ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കു​​ന്ന​​ത് ആ​​പ​​ത്ത്
വ്യ​​ത്യ​​സ്ത ഭാ​​ഷ​​ക​​ളു​​ടെ​​യും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന സം​​സ്കാ​​ര​​ങ്ങ​​ളു​​ടെയും സ​​മ്പ​​ന്ന​​ത​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടി​​ത്ത​​റ​​യും ക​​രു​​ത്തും എ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ത്തെ പൂ​​ർ​​ണ​​മാ​​യും ത​​മ​​സ്ക​​രി​​ക്കു​​ന്ന​​താ​​ണ് ഏ​​ക​​ഭാ​​ഷാ​​വാ​​ദം. രാ​​ജ്യ​​ത്തെ ഒ​​രു​​മി​​പ്പി​​ക്കാ​​ൻ ഹി​​ന്ദി ഭാ​​ഷ​​യ്ക്കാ​​ണു ക​​ഴി​​യു​​ക
എ​​ന്ന നി​​ല​​പാ​​ടു യു​​ക്തി​​ര​​ഹി​​ത​​മാ​​ണ്.


രാ​​ജ്യ​​മെ​​ങ്ങും ഒ​​രു ഭാ​​ഷ എ​​ന്ന നി​​ല​​പാ​​ട് ആ​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടു കേ​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ ​​ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ക​​ടു​​ത്ത ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്ന​​താ​​ണ്. വ്യ​​ത്യ​​സ്ത ഭാ​​ഷ​​ക​​ളു​​ടെ​​യും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന സം​​സ്കാ​​ര​​ങ്ങ​​ളു​​ടെയും സ​​മ്പ​​ന്ന​​ത​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടി​​ത്ത​​റ​​യും ക​​രു​​ത്തും എ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ത്തെ പൂ​​ർ​​ണ​​മാ​​യും ത​​മ​​സ്ക​​രി​​ക്കു​​ന്ന​​താ​​ണ് ഏ​​ക​​ഭാ​​ഷാ​​വാ​​ദം. നി​​ക്ഷി​​പ്ത രാ​​ഷ്‌​​ട്രീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ​​ പേ​​രി​​ൽ ഉ​​ണ​​ർ​​ത്തി​​വി​​ടു​​ന്ന ഭാ​​ഷാ വി​​വാ​​ദം ജ​​ന​​ങ്ങ​​ളെ ത​​മ്മി​​ല​​ടി​​പ്പി​​ക്കാ​​നും അവരിൽ വി​​ഭ​​ാഗീയ​​ചി​​ന്ത വ​​ള​​ർ​​ത്താ​​നും മാ​​ത്ര​​മേ ഉ​​പ​​ക​​രി​​ക്കൂ എ​​ന്ന​​തി​​നു ച​​രി​​ത്രം സാ​​ക്ഷി​​യാ​​ണ്. 17.61 ല​​ക്ഷം പേ​​ർ മാ​​ത്രം സം​​സാ​​രി​​ക്കു​​ന്ന, മ​​ണി​​പ്പൂ​​രി​​ലെ മെ​​യ്തി ഭാ​​ഷയ്ക്കു മു​​ത​​ൽ 52.8 കോ​​ടി ജ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഹി​​ന്ദി​​ക്കു​​വ​​രെ ഓരോന്നിനും അ​​തി​​ന്‍റേ​​താ​​യ പ്രാ​​ധാ​​ന്യ​​വും അംഗീകാരവും ന​​ൽ​​കു​​ന്ന ഇ​​ന്ത്യ​​ൻ സം​​സ്കാ​​ര​​ത്തെ വ്ര​​ണ​​പ്പെ​​ടു​​ത്തുന്ന​​തു​​കൂ​​ടി​​യാ​​ണ് ഏ​​ക​​ഭാ​​ഷാ​​വാ​​ദം.

