നാടിനു കളങ്കമായി ദുരഭിമാനക്കൊല
പുരോഗമന നാട്യങ്ങളുള്ള കേരളത്തിന്റെ പ്രതിച്ഛായയിൽ കളങ്കം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള കർക്കശ നടപടികൾ
ഉണ്ടാവണം.
പാലക്കാട് തേങ്കുറിശിയിൽ മകളെ പ്രണയിച്ചു വിവാഹംകഴിച്ച യുവാവിനെ ഭാര്യവീട്ടുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസ് സമ്പൂർണ സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളത്തിനു കളങ്കമായി. സാംസ്കാരികമായി ഉയർന്ന നിലയിലാണെന്നു പറയുമ്പോഴും ഇവിടെ ദുരഭിമാനക്കൊലകൾ അരങ്ങേറുന്ന ലജ്ജാകരമായ സ്ഥിതിവിശേഷം നാടിന് ഒട്ടുംതന്നെ അഭിലഷണിയമല്ല. തേങ്കുറിശി മാങ്കുളത്ത് ഇലമന്ദം അറുമുഖന്റെ മകൻ അനീഷ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യാപിതാവ് പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ് എന്നിവർ അറസ്റ്റിലായി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് അനീഷും ദീർഘകാല സുഹൃത്തായിരുന്ന ഹരിതയും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നത്. താഴ്ന്ന ജാതിക്കാരനായ അനീഷിനെ വിവാഹംകഴിക്കുന്നതിൽ പെൺകുട്ടിയുടെ കുടുംബത്തിനു വലിയ എതിർപ്പുണ്ടായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. വിവാഹശേഷം അനീഷിനും കുടുംബത്തിനുംനേരേ നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നതായി പറയുന്നു. പ്രാഥമിക നിഗമനത്തിൽ, ജാതീയവും സാന്പത്തികവുമായ വിഷയങ്ങളാണു കൊലയ്ക്കു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പുരോഗമന നാട്യങ്ങളുള്ള കേരളത്തിന്റെ പ്രതിച്ഛായയിൽ കളങ്കം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള കർക്കശ നടപടികൾ ഉണ്ടാവണം.
ജാതിവഴക്കിന്റെയും ദുരഭിമാനക്കൊലയുടെയുമൊക്കെ അപമാനകരമായ നിരവധി കഥകൾ തമിഴ്നാട്ടിൽനിന്നും ഹരിയാനയിൽനിന്നുമൊക്കെ അടുത്തയിടെ പുറത്തുവന്നപ്പോഴും കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നു നാം വിശ്വസിച്ചിരുന്നു. തേങ്കുറിശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെയും ഭാര്യ ഹരിതയുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ അകലമേയുള്ളൂ. മറ്റൊരു വിവാഹത്തിനു വീട്ടുകാർ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഹരിത അനീഷിനൊപ്പം ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചത്. മൂന്നു മാസത്തിൽ താഴെയേ താലി കഴുത്തിലുണ്ടാകൂ എന്ന് അന്നു വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി ഹരിത പറയുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്നു പ്രഭുകുമാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകുടുംബങ്ങളെയും പോലീസ്സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. അനീഷിനൊപ്പം ജീവിക്കാനാണു തീരുമാനമെന്ന് ഹരിത അറിയിച്ചതോടെ പ്രശ്നങ്ങളില്ലാതെ പിരിഞ്ഞുപോയെന്നാണു പോലീസ് ഭാഷ്യം. എന്നാൽ പിന്നീടും അനീഷിനെ ഭാര്യവീട്ടുകാർ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നുവത്രേ.
