വിഷപ്പുക കൊച്ചിയെ ഗ്രസിച്ചിട്ടുണ്ടെന്നതും അതു ശ്വസിച്ചാൽ ഹാനികരമാണെന്നതിലും അധികൃതർക്കും സംശയമില്ല. ഇനിയറിയേണ്ടത് ഇതിന്റെ കാരണങ്ങളാണ്.
കൊച്ചി യുദ്ധഭൂമിക്കു സമാനമായിരിക്കുന്നു. വീടിനു പുറത്ത് വിഷപ്പുകയും അകത്ത് നീക്കംചെയ്യാത്ത മാലിന്യവുമായി ജനങ്ങൾ സഹിക്കുന്ന ദുരിതം നാലു ദിവസം പിന്നിട്ടു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ അഗ്നിബാധയാണ് നഗരത്തെയും പരിസരപ്രദേശങ്ങളെയും യുദ്ധമേഖലയിലെന്നപോലെ പുകപടലം മൂടിക്കളഞ്ഞത്. വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കി. കാര്യങ്ങൾ നിയന്ത്രണവിധേയമായെങ്കിലും പലയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്തിട്ടില്ല.
തീപിടിത്തം അട്ടിമറിയാണോയെന്നതിൽ അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ, ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നില്ലെന്ന കാര്യം മാധ്യമങ്ങൾ ഉൾപ്പെടെ മുന്നറിയിപ്പു നൽകിയിരുന്നതാണ്. അമിതമായ തോതിൽ കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. അതായത്, ഈ ദുരന്തം വരുത്തിവച്ചതാണെന്നു പറയേണ്ടിവരും. അട്ടിമറിയായാലും കോർപറേഷന്റെ കെടുകാര്യസ്ഥതയായാലും കുറ്റവാളികൾക്കു പുകമറയിൽ ഒളിക്കാൻ വഴിയൊരുക്കരുത്. അല്ലെങ്കിൽ ഇനിയുമിത് ആവർത്തിക്കും.
തീപിടിത്തവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും പക്ഷേ, ജാഗ്രത വേണമെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ശ്വാസംമുട്ടലും ആസ്ത്മയും ഉള്ളവരും ഗർഭിണികളും കുട്ടികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു മുന്നറിയിപ്പും നൽകി. അതൊക്കെ ആരോഗ്യസുരക്ഷയുടെ ഉത്തരവാദിത്വം ജനങ്ങൾക്കാണെന്ന ഓർമപ്പെടുത്തൽ മാത്രമാണ്. ഫ്യൂറാൻ, മെർക്കുറി, പോളി ക്ലോറിനേറ്റഡ് ബൈഫീനൈൽസ്, ഡയോക്സീനുകൾ തുടങ്ങിയവയൊക്കെ വായുവിൽ നിറഞ്ഞിരിക്കുകയാണ്. പിഎം 2.5 വായൂ മലിനീകരണത്തോത് തീപിടിത്തത്തോടെ 66 മൈക്രോഗ്രാമിൽനിന്ന് 105 മൈക്രോഗ്രാമായിട്ടാണ് ഉയർന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണത്തോത് ആരോഗ്യത്തിനു ഹാനികരമാണെന്നിരിക്കേയാണ് ഇത് അപകടകരമായ നിലയിലേക്ക് ഉയർന്നിരിക്കുന്നത്. അധികാരികളുടെ നിർദേശാനുസരണം വീടുകൾക്കുള്ളിൽത്തന്നെ കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, വിഷപ്പുക വീടുകൾക്കുള്ളിലും കയറും. ഏതായാലും വിഷപ്പുക കൊച്ചിയെ ഗ്രസിച്ചിട്ടുണ്ടെന്നതും അതു ശ്വസിച്ചാൽ ഹാനികരമാണെന്നതിലും അധികൃതർക്കും സംശയമില്ല. ഇനിയറിയേണ്ടത് ഇതിന്റെ കാരണങ്ങളാണ്.