ഭ​​ര​​ണ​​ഘ​​ട​​നാ ശി​​ല്പി​​ക​​ള​​ട​​ക്ക​മു​ള്ള​വ​ർ സു​​ദീ​​ർ​​ഘ​​മാ​​യി ച​​ർ​​ച്ച​​ചെ​​യ്തു കൈ​​ക്കൊ​​ണ്ട നി​​ല​​പാ​​ടു​​ക​​ളെ ത​​ള്ളി​​ക്കൊ​​ണ്ട് ഇ​​പ്പോ​​ൾ ഹി​​ന്ദി​​യെ ദേ​​ശീ​​യ​​ഭാ​​ഷ​​യാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തി​​നു​​പി​​ന്നി​​ൽ പ​​ല നി​​ഗൂ​ഢ താ​​ത്പ​​ര്യ​​ങ്ങ​​ളു​​മു​​ണ്ടെ​​ന്ന വി​​മ​​ർ​​ശ​​ന​​മു​​യ​​രു​​ന്നു​​ണ്ട്. ഒ​​രു രാ​​ജ്യം-ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ്, ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് തു​​ട​​ങ്ങി​​യ അ​​ജ​ൻ​ഡ​​ക​​ൾ ഏകഭാഷാവാദത്തോടു കൂ​​ട്ടി​​വാ​​യി​ക്ക​​ണം. പ്ര​​തി​​പ​​ക്ഷ​​സ്വ​​ര​​ത്തെ തീ​​ർ​​ത്തും അ​​വ​​ഗ​​ണി​​ക്കു​​ന്ന ര​​ണ്ടാം മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​ശൈ​​ലി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ൾ ആ​​ഭ്യ​​​ന്ത​​ര​​മ​​ന്ത്രി​​യു​​ടേ​​തു ഹി​​ന്ദിദി​​നാ​​ച​​ര​​ണ​​ത്തോടു ബന്ധപ്പെട്ടു നടത്തിയ വെറും പ്ര​​സം​​ഗ​​മാ​​യി കാ​​ണാ​​നാ​​വി​​ല്ല. രാ​​ജ്യം നേ​​രി​​ടു​​ന്ന ഗു​​രു​​ത​​ര​​മാ​​യ സാ​​മ്പ​​​ത്തി​​ക പ്ര​​തി​​സ​​ന്ധി, തൊ​​ഴി​​ലി​​ല്ലാ​​യ്മ തു​​ട​​ങ്ങി​​യ അ​​ടി​​യന്തര പ്ര​​ശ്ന​​ങ്ങ​​ളി​​ൽ​​നി​​ന്നു ജ​​ന​​ശ്ര​​ദ്ധ ​തി​​രി​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണ് ഇ​​തെ​​ന്നു ക​​രു​​തു​​ന്ന​​വ​​രു​​മു​​ണ്ട്.

രാ​​ജ്യ​​ത്തെ ഒ​​രു​​മി​​പ്പി​​ക്കാ​​ൻ ഹി​​ന്ദി ഭാ​​ഷ​​യ്ക്കാ​​ണു ക​​ഴി​​യു​​ക എ​​ന്ന നി​​ല​​പാ​​ടു യു​​ക്തി​​ര​​ഹി​​ത​​മാ​​ണ്. 2011ലെ ​​സെ​​ൻ​​സ​​സ് പ്ര​​കാ​​രം രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ​​യു​​ടെ 43.63 ശ​​ത​​മാ​​നം പേ​​ർ മാ​​ത്ര​​മാ​​ണു ഹി​​ന്ദി പ്ര​​ധാ​​ന ഭാ​​ഷ​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. 25 ശ​​ത​​മാ​​നം പേ​​ർ​​ക്കു മാ​​ത്ര​​മാ​​ണു ഹി​​ന്ദി മാ​​തൃ​​ഭാ​​ഷ. നി​​ര​​വ​​ധി വ​​ക​​ഭേ​​ദ​​ങ്ങ​​ളും ഹി​​ന്ദി​​ക്കു​​ണ്ട്. മറ്റു ഭാ​​ഷകൾ സം​​സാ​​രി​​ക്കു​​ന്ന​​വ​​ർ ജ​​ന​​സം​​ഖ്യ​​യു​​ടെ 56.37 ശ​​ത​​മാ​​ന​​മാ​​ണ്. 19,569 ഭാ​​ഷാ​​ഭേ​​ദ​​ങ്ങ​​ളാ​​ണു രാ​​ജ്യ​​ത്തു​​ള്ള​​ത്. 1,369 മാ​​തൃ​​ഭാ​​ഷ​​ക​​ളു​​ണ്ട്. ഇ​​തി​​ൽ​​നി​​ന്ന് പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ സം​​സാ​​രി​​ക്കു​​ന്ന​​വ​​യെ മാത്രം ഉ​​ൾ​​പ്പെ​​ടു​​ത്തി 121 ഭാ​​ഷ​​ക​​ളാ​​യി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. ഇ​​തി​​ൽ 22 ഭാ​​ഷ​​ക​​ളാ​​ണു ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ എ​​ട്ടാം ഷെ​​ഡ്യൂ​​ളി​​ൽ​​പെടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഹി​​ന്ദി ക​​ഴി​​ഞ്ഞാ​​ൽ കൂ​​ടു​​ത​​ൽ പേ​​ർ സം​​സാ​​രി​​ക്കു​​ന്ന​​തു ബം​​ഗാ​​ളി​​യാ​​ണ്. 