വാശിയും വൈരവും ഉപേക്ഷിക്കാൻ രണ്ടുകൂട്ടരും തയാറായില്ല എന്നാണല്ലോ കൊലപാതകത്തിലെത്തിയ സംഭവപരമ്പരയിൽനിന്ന് അനുമാനിക്കേണ്ടത്. മക്കളെ നല്ലനിലയിൽ വിവാഹംചെയ്തയയ്ക്കാൻ ഏതു മാതാപിതാക്കൾക്കും ഉത്കണ്ഠയുണ്ടാകും. സാന്പത്തിക സുസ്ഥിരത ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ പരിഗണിക്കും. ഭാവനാലോകത്തു വിഹരിക്കുന്ന പ്രണയജോടികൾ അതൊന്നും ചെവിക്കൊള്ളണമെന്നില്ല. എന്നാൽ, പറഞ്ഞുതീർക്കാവുന്ന പിണക്കങ്ങൾ ദുരഭിമാനക്കൊലകളിലേക്ക് എത്തുന്നത് കേരളസമൂഹത്തിനു സംഭവിച്ച ദുരവസ്ഥയാണു പ്രതിഫലിപ്പിക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് മുക്കാൽ നൂറ്റാണ്ട് തികയുന്പോഴും ജാതിചിന്തയും അയിത്തവുംപോലുള്ള സാമൂഹിക അനാചാരങ്ങളിൽനിന്നു മുക്തി നേടാൻ നമുക്കായിട്ടില്ല എന്നതാണു ദുഃഖകരമായ വസ്തുത. ജാതിയും മതവുമൊക്കെ ജനജീവിതത്തെ വലിയ അളവിൽ സ്വാധീനിക്കുന്ന സജീവ യാഥാർഥ്യങ്ങളായി ഇവിടെ നിലനിൽക്കുന്നു. നൂറ്റാണ്ടുകൾ നിലനിന്ന സാമൂഹിക ക്രമങ്ങളും ആചാരങ്ങളും അനാചാരങ്ങളും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ലല്ലോ. പക്ഷേ, സാമൂഹിക പരിഷ്കർത്താക്കളുടെ പരിശ്രമങ്ങൾക്കു വളരെയേറെ ഫലമുണ്ടായിട്ടുണ്ട് എന്നതും കാണാതിരുന്നുകൂടാ. ജാതിവ്യവസ്ഥ തീവ്രമായി നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ പിന്നാക്ക പ്രദേശങ്ങളിലും സ്വന്തം ജാതിക്കു പുറത്തുള്ള വിവാഹം അംഗീകരിക്കാൻ മടികാണിക്കുന്നവർ ഇന്നും ഏറെയുണ്ട്. മിശ്രവിവാഹം അംഗീകരിക്കുന്നതു ജാതിവ്യവസ്ഥയുടെ തറക്കല്ലിളക്കുമെന്ന് അവർ കരുതുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കിടയിലാണ് ഇത്തരം പ്രശ്നങ്ങളും എതിർപ്പുകളും കൂടുതലുള്ളത് എന്നതും ശ്രദ്ധിക്കേണ്ട കാര്യം.
ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങൾ പലതിലും രാഷ്ട്രീയംതന്നെ നിയന്ത്രിക്കപ്പെടുന്നതു ജാതിയുടെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ്. അനാചാരങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ടവർതന്നെ അതു രാഷ്ട്രീയനേട്ടങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്പോൾ സാമൂഹിക മാറ്റങ്ങളുണ്ടാകാൻ വൈകുന്നതിൽ അദ്ഭുതമില്ല. അടുത്തകാലത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ദുരഭിമാനക്കൊലകളിൽ മിക്കതിലും പ്രതിസ്ഥാനത്തു വന്നിട്ടുള്ളതു പെൺകുട്ടികളുടെ വീട്ടുകാരാണ്. വരൻ താഴ്ന്ന ജാതിയിൽപ്പെട്ട ആളാകുന്നതാണ് അംഗീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള അവസ്ഥ സൃഷ്ടിക്കുന്നത്. എല്ലാ മിശ്രവിവാഹങ്ങളും ദുരഭിമാനക്കൊലയിലേക്കു നയിക്കപ്പെടുന്നില്ല എന്നും കാണാം. ഇന്ത്യയിൽ പല നാണംകെട്ട അനാചാരങ്ങളും നിലനിന്ന കാലത്തും കേരളം പുരോഗമന നടപടികളിലൂടെ പല സാമൂഹിക മാറ്റങ്ങളും കൊണ്ടുവരാൻ ശ്രമിച്ച സംസ്ഥാനമാണ്. എന്നാൽ, വർഗീയതയുടെ അതിപ്രസരം കേരളത്തെയും ബാധിച്ചുവോ എന്നു സംശയിക്കേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിന്റെ പ്രതിഫലനങ്ങളല്ലേ ദുരഭിമാനക്കൊലപോലുള്ള സംഭവങ്ങളിലും കാണുന്നത്? നമ്മുടെ പുരോഗമന നാട്യങ്ങളുടെ മുഖംമൂടികൾ വലിച്ചുകീറുന്ന ഇത്തരം ക്രൂരതകളിൽനിന്ന് നാടിനെ രക്ഷിക്കാൻ കൂട്ടായ ചിന്തയും പരിശ്രമവും ആവശ്യമുണ്ട്.