തീയണയ്ക്കാനുള്ള അധികൃതരുടെ ശ്രമത്തെ ആരും കുറച്ചുകാണുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിരക്ഷാസേനയുടേത് അടക്കം 27 ഫയര്‍ എന്‍ജിനുകളും നേവിയുടെ ഹെലികോപ്റ്ററും പരിശ്രമങ്ങൾ നടത്തുകയായിരുന്നു. മൂന്നു ദിവസത്തെ ശ്രമത്തിനൊടുവിൽ തീ ആളിക്കത്തുന്ന സാഹചര്യം ഒഴിവാക്കാനായെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍നിന്നും തീ ഉയർന്നത് വിഷപ്പുക കൂടുതൽ ഇടങ്ങളിലേക്കു വ്യാപിക്കാൻ കാരണമായി. തീ അണയ്ക്കുന്നതിന് സമീപജില്ലകളിൽനിന്ന് ഉൾപ്പെടെയുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളും നേവി, കൊച്ചിന് റിഫൈനറി എന്നിവയുടെ യൂണിറ്റുകളുമെത്തി. ശക്തിയായി വീശിയ കാറ്റും തീയണയ്ക്കൽ ദുഷ്കരമാക്കി. അഗ്നിബാധയെത്തുടർന്ന് മാലിന്യനീക്കം തടസപ്പെട്ടു. വീടുകളിലും ഹോട്ടലുകളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഇടയ്ക്ക് മാലിന്യം കുറേയൊക്കെ ശേഖരിച്ചെങ്കിലും റോഡരികിൽ ഉൾപ്പെടെ പലയിടത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. കൂടുതൽ പരിസരമലിനീകരണത്തിന് ഇടയാക്കുന്ന ഈ മാലിന്യശേഖരവും ഉടനെ നീക്കം ചെയ്യേണ്ടതുണ്ട്. ശ്വാസം മുട്ടി നിൽക്കുന്ന കൊച്ചിക്ക് ഒരു പകർച്ചവ്യാധികൂടി താങ്ങാനാവില്ലെന്നത് അധികൃതർ മറക്കരുത്.
ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമായെങ്കിലും ഭാവിയിലും ഈ ദുരന്തം ആവർത്തിക്കാനുള്ള സാധ്യത ബാക്കിയാണ്. കൊച്ചിപോലെ ജനസാന്ദ്രത കൂടിയ പ്രദേശത്തുള്ള മാലിന്യസംസ്കരണകേന്ദ്രം കൂടുതൽ ഉത്തരവാദിത്വത്തോടെ പരിപാലിക്കേണ്ടതാണെന്ന ഗൗരവതരമായ കാര്യം കൊച്ചി കോർപറേഷൻ വിസ്മരിച്ചെന്നും ആരോപണമുണ്ട്. ബയോമൈനിംഗ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞിരുന്നെന്നും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ബോർഡ് കൊച്ചി കോർപറേഷന് 1.8 കോടി രൂപ പിഴയും ചുമത്തി. 15 ദിവസത്തിനകം കോർപറേഷൻ വിശദീകരണം നൽകണമെന്നാണ് നിർദേശം.
കോർപറേഷന്റെ കെടുകാര്യസ്ഥതയുടെ ഫലമായി മലിനീകരണ നിയന്ത്രണ ബോർഡിനു പിഴത്തുക ലഭിച്ചു. പക്ഷേ, ആ തുക കൊച്ചിയിലെ ജനങ്ങളുടെ നികുതിപ്പണമാണ്. വിഷപ്പുകയുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ച അതേ ജനങ്ങളുടെ പണം. കോർപറേഷനിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ ഒന്നും ഒരു നഷ്ടവുമില്ല. ഇതെന്തു നീതിയാണ്? അഗ്നിബാധ അട്ടിമറിയാണോയെന്നതു മാത്രമല്ല, യഥാസമയം മാലിന്യം നീക്കം ചെയ്യാതെ സ്ഥിതി ഗുരുതരമാക്കിയ സ്ഥിതിവിശേഷവും അന്വേഷണത്തിൽ ഉൾപ്പെടുത്തണം. ഉത്തരവാദികൾ ശിക്ഷിക്കപ്പെടുകയും വേണം. അല്ലെങ്കിൽ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അകന്പടിയോടെ കൊച്ചിയെ വിഴുങ്ങാൻ വിഷപ്പുക ഇനിയുമുയരും.