അണ്ടർ 19 ലോകകപ്പ്: ഓസീസ് ടീമിൽ സ്റ്റീവ് വോയുടെ മകനും
Friday, December 15, 2017 3:00 AM IST
മെൽബണ്‍: വോ സഹോദരന്മാർക്ക് (മാർക്ക് വോ, സ്റ്റീവ് വോ) പിൻഗാമിയായി കുടുംബത്തിൽ നിന്ന് ഒരാൾ കൂടി ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് എത്തുന്നു. മുൻ ഓസീസ് നായകൻ സ്റ്റീവ് വോയുടെ മകൻ ഓസ്റ്റിൻ വോയെ അണ്ടർ 19- ലോകകപ്പ് ടീമിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഉൾപ്പെടുത്തി. ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജയിംസ് സണ്ടർലാൻഡിന്‍റെ മകൻ വിൽ സണ്ടർലാൻഡും ടീമിലിടം നേടി. ജാസണ്‍ സംഗ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് സണ്ടർലാൻഡിന്‍റെ മകൻ വിൽ.

കഴിഞ്ഞ മാസം ആഷസിന് മുന്നോടിയായ നടന്ന പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന് വേണ്ടി സംഗ സെഞ്ചുറി (133) നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഓസീസിന് വേണ്ടി സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സംഗ. ഈ മികവാണ് അണ്ടർ-19 ടീമിന്‍റെ അമരക്കാരനാകാൻ സംഗയ്ക്ക് തുണയായത്. അണ്ടർ-17 ടൂർണമെന്‍റുകളിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് സ്റ്റീവ് വോയുടെ പുത്രൻ ഓസ്റ്റിൻ ടീമിലിടം നേടിയത്.

മുൻ ഓസീസ് ഫാസ്റ്റ് ബൗളർ റയാൻ ഹാരിസാണ് ടീമിന്‍റെ കോച്ച്. മുൻ ഓപ്പണർ ക്രിസ് റോജേഴ്സാണ് ഹാരിസിന്‍റെ സഹായി. ജനുവരി 13 മുതൽ ഫെബ്രുവരി മൂന്ന് വരെ ന്യൂസിലൻഡിലാണ് അണ്ടർ-19 ലോകകപ്പ് നടക്കുന്നത്. ബി ഗ്രൂപ്പിലാണ് ഓസ്ട്രേലിയയുടെ സ്ഥാനം. ജനുവരി 14ന് ഇന്ത്യയ്ക്കെതിരേയാണ് ഓസീസിന്‍റെ ആദ്യ മത്സരം. സിംബാബ്‌വെ, പാപ്പുവ ന്യൂ ഗിനിയ എന്നിവരാണ് ബി ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.