9.7 കോ​​ടി ജ​​ന​​ങ്ങ​​ളാ​​ണു ബം​​ഗാ​​ളി സം​​സാ​​രി​​ക്കു​​ന്ന​​ത്. 8.3 കോ​​ടി പേ​​ർ മ​​റാ​​ത്തി സം​​സാ​​രി​​ക്കു​​ന്നു. തെലുങ്ക്, ത​​മി​​ഴ്, ഗു​​ജ​​റാ​​ത്തി, ഉ​​റു​​ദു, ക​​ന്ന​​ഡ, ഒ​​ഡി​​യ, മ​​ല​​യാ​​ളം, പ​​ഞ്ചാ​​ബി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ഭാ​​ഷ​​ക​​ളു​​ടെ ക്രമം.

ഭാ​​ഷാ​വൈ​​വി​​ധ്യം തെ​​ളി​​യി​​ക്കു​​ന്ന​​തി​​നു​​ള്ള ഗ്രീ​​ൻ​​ബ​​ർ​​ഗ് ഡൈ​​വേ​​ർസി​​റ്റി ഇ​​ൻ​​ഡ​​ക്സ് പ്ര​​കാ​​രം ര​​ണ്ട് ഇ​​ന്ത്യ​​ക്കാ​​രെ എ​​ടു​​ത്താ​​ൽ അ​​വ​​ർ വ്യ​​ത്യ​​സ്ത ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന​​വ​​രാ​​കാ​​നു​​ള്ള സാ​​ധ്യ​​ത 91.4 ശ​​ത​​മാ​​ന​​മാ​​ണ്. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഹി​​ന്ദി ഏ​​ക​​ഭാ​​ഷ​​യാ​​ക്കു​​ക എ​​ന്ന​​ത് അ​​പ്ര​​സ​​ക്ത​​മാ​​ണ്. ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യ്ക്കും ഇ​​ത് ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ​​ത​​ന്നെ ക​​ഴി​​യി​​ല്ല. ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും ബം​​ഗാ​​ളി​​ൽ​​നി​​ന്നും ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഇ​​തി​​നോ​​ട​​കം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ഭാ​​ഷാ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള സം​​സ്ഥാ​​ന രൂ​​പവത്​​ക​​ര​​ണ​​ത്തെ ത​​ള്ളി​​പ്പ​​റ​​യു​​ന്ന​​താ​​ണ് ഏ​​ക​​ഭാ​​ഷാ​​വാ​​ദം. രാ​​ജ്യ​​ത്തി​​ന്‍റെ ഫെ​​ഡ​​റ​​ൽ സം​​വി​​ധാ​​ന​​ത്തെ​​യും ഇ​​തു ചോ​​ദ്യം​​ചെ​​യ്യു​​ന്നു. ദേ​​ശ​​സം​​സ്‌​​കൃ​​തി​​യു​​ടെ ന​​ട്ടെ​​ല്ലാ​​ണു മാ​​തൃ​​ഭാ​​ഷ. മൗ​​ലി​​ക​​വും അ​​ടി​​സ്ഥാ​​ന​​പ​​ര​​വു​​മാ​​യ ആ​​ശ​​യ​​വി​​നി​​മ​​യ​​വും സ​​ങ്കീ​​ര്‍​ണ​​മാ​​യ മാ​​ന​​സി​​ക​​ഭാ​​വ​​ങ്ങ​​ളു​​ടെ സം​​വേ​​ദ​​ന​​വും നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഓ​​രോ ദേ​​ശ​​ത്തി​​ന്‍റെയും സം​​സ്‌​​കൃ​​തി​​യും പാ​​ര​​മ്പ​​ര്യ​​വും പൈ​​തൃ​​ക​​വും കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന​​തും ഭാ​​ഷ​​യി​​ലൂ​​ടെ​​യാ​​ണ്. രാ​​ജ്യം മു​​ഴു​​വ​​ൻ ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചാ​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ സാം​സ്കാ​​രി​​ക വൈ​​വി​​ധ്യം​ ത​​ക​​രും.

