കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
Wednesday, November 22, 2017 4:19 PM IST
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം കെ.​​​ഇ.​ ഇ​​​സ്മ​​​യിലിനെതിരേ പാർട്ടി നടപടിയെടുക്കും. എൽഡിഎഫ് യോഗത്തിനുള്ള പ്രതിനിധി സ്ഥാനത്ത് നിന്നും ഇസ്മയിലിനെ നീക്കാൻ ഇന്ന് ചേർന്ന സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് തീരുമാനിച്ചു. ചാണ്ടിയുടെ രാജിക്ക് ശേഷം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ രാജി വൈകിയില്ലെന്ന പ്രസ്താവനയാണ് ഇസ്മയിലിന് തിരിച്ചടിയായത്.

താൻ നേതൃത്വത്തിന്‍റെ നിലപാടിനെതിരേ സംസാരിച്ചില്ലെന്നും തന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ഇസ്മയിൽ പിന്നീട് പറഞ്ഞിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടും അദ്ദേഹം അറിയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതികരിച്ച ഇസ്മയിലിനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വത്തോട് ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിലിനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വത്തിനാണ് കഴിയുക.

നിലവിൽ സംസ്ഥാന നേതൃത്വത്തിലെ മൂന്ന് പേരാണ് എൽഡിഎഫ് യോഗത്തിന് സിപിഐ പ്രതിനിധികളായി പോയിരുന്നത്. സംസ്ഥാന സെക്രട്ടറിക്ക് പുറമേ ഇസ്മയിലും പന്ന്യൻ രവീന്ദ്രനുമായിരുന്നു യോഗ പ്രതിനിധികൾ. ഇസ്മയിൽ മാറുന്ന സ്ഥാനത്തേക്ക് ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.