൃത്വത്തിൽ എസ്ഐ, എഎസ്ഐ, സ്ക്വാഡ് അംഗങ്ങൾ എന്നിവരുൾപ്പെടുന്ന ടീമാണ് പരിശോധനകൾക്കും അന്വേഷണങ്ങൾക്കും നേതൃത്വം നൽകുന്നത്. റെയ്ഡിന്റെ ഭാഗമായി ഇന്നലെ ടൗണിനടുത്തെ സ്കൂളിനു സമീപത്തു നിന്നും നിരോധിത ലഹരി ഉത്പന്നങ്ങളുമായി യുവാവിനെ പിടികൂടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ലഹരി പ്രതിരോധ കർമപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
ലഹരി മാഫിയയെ കേരളത്തിൽനിന്നു തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിനു മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്.
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കു നേതൃത്വം നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്സ്ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വരും തലമുറയ്ക്കു വേണ്ടിയുള്ള ഈ പദ്ധതി എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണു നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി. ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർഥികൾക്ക് പദ്ധതിയുടെ ഫ്ളാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോണ്‍, ശശി തരൂർ എംപി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു.
Kerala
തിരുവനന്തപുരം: തലമുറകളെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കാൻ ഒരുങ്ങുന്ന ഓപ്പറേഷൻ തൂഫാൻ; ദ് നാർക്കോ ഹണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
യുഡിഎഫ് സർക്കാരിന്റെ ആദ്യ വലിയ പദ്ധതിയായ ഓപറേഷൻ തൂഫാനിലൂടെ ലഹരിമാഫിയകൾക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കുക എന്നിവയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും.
സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനം പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ലഹരി മാഫിയകൾക്കു നിയമത്തിന്റെ കർക്കശമുന്നറിയിപ്പ് നൽകുന്നതിനൊപ്പം, സാധാരണക്കാർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനും ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും.
ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്തും. സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടം ജനകീയ മുന്നേറ്റമാക്കി മാറ്റും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ ആവശ്യമായ നടപടി ഓപറേഷൻ തൂഫാനിലൂടെ സ്വീകരിക്കും.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവർത്തിക്കും.
കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികളിലെയും ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് തിരുവനന്തപുരം കോട്ടണ്‍ഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
Kerala
തിരുവനന്തപുരം: ലഹരിയുടെ വേരറക്കാൻ സ്കൂളും കോളജും തുറക്കുന്ന ജൂണ്‍ ഒന്നു മുതൽ സംസ്ഥാന വ്യാപകമായി പോലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ദി നർകോ ഹണ്ട് തുടങ്ങാൻ തീരുമാനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പുതിയ കർമപദ്ധതി പ്രഖ്യാപിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യയോഗമായിരുന്നു ഇത്.
എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാകും പ്രവർത്തനം. സിന്തറ്റിക് നർകോട്ടിക്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ വേരുകളുള്ള മയക്കുമരുന്നു ലോബിയെ കണ്ടെത്താൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സഹായം തേടും.
പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ ഡിജെ പാർട്ടികളിൽ വരെ പോലീസ് ശ്രദ്ധയുണ്ടാകും.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്ന സംഭവങ്ങൾ പരാതികളായി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകി.
പോലീസ് പരിശീലന സിലബസ് കാലോചിതമായി പരിഷ്കരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ അടക്കം പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള സംവിധാനം സിലബസിലുണ്ടാകും. സ്ത്രീകൾക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളുണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച ചെയ്ത് ആധുനിക സങ്കേതങ്ങൾ ആവിഷ്കരിക്കും. ഐടി സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തരവകുപ്പ് രൂപം നല്‍കിയിരിക്കുന്ന ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിക്ക് സമ്പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി.
അതിര്‍ത്തി സംസ്ഥാനങ്ങളെക്കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിൽ, സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവർ ആവശ്യപ്പെട്ടു.
ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ വാഹകരെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവും കൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിന്റെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാന്റെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷന് ചുമതല എസ്ഐമാര്‍ക്ക് നല്കുന്നതില് പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.