ഹി​​ന്ദി​​യെ രാ​​ഷ്‌​​ട്ര​​ഭാ​​ഷ​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ഭ​​ര​​ണ​​ഘ​​ട​​നാ അ​​സം​​ബ്ലി​​യി​​ൽ​​പോ​​ലും വ​​ലി​​യ ച​​ർ​​ച്ച​​ക​​ളും കോ​​ലാ​​ഹ​​ല​​ങ്ങ​​ളും ന​​ട​​ന്നി​​രു​​ന്നു. ഹി​​ന്ദി അ​​റി​​യാ​​ത്ത​​വ​​ർ​​ക്ക് ഇ​​ന്ത്യ​​യി​​ൽ താ​​മ​​സി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യി​​ല്ലെ​​ന്ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള അം​​ഗം ആ​​ർ.​​വി. ധു​​ലേ​​ക്ക​​ർ പ​​റ​​ഞ്ഞതു ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രുടെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​ത്തിന് ഇടയാക്കി. സു​​ദീ​​ർ​​ഘ​​മാ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ ഹി​​ന്ദി​​യും ഇം​​ഗ്ലിഷും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണ​​ഭാ​​ഷ​​കളാ​​യി അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. പതിനഞ്ചു വ​​ർ​​ഷ​​ത്തി​​ന​​കം ഇം​​ഗ്ലി​​ഷി​​ന്‍റെ പ്രാ​​ധാ​​ന്യം കു​​റ​​ച്ച് ഹി​​ന്ദി​​യുടെ പ്രാ​​ധാ​​ന്യം വർധിപ്പിക്ക​​ണ​​മെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ടു. ഇ​​തു​​പ്ര​​കാ​​രം വന്ന 1963ലെ ​​ഔ​​ദ്യോ​​ഗി​​ക ഭാ​​ഷാ ബില്ലിനെ​​ച്ചൊ​​ല്ലി​​യും ത​​ർ​​ക്ക​​ങ്ങ​​ളു​​ണ്ടാ​​യി. ത​​മി​​ഴ്നാ​​ട്ടി​​ലാ​​ണു വ​​ലി​​യ ക​​ലാ​​പങ്ങൾ ന​​ട​​ന്ന​​ത്. എ​​ഴു​​പ​​തോ​​ളം​​പേർ കൊ​​ല്ല​​പ്പെ​​ട്ടു. ത​​മി​​ഴ്നാ​​ട് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ​​നി​​ന്ന് കോ​​ൺ​​ഗ്ര​​സി​​നെ ഏതാണ്ടു പുറത്താക്കി​​യ​​തും പ്ര​​സ്തു​​ത പ്ര​​ക്ഷോ​​ഭ​​മാ​​യി​​രു​​ന്നു.

