കര്‍ണാടകയില്‍ യെദിയൂരപ്പ അനുഭാവിയായ ഒരു നിയമസഭാംഗം കൂടി രാജി നല്‍കി
Friday, February 1, 2013 2:15 PM IST
ബാംഗളൂര്‍: കര്‍ണാടകയില്‍ യെദിയൂരപ്പ അനുഭാവിയായ ഒരു നിയമസഭാംഗം കൂടി രാജി നല്‍കി. കഴിഞ്ഞ ദിവസം 13 എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് ചിക്കമഗലൂരിലെ താരിക്കേര്‍ മണ്ഡലത്തിലെ എംഎല്‍എ ഡി.എസ് സുരേഷ് ഇന്ന് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ജന്‍മനാടായ മടിക്കേരിയിലുള്ള സ്പീക്കര്‍ കെ.ജി ബൊപ്പയ്യ രാജി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച മാത്രമേ ബാംഗളൂരിലെ ഓഫീസിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നും അതിനുശേഷം രാജി സ്വീകരിക്കാമെന്നുമായിരുന്നു സ്പീക്കറുടെ മറുപടി.

രാജിക്കത്ത് കൈപ്പറ്റിയതായി മറുപടി അറിയിക്കണമെന്നും തനിക്ക് ശനിയാഴ്ച യെദിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിയില്‍ ചേരാനുള്ളതാണെന്നും സുരേഷ് അറിയിച്ചെങ്കിലും ഓഫീസിലെത്തിയ ശേഷമേ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാനാകൂവെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ച 13 എംഎല്‍എമാരില്‍ ഒരാളുടെ രാജിക്കത്തില്‍ പിശക് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. ഇരുവരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ സഭയില്‍ ബിജെപിയുടെ അംഗബലം സ്പീക്കര്‍ ഉള്‍പ്പെടെ 104 പേരായി ചുരുങ്ങും. ആറ് സ്വതന്ത്ര അംഗങ്ങളെ ആശ്രയിച്ചായിരിക്കും ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയുടെ പിന്നീടുള്ള നിലനില്‍പ്. 225 അംഗ സഭയില്‍ നിലവില്‍ 211 പേര്‍ മാത്രമാണുള്ളത്. ബാക്കി 14 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.