ഗാ​​ന്ധി​​ജി​​യെയും സ​​ർ​​ദാ​​ർ വ​​ല്ല​​ഭ​​ഭാ​​യി പ​​ട്ടേ​​ലി​​നെ​​യും കൂ​​ട്ടു​​പി​​ടി​​ച്ചാ​​ണ് ഇപ്പോൾ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ഹി​​ന്ദി​​യു​​ടെ പ്രാ​​ധാ​​ന്യം ചൂണ്ടിക്കാണിക്കുന്ന​​ത്. എ​​ന്നാ​​ൽ, ഹി​​ന്ദി​​ക്കു പ്ര​​ചാ​​രം ന​​ൽ​​കാ​​ൻ പ്ര​​യ​​ത്നി​​ച്ച ഗാ​​ന്ധി​​ജി​​യും പ​​ട്ടേ​​ലും ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​ണ​​മെ​​ന്ന നി​​ല​​പാ​​ടു​​കാ​​രാ​​യി​​രു​​ന്നി​​ല്ല. ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന​​ത്തി​​നാ​​യി ഹി​​ന്ദി​​ക്കു പ്രോ​​ത്സാ​​ഹ​​ന​​ം ന​​ൽ​​കു​​ന്ന​​തു സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്. നി​​ല​​വി​​ലെ ത്രി​​ഭാ​​ഷാ സം​​വി​​ധാ​​ന​​ത്തി​​ൽ നി​​ല​​നി​​ന്നു​​കൊ​​ണ്ടു​​ത​​ന്നെ ഹി​​ന്ദി​​ക്കു കൂ​​ടു​​ത​​ൽ പ്ര​​ചാ​​രം ന​​ൽ​​കു​​ന്ന​​തും അ​​ഭി​​കാ​​മ്യ​​മാ​​ണ്. രാ​ജ്യ​ത്തു കൂ​ടു​ത​ൽ ഹിന്ദി ഉപയോഗിക്കാ​മെ​ന്ന​തി​നാ​ൽ ആ ഭാഷ പ​ഠി​ക്കു​ന്ന​തു ഗു​ണ​ക​ര​ം തന്നെ. ഹി​​ന്ദി നി​​ർ​​ബ​​ന്ധി​​ത പാ​​ഠ്യ​​വി​​ഷ​​യ​​മാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തി​​ന്‍റെ ക​​ര​​ടി​​ലെ നി​​ർ​​ദേ​​ശ​​ത്തി​​നെ​​തി​​രേ വ​​ലി​​യ എ​​തി​​ർ​​പ്പ് അ​​ടു​​ത്തി​​ടെ​ ഉ​​യ​​ർ​ന്നി​രു​ന്നു. ആ​​റാം ക്ലാ​​സ് മു​​ത​​ൽ ഹി​​ന്ദി നി​​ർ​​ബ​​ന്ധ​​ിതമാ​​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​ർ​​ദേ​​ശം പി​​ൻ​​വ​​ലി​​ക്ക​​പ്പെ​​ട്ടു.

ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ ഇ​​ന്ത്യ​​യു​​ടെ യ​​ശ​​സ്സ് ഉ​​യ​​ർ​​ത്താ​​നു​​ള്ള കു​​റു​​ക്കു​​വ​​ഴി​​യാ​​യി ഹി​​ന്ദി​​യെ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന​​തു സാ​​മാ​​ന്യ​​ബു​​ദ്ധി​​ക്കു നി​​ര​​ക്കു​​ന്ന​​ത​​ല്ല. സ്ഥി​​ര​​ത​​യു​​ള്ള സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യും മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സ​​വും തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ളും മതേതരത്വവും ഉ​​ത്കൃ​​ഷ്ട​​മാ​​യ നീ​​തി​​ന്യാ​​യ ​വ്യ​​വ​​സ്ഥ​​യും ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് അ​​തി​​നാ​​യി ചെ​​യ്യേ​​ണ്ട​​ത്. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ചി​​ന്ത​​ക​​ളും ഇ​​ത്ത​​രം മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഉ​​ണ്ടാ​​വേ​​ണ്ട​​തും. എ​​ന്നാ​​ൽ, ക​​ട​​മ​​ക​​ൾ മ​​റ​​ന്നു​​കൊ​​ണ്ടു വി​​വാ​​ദ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​നാ​​ണു പ​​ല​​പ്പോ​​ഴും നേ​​താ​​ക്ക​​ൾ​​ക്കു താ​​ത്പ​​ര്യം. നാ​​നാ​​ത്വ​​ത്തി​​ലെ ഏ​​ക​​ത്വം ഭാ​​ര​​ത​​സം​​സ്കാ​​ര​​ത്തി​​ന്‍റെ ആ​​ണി​​ക്ക​​ല്ലാ​​ണ്. ആ ബ​​ഹു​​സ്വ​​ര​​ത​​യു​​ടെ പ്രാ​​ധാ​​ന്യം ഇ​​ല്ലാ​​താ​​ക്കാ​​ൻ ന​​ട​​ക്കു​​ന്ന ഏ​​തൊ​​രു ശ്ര​​മ​​വും എ​​തി​​ർ​​ക്ക​​പ്പെ​​ടേ​​ണ്ട​​തുതന്നെ.